ഒട്ടാവ: ഭഗവദ്ഗീതയുടെ പേരില്‍ കാനഡയിലെ ബ്രാംപ്റ്റണില്‍ ഒരു പാര്‍ക്കുണ്ട്- അതാണ് ശ്രീ ഭഗവദ്ഗീതാ പാര്‍ക്ക്. ഈ പാര്‍ക്കിന്റെ സൈന്‍ ബോര്‍ഡാണ് അക്രമികള്‍ തകര്‍ത്ത നിലയില്‍ തിങ്കളാഴ്ച കാണപ്പെട്ടത്. ഇത് വിദ്വേഷ ആക്രമണമാണെന്ന് കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് അഭിപ്രായപ്പെട്ടു.
ഇതേക്കുറിച്ച് അന്വേഷണം നടത്താനും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ ഹൈകമ്മീഷന്.
പണ്ട് ട്രോയേഴ്സ് പാര്‍ക്ക് എന്നറിയപ്പെട്ട സ്ഥലമാണ് ഇക്കഴിഞ്ഞ സെപ്തംബര്‍ 28ന് ഭഗവദ്ഗീതാപാര്ക്ക് എന്ന് പുനര്‍നാമകരണം ചെയ്തത്. നേരത്തെ ഒരു പ്രധാന ഹിന്ദു ക്ഷേത്രവും അക്രമികള്‍ കേടുപാടുകള്‍ വരുത്തി എന്ന് മാത്രമല്ല, അതിന്റെ ചുമരില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതുകയും ചെയ്തു. ടൊറന്റോയിലെ പേര് കേട്ട സ്വാമിനാരായണ്‍ ക്ഷേത്രത്തിന് നേരെയായിരുന്നു ആക്രമണം.
വിവിധ ക്ഷേത്രങ്ങള്‍ക്ക് നേരെ നിരവധി ആക്രമണങ്ങള്‍ പതിവായതോടെ ഹിന്ദുക്കളായ കാനഡയിലെ ഇന്ത്യക്കാര്‍ ആശങ്കയിലാണെന്ന് കാനഡയിലെ ലിബറല്‍ പാര്‍ട്ടി എംപി ചന്ദ്ര ആര്യ പറയുന്നു.
കാനഡ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാരോ ജാഗ്രതയോടെ ഇരിക്കണമെന്ന് പുറത്തുവിട്ട ജാഗ്രതാനിര്‍ദേശത്തില്‍ വിദേശ കാര്യമന്ത്രാലയം പറഞ്ഞു. ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളും വിഭാഗീയ അക്രമങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും അതിവേഗം വര്‍ധിക്കുകയാണെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു.
ഇന്ത്യക്കാര്‍ക്കെതിരായ വംശീയാക്രമണങ്ങളും കാനഡയില്‍ വര്‍ധിച്ചുവരികയാണ്. 2016 ഒക്ടോബറില്‍ രവി ദുഹ്രയ്ക്ക് വംശീയാധിക്ഷേപം നേരിടേണ്ടിവന്നു. വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഒരു വെള്ളക്കാരന് ‘ഇന്ത്യയില്‍ പോയി തുലയ്’ എന്നാണ് രവി ദുഹ്രയോട് അട്ടഹസിച്ചത്.
2018ല്‍ ഇന്ത്യക്കാരായ ദമ്പതികളോട് ഇന്ത്യയിലേക്ക് മടങ്ങിപ്പോകൂ എന്ന് ഒരു വെള്ളക്കാരന് വംശീയാധിക്ഷേപം നടത്തിയിരുന്നു. ഹാമില്ട്ടന് ഒന്റാറിയോയില്‍ വെച്ചായിരുന്നു ഈ സംഭവം.
ഇന്ത്യയില്‍ നിന്നുള്ള കോവിഡ് വാക്സിന് കാനഡയില്‍ എത്തിയത് ആഘോഷിക്കാന്‍ കാനഡയിലെ ഇന്ത്യക്കാര്‍ ബ്രാംടണില്‍ 2021 ഫിബ്രവരി 28ന് സംഘടിപ്പിച്ച ത്രിവര്‍ണ്ണപ്പതാക-മേപ്പിള്‍ കാര്‍ റാലിയില്‍ അക്രമം ഉണ്ടായി. ഖലിസ്ഥാന്‍ അനുകൂല വാദികളായിരുന്നു ഈ അക്രമം സൃഷ്ടിച്ചത്.
2021 സെപ്തംബറില്‍ വിദ്വേഷ ആക്രമണത്തില്‍ സിഖ് വിദ്യാര്‍ത്ഥിയായ പ്രഭോത് സിങ് കത്രി കൊല്ലപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: