ഒക്ടോബര്‍ ഒന്നിന് വടക്കാഞ്ചേരിയില്‍ നടന്ന ഒരു പുസ്തകപ്രകാശനത്തില്‍ പങ്കെടുക്കാന്‍ കുടുംബസഹിതം പോയത് ഒട്ടേറെ മധുരിക്കുന്നതും അല്ലാത്തതുമായ ഓര്‍മകള്‍ ഉണര്‍ത്താന്‍ അവസരമുണ്ടാക്കി. വടക്കാഞ്ചേരി കൃഷ്ണേട്ടന് എന്നും, കൃഷ്ണനെന്നും സര്‍വരാലും വിളിക്കുന്ന കോഴിക്കോട് ജില്ലയിലെ പയ്യോളി സ്റ്റേഷനു സമീപം മേലടി കടപ്പുറത്തുകാരന് വളപ്പില്‍ കൃഷ്ണന് എഴുതിയ ‘ഏഴു പതിറ്റാണ്ടിന്റെ സംഘജീവിതം’ ആയിരുന്നു പുസ്തകം. ശൈശവത്തില്‍തന്നെ ആരംഭിച്ച സംഘജീവിതത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ചുള്ള സ്മരണകള്‍ ചിട്ടയായി തരംതിരിച്ചവതരിപ്പിച്ച ഇത്തരം ഒരു പുസ്തകം മലയാളത്തില്‍ ആദ്യമാണെന്നുതോന്നുന്നു. 1968 ല്‍ അദ്ദേഹം വടക്കാഞ്ചേരിക്കടുത്ത വ്യാസാ കോളേജ് ഓഫീസില്‍ ജോലിക്കു ചേര്‍ന്നു. അതിനുമുമ്പ് സംഘപ്രചാരകനായി പയ്യന്നൂര്‍ മുതല്‍ ആലപ്പുഴ വരെ പലയിടങ്ങളിലും പ്രവര്‍ത്തിച്ചു. ആ ലോകപരിചയസമ്പത്തുമായാണദ്ദേഹം വടക്കാഞ്ചേരിയിലെത്തിയത്. തൃശ്ശിവപേരൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കിനെ സംഘത്തിന്റെ ശക്തിദുര്‍ഗമായി മാറ്റിയതില്‍ കൃഷ്ണന്റെ പങ്ക് വളരെ വലുതാണ്. പ്രഗല്ഭരായ പ്രചാരകന്മാരും അവിടെ പ്രവര്‍ത്തിച്ചിട്ടുണ്ടായിരുന്നു. തന്റെ പ്രവര്‍ത്തനകാലത്തെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ എഴുതിയ കുറിപ്പുകളാണ് ഒന്നാം തീയതി പ്രസിദ്ധീകരിക്കപ്പെട്ടത്.
പുസ്തകം പുറത്തിറക്കിയത് പ്രശസ്ത അഭിഭാഷകനും കവിയും ഗ്രന്ഥകാരനും മുന്‍ ബിജെപി സംസ്ഥാനാധ്യക്ഷനും ഇപ്പോള്‍ ഗോവ ഗവര്‍ണറുമായ പി.എസ്. ശ്രീധരന്‍പിള്ള ആയിരുന്നു. അവിടെ അന്നു സമ്മേളിച്ച പ്രബുദ്ധമായ സദസ്സ് ഗ്രന്ഥകാരന്റെ ജനപ്രിയതയ്ക്കും, അദ്ദേഹം നേടിയ ആദരവിനും തെളിവായിരുന്നു.
വടക്കാഞ്ചേരി എനിക്കു അത്ര പരിചിതമായ സ്ഥലമല്ല. വളരെ കുറച്ചുപേരെ മാത്രമേ ഞാന്‍ അറിയുകയുള്ളൂ. അവരില്‍ പ്രഥമഗണനീയന്‍ കേരളത്തിലെ ആദ്യകാല സംഘപ്രചാരകന് വി. കൃഷ്ണശര്‍മ്മയാണ്. ഗുരുവായൂര്‍, ചാവക്കാട്, പട്ടാമ്പി ഭാഗത്ത് പ്രചാരകനായിരുന്ന 1947, 55 കാലത്ത് അവിടങ്ങളിലെ മുസ്ലിം, കമ്യൂണിസ്റ്റ് അതിക്രമങ്ങളെ ചെറുത്തുതോല്പ്പിച്ചുതന്നെയായിരുന്നു അദ്ദേഹം ഹിന്ദുക്കളുടെ മനോവീര്യം വീണ്ടെടുത്തത്. പട്ടാമ്പിക്കടുത്ത വല്ലപ്പുഴ എന്ന സ്ഥലത്തുവെച്ച് അത്തരം ഒരാക്രമണത്തിനിരയായ ശര്‍മ്മാജി ആസന്നമരണനായി റോഡില്‍ കിടന്നപ്പോള്‍, ആ വഴി വന്ന ബസ്യാത്രക്കാരും തൊഴിലാളികളും ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആ സമയത്ത് സര്‍സംഘചാലക് ഗുരുജി ആയുര്‍വേദ ചികിത്സക്കായി പട്ടാമ്പിയില്‍ ഡോ. എ.കെ. വാര്യരുടെ വസതിയിലുണ്ടായിരുന്നു. പട്ടാമ്പി സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ അപകടനില തരണം ചെയ്തു. ചികിത്സകരുടെ അനുമതിയോടെ ഗുരുജി ശര്‍മ്മാജിയെ കാണാന്‍ ആശുപത്രിയിലെത്തിയപ്പോള്‍ ശര്‍മ്മാജിയുടെ പിതാവ് അദ്ദേഹത്തെ സ്വീകരിച്ചു. രോഗിയുടെ നില ഗുരുജിയെ ദുഃഖിതനാക്കി. ശര്‍മ്മാജിയുടെ പിതാവ് ”ഗുരുജീ വിഷമിക്കേണ്ട, ഇവന് സുഖമാകുന്നതുവരെ ഞാന്‍ പ്രചാരകനാകാന്‍ തയ്യാറാണ്” എന്നു ആശ്വസിപ്പിച്ചുവത്രേ!
പട്ടാമ്പിയിലും പരിസരങ്ങളിലും അക്കാലത്തു മുസ്ലിം, കമ്യൂണിസ്റ്റ് ശക്തികള്‍ വന്‍തോതില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടിരുന്നു. അന്നത്തെ മദിരാശി സര്‍ക്കാര്‍ ജില്ലാ ജഡ്ജി നമ്പീശനെ അവിടത്തെ ക്രമസമാധാന പ്രശ്നങ്ങളെപ്പറ്റി അന്വേഷിക്കാന്‍ കമ്മീഷനായി നിയോഗിച്ചു. കമ്മീഷന് റിപ്പോര്‍ട്ടില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും മുസ്ലിംലീഗിനെയുമാണ് അസ്വസ്ഥതകള്‍ക്ക് ഉത്തരവാദികളാക്കിയത്. റിപ്പോര്‍ട്ട് വന്നപ്പോഴേക്ക് സംസ്ഥാന പുനഃസംഘടന കഴിഞ്ഞ് ഇ.എം.എസ്സിന്റെ കമ്യൂണിസ്റ്റ് വാഴ്ച നിലവില്‍ വന്നിരുന്നു. നമ്പീശന് റിപ്പോര്‍ട്ടിനുമേല്‍ അവര്‍ കൂര്‍ക്കംവലിച്ചുറങ്ങുകയാണ് ചെയ്തത്. ശര്‍മാജി പിന്നീടും പ്രചാരകനായി തുടര്‍ന്നു. വടക്കാഞ്ചേരിയിലെ മഠത്തില്‍ അദ്ദേഹത്തോടൊപ്പം പോകാനും അച്ഛനെയും ജ്യേഷ്ഠനെയും പരിചയപ്പെടാനും എനിക്കവസരമുണ്ടായി.
മാനനീയ യാദവറാവു ജോഷി പങ്കെടുത്ത ഒരു സംസ്ഥാനതല കാര്യകര്‍തൃ പരിപാടിയില്‍ പങ്കെടുത്തതായിരുന്നു എന്റെ അവിടത്തെ ആദ്യസന്ദര്‍ശനം. ജനസംഘത്തിന്റെ ഉത്തരമേഖലാ സംഘടനാ കാര്യദര്‍ശിയെന്ന നിലയ്ക്കു മലപ്പുറം ജില്ലാ രൂപീകരണത്തെ എതിര്‍ക്കാനുള്ള ശ്രമത്തിനിടെ നാനാജി ദേശ്മുഖുമായി യാദവറാവുജിയെ കണ്ട് സംസാരിക്കാന്‍ ഞാനും അവിടെ പോയിരുന്നു. സംഘത്തിന്റെ ആത്യന്തിക ലക്ഷ്യമായ പരമവൈഭവമെന്ന അവസ്ഥയെക്കുറിച്ച് യാദവറാവുജി ആവേശകരമായ ഒരു അവതരണം നടത്തിയിരുന്നു. സംഘത്തിന്റെ വൈഭവചക്രമെന്നാണദ്ദേഹം അതിനെ വിശേഷിപ്പിച്ചത്. ആലങ്കാരികമായ ആ വിവരണം എത്ര പേരുടെ ഉള്ളില്‍ തറഞ്ഞുകയറി എന്ന് പറയാന്‍ കഴിയില്ല.
ജനസംഘത്തിന്റെ അഖിലഭാരത സമ്മേളനം കോഴിക്കോട്ട് നടന്നപ്പോള്‍ അതിന്റെ സംഘാടന ചുമതല വഹിക്കാന്‍ നിയുക്തനായിരുന്ന രാംഭാവു ഗോഡ്ബോലേജിക്കു ഷൊര്‍ണൂരിലെ കേരളീയ ആയുര്‍വേദ സമാജത്തില്‍ ചികിത്സ വേണ്ടിയിരുന്നു. അതിനായി അവിടെ വൈദ്യമഠം വലിയ നാരായണന് നമ്പൂതിരിയെ കാണാന്‍ പോയപ്പോള്‍ അവിടത്തെ വിദ്യാര്‍ത്ഥി ഒ.എസ്. കൃഷ്ണനെ പരിചയപ്പെട്ടു. സംസാരത്തില്‍ അദ്ദേഹവും സ്വയംസേവകനാണെന്നു മനസ്സിലായി. അദ്ദേഹവും സഹപാഠികളായ സേവകരുമാണ് രാംഭാവുവിന്റെ ചികിത്സാ സമയത്ത്, ഒറ്റപ്പാലം താലൂക്കിലെ സംഘകാര്യകര്ത്താക്കള്ക്കു പുറമെ അവിടെ സഹായത്തിനുണ്ടായത്. രണ്ടുവര്‍ഷത്തെ ആ ചികിത്സിക്കാലത്ത് അവിടെ വിദ്യാര്‍ത്ഥി ആയിരുന്ന പി.ആര്. കൃഷ്ണകുമാര്‍ സംഘവുമായി അടുക്കുകയും, പില്ക്കാലത്ത് വിശ്വഹിന്ദു പരിഷത്തിന്റെ ദേശീയ ചുമതലവഹിക്കുകയും ചെയ്തു.
ഒ.എസ്. കൃഷ്ണനാകട്ടെ തന്റെ പാവൂട്ടുമുറിയിലുള്ള ഇല്ലത്തേക്ക് പിന്നീട് രണ്ട് തവണ എന്നെക്കൊണ്ടുപോയി. പ്രശസ്ത ആയുര്‍വേദ ചികിത്സകനാണിന്നദ്ദേഹം. അടിയന്തരാവസ്ഥക്കാലത്തെ സമരത്തിന്റെ കാഠിന്യം അനുഭവിച്ച അദ്ദേഹവുമായി വളരെക്കാലത്തിനുശേഷം പുസ്തകപ്രകാശനച്ചടങ്ങിനെത്തിയപ്പോള് പരിചയം പുതുക്കി. ആയുര്‍വേദത്തിലെ എല്ലാവിധ ഔഷധങ്ങളും ആധുനിക സങ്കേതങ്ങളിലൂടെ തയാറാക്കാനും, നിര്‍മിക്കാനുമുള്ള ഗവേഷണങ്ങളിലും പ്രയോഗങ്ങളിലും അദ്ദേഹം വ്യാപൃതനായിരുന്ന കാലത്താണ് പിന്നീട് യാദൃശ്ചികമായി ഞങ്ങള്‍ കണ്ടത്.
അടിയന്തരാവസ്ഥയുടെ 25-ാം വാര്‍ഷികത്തില്‍ തൃശ്ശിവപേരൂര്‍ ജില്ലയിലെ പീഡിതരുടെ സമാഗമം ബ്രഹ്മസ്വം മഠത്തില്‍ നടത്തപ്പെട്ടപ്പോള്‍ ഞാനും കുടുംബസഹിതം പങ്കെടുത്തിരുന്നു. വേദനിക്കുന്ന ഓര്‍മകളെക്കുറിച്ചുള്ള സുഖദായകമായ കൂട്ടായ്മയായിരുന്നു അത്. ജി. മഹാദേവനടക്കം അവരില്‍ പലരും അടിയന്തരാവസ്ഥയ്ക്ക് അന്പതാണ്ടാകാറായ ഈയവസരത്തില്‍ നമ്മോടൊപ്പമില്ല.
തന്റെ സംഘജീവിതാനുഭവങ്ങളെ അടിസ്ഥാനമാക്കി എഴുതാന്‍ ആഗ്രഹിച്ചുകൊണ്ട് കൃഷ്ണന് സമീപിച്ചപ്പോള്‍ അതിനെ ശ്ലാഘിക്കുകയാണ് ഞാന്‍ ചെയ്തത്. മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം കയ്യെഴുത്ത് പ്രതിയുമായി തൊടുപുഴയിലെ വീട്ടില്‍ വന്നപ്പോള്‍ വിസ്മയിച്ചുപോയി. ഔദ്യോഗിക ജീവിതത്തില്‍ പ്രവേശിച്ചതുതന്നെ നാലഞ്ചുവര്‍ഷം പ്രചാരകനായി പ്രവര്ത്തിച്ചശേഷമായിരുന്നല്ലൊ. മുതിര്ന്നസംഘാധികാരിമാരും പ്രചാരകന്മാരും അത്തരമാളുകളെ നിയോഗിക്കുന്നതിന് ശ്രദ്ധിച്ചു. വടക്കാഞ്ചേരിക്കടുത്ത് പറളിക്കാട് വ്യാസാശ്രമത്തില്‍ സംഘത്തിന്റെ സ്വയംസേവകരെ സ്വീകരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ പുരാവസ്തുവകുപ്പില്‍ ജോലി ചെയ്തിരുന്ന പ്രൊഫ. ലക്ഷ്മീനാരായണ ഭട്ടിനെയും വ്യാസാ കോളജില്‍ ചരിത്രവിഭാഗത്തില്‍ നിയമിച്ചിരുന്നു. അവരിരുവരും വടക്കാഞ്ചേരി കേന്ദ്രമായ തലപ്പിള്ളിത്താലൂക്കിന്റെതന്നെ തലവര മാറ്റിയെന്നു പറയുന്നതില്‍ അതിശയോക്തിയില്ല.
കൃഷ്ണന് വടക്കാഞ്ചേരിയില്‍ ജോലിയും സംഘപ്രവര്‍ത്തനവുമായി കഴിയുമ്പോള്‍ അദ്ദേഹത്തിന്റെ സഹായം സ്വീകരിക്കുകയും, സ്വന്തമായി കരുതി പെരുമാറുകയും ചെയ്ത നാനാജാതി മതസ്ഥരുമുണ്ട്. ക്രിസ്ത്യാനികളും മുസ്ലിങ്ങളുമൊക്കെ. അതിന്റെ ഹൃദയംഗമമായ സ്മരണകള്‍ പുസ്തകത്തില്‍ വിവരിക്കുന്നു.
വടക്കാഞ്ചേരിക്കാരന്‍ അനന്ത നാരായണന് അടിയന്തരാവസ്ഥക്കാലത്ത് കഠിനമായ പോലീസ് മര്‍ദ്ദനവും നരനായാട്ടും നടമാടുമ്പോള്‍ പ്രചാരകനായി പ്രവര്‍ത്തിച്ചയാളാണ്. യോഗാചാര്യനെന്നു കരുതപ്പെടുന്ന അദ്ദേഹത്തിന്റെ വ്യാപ്തി കന്യാകുമാരി മുതല്‍ മാനസസരസുവരെയായിരുന്നു. ശര്‍മ്മാജിയുടെ വടക്കാഞ്ചേരിയിലെ അയല്‍വാസിയും ബന്ധുവുമായിരുന്നു അദ്ദേഹം.
അവിടെ പഴയ സഹപ്രവര്‍ത്തകരെ പലരെയും കാണാന്‍ കഴിഞ്ഞു. ഇപ്പോള്‍ ചെറുതുരുത്തിയില്‍ താമസിക്കുന്ന എം.എസ്.രാഘവന് മാസ്റ്റര്‍ അവരിലൊരാളാണ്. 1956 ലെ ഒന്നാം വര്‍ഷ ഒ.ടി.സി. മുതല്‍ ഓരോ പ്രായക്കാരും, സഹപ്രവര്‍ത്തകരുമായ ഞങ്ങള്‍ക്ക് വര്‍ഷങ്ങള്‍ക്കുശേഷം കാണാനായി. തൊടുപുഴയില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രചാരകനായിരുന്ന അശോകനെയും സന്ധിച്ചു.
ചരിത്രരചന ഒരിക്കലും വ്യക്തിനിഷ്ഠമോ ഏകപക്ഷീയമോ ആയിക്കൂടാ എന്നു പറയും. പക്ഷേ അങ്ങനെ കാണപ്പെടുന്നില്ല. സത്യനിഷ്ഠവും വസ്തുനിഷ്ഠവുമായ ചരിത്രരചന വളരെ പ്രയാസകരമായിരിക്കണം. വേദവ്യാസന് മഹാഭാരതം രചിക്കുമ്പോള്‍ അക്കാര്യത്തില്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഒരു നാടിന്റെ സംഘചരിത്രമാണദ്ദേഹം എഴുതിയത്, തന്റെയും. ബാബസാഹിബ് ആപ്ടേജി ഇതിഹാസ സങ്കലനസമിതിക്കു പ്രേരണ നല്കുമ്പോള് അക്കാര്യം എടുത്തുപറഞ്ഞിരുന്നു. അതുവച്ചു നോക്കുമ്പോള്‍ സമഗ്രവും സൂക്ഷ്മവുമായ ചരിത്രത്തിന്റെ നൂലിഴകളെ കൃഷ്ണന് ഊടും പാവുമാക്കിയിട്ടുണ്ട്.
ഗവര്‍ണര്‍ ശ്രീധരന്‍പിള്ള പുസ്തകം സമൂലം വായിച്ചശേഷമാണ് തന്റെ പ്രഭാഷണം നടത്തിയത്. താനും ഏറെക്കാലം ഭാഗമായിരുന്ന പ്രസ്ഥാനത്തിന്റെ ഒരു ഭാഗത്തെ അനാവരണം ചെയ്യുന്ന ഗ്രന്ഥത്തെ അദ്ദേഹം അവതരിപ്പിച്ചു. പുസ്തകം മുഴുവന്‍ വായിച്ചശേഷം ഉജ്വലമായ അവതാരികയാണ് ഹരിയേട്ടന് നല്‍കിയത്. എല്ലാ ജില്ലകളിലും ഇതിന് സമാനമായ രചനകള്‍ ഉണ്ടാകുമെന്ന് പ്രത്യാശിക്കാമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: