ആ രേഖ എങ്ങനെ നഷ്ടപ്പെട്ടിരിക്കും? നഷ്ടപ്പെടുത്തിയതോ നഷ്ടമാക്കിയതോ? അതോ അതൊന്നും ചരിത്രമാക്കിയിട്ടില്ലേ? അങ്ങനെയെങ്കില്‍, അതിനെക്കുറിച്ചെല്ലാം ഗൗരവതരമായ അന്വേഷണം ആവശ്യമല്ലേ? കാരണം ഇത് സംഘടനകളുടെ പ്രശ്നമല്ല, രാജ്യത്തിന്റെ ചരിത്രരേഖാ ശേഖരത്തിന്റെ വിഷയമാണ്.
വിഷയം പറയാം. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ കാര്യമാണ്. രൂപപ്പെട്ട് നൂറുവയസ്സ് തികയാന്‍ പോവുകയാണ് ആ സംഘടനയ്ക്ക് 2025 ല്‍. 10 ദിവസം കഴിഞ്ഞാല്‍ 98 വര്‍ഷമാകുന്നു. ആ സംഘടനയ്ക്ക് സുചരിത്രമുണ്ട്. അത് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. അത് ഏത് സംഘടനയുടെയും സ്വഭാവമാണ്, രീതി അങ്ങനെ ആയിരിക്കേണ്ടതാണ്.
തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ രജിസ്റ്റര്‍ ചെയ്ത് അംഗീകാരം നേടിയിരിക്കണം. അതിന് യഥാകാലം സംഘടനകളുടെ ബൈലോ, സംഘടനാ നിയമം, പ്രകാരം വ്യവസ്ഥകള്‍ പാലിച്ച് സംഘടനാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് ദേശീയ തെരഞ്ഞെടുപ്പുകമ്മീഷന്, നിര്‍ബന്ധം പറയാറുണ്ട്. ടി.എന്‍. ശേഷന് മുഖ്യ തെരഞ്ഞെടുപ്പുകമ്മീഷണറായിരിക്കെ, ഒരിക്കല്‍ ഇങ്ങനെ സംഘടനകള്‍ അവരവരുടെ ബൈലോ പ്രകാരമുള്ള പ്രവര്‍ത്തനം നടത്തുന്നില്ലെന്ന് വ്യക്തമാണെന്നും അംഗീകാരം റദ്ദാക്കുമെന്നും മുന്നറിയിപ്പു നല്കി. പല പ്രമുഖ പാര്‍ട്ടികള്‍ക്കും വിശദീകരണങ്ങള്‍ പലതും നല്‍കേണ്ടിവന്നു അംഗീകാരം പോകാതിരിക്കാന്‍. ഭാരതീയ ജനതാ പാര്‍ട്ടിക്ക് മാത്രമായിരുന്നു അന്ന് ഒഴികഴിവൊന്നും പറയേണ്ടിവരാഞ്ഞത്. അതിന് കാരണമായി അന്ന് പാര്‍ട്ടി അദ്ധ്യക്ഷനായിരുന്ന എല്‍.കെ. അദ്വാനി പറഞ്ഞു, മൂന്നു മാസത്തില്‍ ദേശീയ നിര്‍വാഹക സമിതി, വര്‍ഷത്തില്‍ ദേശീയ സമിതി, യഥാ സമയം എല്ലാത്തട്ടിലും പാര്‍ട്ടി നേതൃത്വത്തിലേക്ക് സര്‍വസമ്മതനായ ആളില്ലെങ്കില്‍ തെരഞ്ഞെടുപ്പ് എന്നിവ നടത്തുന്നതില്‍ പാര്‍ട്ടി മുടക്കം വരുത്താറില്ല, അത് ആര്‍എസ്എസ്സിന്റെ രീതിയില്‍നിന്ന് പഠിച്ചതാണ് എന്നായിരുന്നു. സംഘടനയ്ക്ക് ഒരു നിയമവും ചട്ടവും ഉണ്ടെങ്കില്‍ അത് വീഴ്ചയില്ലാതെ തുടരണമെന്നാണ് ആ പാഠമെന്നും വിശദീകരിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി അന്നും ഇന്നത്തെപ്പോലെ തെരഞ്ഞെടുപ്പുകളോ സംഘടനാ ചട്ടങ്ങളോ കൃത്യമായി പാലിച്ചിരുന്നില്ല. ശിവസേന സംഘടനാ തെരഞ്ഞെടുപ്പേ നടത്തിയിരുന്നില്ല. കോണ്‍ഗ്രസ് വിശദീകരണങ്ങള്‍ പലത് നല്കി, ഒടുവില്‍ നടപടികള്‍ ഒഴിവാക്കി. ശിവസേന വിശദീകരിച്ചത്, അവരുടെ സംഘടനാ ബൈലോ പ്രകാരം തെരഞ്ഞെടുപ്പ് ഇല്ല, നാമനിര്‍ദേശങ്ങളാണ് എന്നായിരുന്നു. അതുകൊണ്ടുതന്നെ അവരും നടപടികളില്‍നിന്ന് രക്ഷപ്പെട്ടു.
പക്ഷേ സംഘടനകള്‍ക്ക് ഇതൊക്കെയാകാം, വ്യത്യസ്തമായ നിയമവും നിലപാടുകളും ഉണ്ടാകാം. എന്നാല്‍ രാജ്യത്തിന് അത് പറ്റില്ലല്ലോ. അങ്ങനെയായിരിക്കെ, ഇന്ത്യന്‍ പ്രതിരോധ വകുപ്പില്‍ രാജ്യത്തിന്റെ അഭിമാനമായ റിപ്പബ്ലിക് ദിന പരേഡ് സംബന്ധിച്ച നിര്‍ണായക രേഖകള്‍ ഇല്ലാതിരിക്കുന്നെങ്കില്‍ അത് ആരുടെ പിഴവാണ്, ആരാണ് ഉത്തരവാദി എന്ന ചോദ്യം ഉയരുന്നു.
റിപ്പബ്ലിക് ദിന പരേഡിന്റെ നടത്തിപ്പുചുമതല ഇന്ത്യന്‍ പ്രതിരോധവകുപ്പിനാണ്. ഇതുവരെ നടന്ന എല്ലാ പരേഡകളുടെയും വിവരങ്ങള്‍ സര്‍ക്കാര്‍ രേഖയില്‍ ഉണ്ടാകേണ്ടതാണ്. അതുകൊണ്ടുതന്നെ 1963 ലെ രേഖകളും സാമാന്യമായ രീതിയില്‍ കാണണം. എന്നാല്‍, ചില രേഖകള്‍ കാണാനില്ല എന്നതാണ് ഗുരുതരമായ വിഷയം. എന്തുകൊണ്ട് 1963 ലെ രേഖകളെക്കുറിച്ച് പറയുന്നുവെന്ന് ചോദിച്ചാല്‍ അത് അത്ര നിര്ണായകമായതിനാല് എന്നാണ് മറുപടി.
ആര്‍എസ്എസ് 1963ല്‍ റിപ്പബ്ലിക്ദിന പരേഡില്‍ പങ്കെടുത്തതിന് തെളിവ് കിട്ടാന്‍, ഇന്ത്യാ ടു ഡേ എന്ന വാരിക 2018 ല്‍ കേന്ദ്ര സര്‍ക്കാരില്‍നിന്ന് വിവരാവകാശ നിയമ പ്രകാരം രേഖ തേടി. ആ രേഖകളില്ല എന്നാണ് സര്‍ക്കാരിന്റെ മറുപടി കിട്ടിയത്. അതു സംബന്ധിച്ച് 2018 സെപ്തംബര്‍ 18 ന് വാരിക വാര്‍ത്തയും പ്രസിദ്ധീകരിച്ചു. ഈ വാര്‍ത്ത, ‘ആര്‍എസ്എസ് പ്രചരിപ്പിക്കുന്നത് ഇല്ലാത്ത വാര്‍ത്ത’ എന്ന പ്രചാരണത്തിന് തല്‍പ്പര കക്ഷികള്‍ സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കുകയും ചെയ്യുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയന് ഈ പ്രചാരണം കഴിഞ്ഞ ദിവസം നടത്തി. ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്, പിണറായി സര്‍ക്കാരിന്റെ നടപടികളിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, തെറ്റായ ചെയ്തികളെ വിമര്‍ശിച്ചപ്പോള്‍, അതിന് വിശദീകരണം നല്‍കുന്നതിന് പകരം ഉയര്‍ത്തിയ എതിര്‍വാദത്തിലാണ് ആര്‍എസ്എസിന്റെ റിപ്പബ്ലിക്ദിന പരേഡും ഇന്ത്യാ ടുഡേയുടെ ആര്‍ടിഐ വാര്‍ത്തയും പരാമര്‍ശിച്ചത്.
1963ല്‍ ആര്‍എസ്എസ് റിപ്പബ്ലിക്ദിന പരേഡില്‍ പങ്കെടുക്കുന്നതിന്റെ ചിത്രം സഹിതം വാര്‍ത്തകള്‍ പത്രങ്ങളില്‍ വന്നതാണ്. ഇന്ന് ഏറ്റവും വില്‍പ്പനയുള്ള ഇംഗ്ലീഷ് പത്രങ്ങളിലൊന്നായ ഹിന്ദുസ്ഥാന്‍ ടൈംസ്, ദ മിന്റ് പ്രസിദ്ധീകരണങ്ങളുടെ ഗ്രൂപ്പില്‍നിന്നുള്ള ഹിന്ദി ദിനപത്രമായ ‘ഹിന്ദുസ്ഥാന്‍’ 1963 ജനുവരി 28 ന്, തിങ്കളാഴ്ച പ്രസിദ്ധീകരിച്ചത് റിപ്പബ്ലിക് ദിന പരേഡിനെക്കുറിച്ചുള്ള മുഖ്യവാര്‍ത്തയുമായാണ്. അതിന്റെ ഒന്നാം പേജില്‍ പരേഡിന്റെ ചിത്രവുമുണ്ട്. അകം പേജില്‍ തുടരുന്ന വാര്‍ത്തയില്‍ തലക്കെട്ട് ഇങ്ങനെ: ‘സംസദ് സദസ്യ് വാ മഹിളാ-ദള്‍ പരേഡ് കേ മുഖ്യ ആകര്ഷണ്’ എന്ന്. അതിന്റെ വിശദീകരണത്തില്‍ ‘രാഷ്ട്രീയ സ്വയംസേവക സംഘ് കേ സദസ്യോം കാ പ്രദര്‍ശനന്‍ ബഹൂത് ആകര്‍ഷക് രഹാ’ എന്നും പറയുന്നു. അതായത്, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രകടനം ഏറെ ആകര്‍ഷകമായിരുന്നു എന്നര്‍ത്ഥം. ഈ പത്രവാര്‍ത്ത, ഹിന്ദുസ്ഥാന്‍ പത്രമോ ഹിന്ദുസ്ഥാന്‍ ഗ്രൂപ്പോ നിഷേധിച്ചിട്ടില്ല.
ഈ റിപ്പബ്ലിക് പരേഡുകളുടെ നടപടികള്‍ സംബന്ധിച്ച രേഖകള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശേഖരത്തില്‍ ഉണ്ടാകേണ്ടതാണ്. പക്ഷേ ഇന്ത്യാ ടുഡേയ്ക്ക് നല്കിയ വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയില്‍ ഇതിന് രേഖ ഇല്ല എന്നാണ് പറഞ്ഞിരിക്കുന്നത്. എന്തുകൊണ്ട് ഇല്ല എന്നതിന് മറുപടി നല്‍കേണ്ടത് മുന്‍കാല സര്‍ക്കാരാണ്, അത് നയിച്ചവരാണ്.
2018 ല്‍ ഇന്ത്യാ ടുഡേ വാരിക വിവരാവകാശ നിയമ പ്രകാരം ചോദിച്ചത് നരേന്ദ്ര മോദി സര്‍ക്കാരിനോടാണ്. നാല് ചോദ്യങ്ങളായിരുന്നു അതില്‍. ഒന്ന്: 1962 ല്‍ ചൈനയുമായുള്ള ഇന്ത്യന്‍ യുദ്ധത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അതിര്‍ത്തിയില്‍ ഉണ്ടായിരുന്നോ? രണ്ട്: 1963 ല്‍ റിപ്പബ്ലിക്ദിന പരേഡില്‍ ആര്‍എസ്എസ്സിനെ ക്ഷണിച്ചിരുന്നോ? മൂന്ന്: ആരാണ് പരേഡിലേക്ക് ആര്‍എസ്എസ്സിനെ ക്ഷണിച്ചത്? നാല്: ആ ക്ഷണപത്രത്തിന്റെ പകര്‍പ്പ് നല്‍കാമോ?
വിവരാവകാശ നിയമപ്രകാരം ഇതിന്റെ ‘ആധികാരിക രേഖകളുടെ പകര്‍പ്പാണ്’ നല്കാന് ആവശ്യപ്പെട്ടത്. ‘ആ രേഖകള്‍ ഇല്ല’ എന്നാണ് സര്‍ക്കാരിന്റെ മറുപടി. അതല്ലാതെ, മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞതുപോലെ, ‘ആര്‍എസ്എസ് റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്തിട്ടില്ല എന്ന് മോദി സര്‍ക്കാര്‍തന്നെ’ മറുപടി നല്‍കിയിട്ടില്ല. അങ്ങനെ പറഞ്ഞതായാണ് പലരും പ്രചരിപ്പിക്കുന്നത്.
ഇപ്പോള്‍ ഉയരുന്ന ചോദ്യം കേന്ദ്ര പ്രതിരോധമന്ത്രാലയത്തില്‍ സൂക്ഷിക്കേണ്ട ആ നിര്‍ണായക രേഖകള്‍ ഇല്ലാതായത് എങ്ങനെ എന്നുകൂടിയാണ്. അതിന് മറുപടി പറയേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. മൂന്നു സാധ്യതകളാണ് ഇവിടെയുള്ളത്. മൂന്നായാലും ‘പ്രതിക്കൂട്ടി’ലാകുന്നത് മുന്‍ കേന്ദ്ര സര്‍ക്കാരുകളാണ്. ഒന്ന്: റിപ്പബ്ലിക് ദിന പരേഡ് സംബന്ധിച്ച രേഖകള്‍ യഥാവിധി തയാറാക്കി സൂക്ഷിക്കുന്ന പതിവ് 1963 കാലത്ത് ഉണ്ടായിരുന്നില്ല. എങ്കില്‍ അത് വീഴ്ചയാണ്. രണ്ട്: ആ രേഖകള്‍ പില്ക്കാലത്ത് എന്നോ നഷ്ടപ്പെട്ടു. അതും സര്‍ക്കാര്‍ വീഴ്ച. മൂന്ന്: ഏതോകാലത്ത് ആരോ ആ രേഖകള്‍ നശിപ്പിച്ചു. സംഭവിക്കാവുന്നകാര്യമാണ്. പ്രത്യേകിച്ച് രാഷ്ട്രീയ വൈരം ഉള്ളവര്‍ പലകാലങ്ങളില്‍ അധികാരത്തില്‍ വന്നിട്ടുള്ള രാജ്യത്ത്. അങ്ങനെയെങ്കില്‍ അതും വീഴ്ചയാണ്.
ഇക്കാര്യത്തില്‍ വളരെ ഗൗരവമായ അന്വേഷണം വേണ്ടതുണ്ട്. കാരണം, ഏറെ നിര്‍ണായകമാണ് ആ രേഖ. അങ്ങനെ ക്ഷണവും സ്വീകരണവും നടന്നിട്ടില്ലെങ്കില്‍ എങ്ങനെ ആര്‍എസ്എസ് റിപ്പബ്ലിക്ദിന പരേഡുപോലെ സുപ്രധാനമായ ചടങ്ങില്‍ പങ്കെടുക്കും. പങ്കെടുക്കാതെ എങ്ങനെ പത്രങ്ങള്‍ അത് റിപ്പോര്‍ട്ടുചെയ്യും. ഒരുപക്ഷേ ആ അന്വേഷണം ഭരണസംവിധാനത്തിന്റെ നിര്‍ണായക സ്ഥാനങ്ങളില്‍ മുമ്പ് സംഭവിച്ച ചില ചോര്‍ച്ചകളുടെയും വീഴ്ചകളുടെയും വിവരങ്ങളായിരിക്കും പുറത്തുകൊണ്ടുവരുന്നത്.
ആര്‍എസ്എസ്സിന് അത്രയും വലിയ ആദരം ലഭിച്ചത് ആ സംഘടനാ പ്രവര്‍ത്തകരുടെ നിസ്വാര്‍ത്ഥമായ രാജ്യസ്നേഹത്തിന്റെയും സമര്‍പ്പണത്തിന്റെയും മഹത്വംകൊണ്ടാണ്. എക്കാലത്തും ആര്‍എസ്എസ്സിനെ പലവിധത്തില്‍ ശത്രുക്കളായി കണ്ടിട്ടുള്ള, കാണുന്ന എതിര് കക്ഷികള്‍ അവസരം ലഭിച്ചപ്പോള്‍ ചരിത്രം നശിപ്പിച്ചതായിക്കൂടായ്കയില്ല. ആര്‍എസ്എസ്സിന്റെ സേവനമനസ്സ് നേരിട്ടുകണ്ട നെഹ്റുവിന് ഉണ്ടായ വികാര വിചാരങ്ങളായിരിക്കണമെന്നില്ലല്ലോ പില്ക്കാലത്ത് ആര്‍എസ്എസ്സിന്റെ ശക്തി നേരില്‍ക്കണ്ടറിഞ്ഞ ഭരണാധികാരികള്‍ക്ക്. ഇടക്കാലത്ത് ആര്‍എസ്എസ്സിനെ ഏറെ ഭയപ്പെടുന്ന കമ്യൂണിസ്റ്റുകള്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍ അധികാരവും അമിത സ്വാധീനവുംവരെ (പിണറായി വിജയന്റെ വാക്കുകളില്‍ പറഞ്ഞാല്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് ഭരണംവരെ) കിട്ടിയ കാലവമുണ്ടായിരുന്നല്ലോ. ചരിത്രം തിരുത്താനും നശിപ്പിക്കാനും സാമര്‍ഥ്യം അവരോളം ആര്‍ക്കാണുള്ളത്. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഇനിയും വ്യക്തമായും അസന്ദിഗ്ധമായും തെളിയിക്കപ്പെടാത്ത ഒട്ടേറെ നിഗൂഢ സംഭവങ്ങളുടെ പട്ടികയില്‍ ഈ വിഷയവും ചേരുകയാണ്.
പിന്കുറിപ്പ്:
പിണറായി സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ക്കെതിരേ ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന് ഉയര്‍ത്തിയ വിഷയങ്ങളില്‍ ഒന്നായിരുന്നു കണ്ണൂര്‍ ചരിത്രകോണ്‍ഗ്രസ് പരിപാടിയില്‍ മാര്‍ക്സിസ്റ്റ് ചരിത്രകാരന് ഇര്ഫാന് ഹബീബ്, ‘ഗാന്ധിയെക്കുറിച്ചല്ല ഗോദ്സെയെക്കുറിച്ച് പറയൂ’ എന്ന് അദ്ദേഹത്തിനുനേരേ ആക്രോശിച്ചു എന്നത്. ആരീഫ് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സന്ദര്‍ശിച്ചത് വിവാദമാക്കുകയും ചെയ്തു, മുഖ്യമന്ത്രിയും ഇടതുപക്ഷക്കൂട്ടവും. പക്ഷേ ഇതിനകം ലക്ഷം തവണയെങ്കിലും കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ ഉരുവിട്ടിട്ടുള്ള ‘ഗാന്ധിവധവും ആര്‍എസ്എസ്സും’ വിഷയം അവരാരും ഇത്തവണ മിണ്ടിയതേ ഇല്ല. എന്തുകൊണ്ടാവും? മറവിരോഗമായിരിക്കില്ല, ഉറപ്പ്. ചികിത്സകള്‍ ഫലിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: