കെ.എന്‍.രാജു
ആര്‍എസ്എസ് ഇടുക്കി വിഭാഗ് സംഘചാലക്
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ തൊടുപുഴയിലെ പ്രവര്‍ത്തനങ്ങളെ മുന്നില്‍ നിന്നു നയിച്ച സ്വയംസേവകനായിരുന്നു തിങ്കളാഴ്ച രാത്രി അന്തരിച്ച ജ്യോതിഭവനില്‍ എ.ജി. രാധാകൃഷ്ണന്. പാലക്കാട് ജില്ലയില്‍ ആര്‍എസ്എസ് പ്രചാരകനായിരുന്ന അദ്ദേഹം വിവിധ പരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തനത്തിലും മുന്നിലുണ്ടായിരുന്നു. 1974 മുതല്‍ 1978 വരെ പാലക്കാട് ഒറ്റപ്പാലം താലൂക്കിന്റെ പ്രചാരകനായിരുന്നു. 1978 മുതല്‍ 12 വര്‍ഷത്തോളം തൊടുപുഴ താലൂക്കിന്റെ ആര്‍എസ്എസ് കാര്യവാഹായിരുന്നു.
നന്നേ ചെറുപ്പത്തിലെ തന്നെ ആര്‍എസ്എസ് പ്രവര്‍ത്തകനായ അദ്ദേഹം, ആദ്യ ഘട്ടത്തില്‍ സംഘത്തോട് വലിയ ആഭിമുഖ്യമില്ലാതിരുന്ന തന്റെ കുടുംബത്തെ മുഴുവന്‍ ക്രമേണെ ആര്‍എസ്എസ് പ്രവര്‍ത്തനത്തില്‍ സജീവമാക്കി. പിതാവ് ഗോപാലന് മേസ്ത്തിരിയുള്പ്പടെയുള്ളവര് സംഘപ്രവര്‍ത്തനത്തില്‍ ആകൃഷ്ടരാകാന്‍ വഴിവച്ചത് രാധാകൃഷ്ണന്റെ സംഘത്തിലൂടെ ആര്‍ജ്ജിച്ച സ്വഭാവ സവിശേഷതയാലാണ്. തൊടുപുഴയില്‍ ഭാരതീയ ജനസംഘത്തിന്റെ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചതും ഒരുകാലത്ത് രാധാകൃഷ്ണനാണ്. ജനസംഘം തൊടുപുഴ നിയോജക മണ്ഡലത്തിന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചു.
തൊടുപുഴയില്‍ സരസ്വതി വിദ്യാനികേതന്‍ സ്കൂളിന് രൂപം നല്‍കുന്നത് എ.ജി.രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ്. അന്നദ്ദേഹം ആര്‍എസ്എസ് താലൂക്ക് കാര്യവാഹിന്റെ ചുമതലയും വഹിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ശ്രമഫലമായിട്ടാണ് സ്കൂളിനെ ഉന്നത നിലവാരത്തിലെത്തിക്കാനായത്. ഭാരതീയ വിദ്യാനികേതന്റെ ചുമതലക്കാരനായിരുന്ന സ്വര്‍ഗ്ഗീയ എ.വി.ഭാസ്കര്‍ജിയുടെ നിര്‍ദ്ദേശം ശിരസാവഹിച്ചാണ് അദ്ദേഹം സ്കൂള്‍ സ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങിയത്. പിന്നീട് താലൂക്ക് കാര്യവാഹ് ചുമതലയില്‍ നിന്ന് മാറി ഭാരതീയ വിദ്യാനികേതന്റെ ചുമതലയിലേക്ക് നിയോഗിക്കപ്പെട്ടു. വിദ്യാനികേതന്റെ പൂര്‍ണ്ണ സമയ പ്രവര്‍ത്തകനായിമാറിയ അദ്ദേഹം സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി സംസ്ഥാന സമിതിയംഗം എന്ന നിലയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. തൊടുപുഴയിലെ സാധാരണക്കാരുടെ വിദ്യാഭ്യാസ മേഖലയില്‍ വിദ്യാനികേതന്‍ സ്കൂളുകള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. അതിന് നേതൃത്വം നല്‍കിയത് രാധാകൃഷ്ണനാണ്.
സ്വന്തം കാര്യങ്ങളെല്ലാം മാറ്റിവെച്ച് വിദ്യാനികേതന്റെ വളര്‍ച്ചക്കും വികസനത്തിനും വേണ്ടി അദ്ദേഹം നിരന്തരം യാത്ര ചെയ്യുകയും സ്കൂളിനു വേണ്ടതെല്ലാം നിര്‍വ്വഹിക്കുകയും ചെയ്തു. തൊടുപുഴയിലെ പ്രാന്തപ്രദേശങ്ങളില്‍ വിദ്യാനികേതന്‍ സ്കൂളുകള്‍ ആരംഭിക്കാന്‍ പ്രേരണയായി തീര്‍ന്നത് രാധാകൃഷ്ണന്റെ പ്രവര്‍ത്തനങ്ങളായിരുന്നു. അങ്ങനെ നിരവധി സ്കൂളുകള്‍ ആരംഭിച്ചു. ഈ സ്കൂളുകള്‍ തൊടുപുഴയിലെയും പരിസരത്തെയും സാധാരണക്കാരും പാവപ്പെട്ടവരുമായ വിദ്യാര്‍ത്ഥികളുടെ പഠനാവശ്യങ്ങള്‍ക്ക് ചെറുതല്ലാത്ത പങ്കുവഹിച്ചു.
അതോടൊപ്പം തന്നെയാണ് രാധാകൃഷ്ണന് ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളിലും വ്യാപൃതനായത്. രണ്ടു പ്രവര്‍ത്തനങ്ങളും സമാജത്തെ സേവിക്കാനുള്ള ഉപാധിയാക്കി അദ്ദേഹം. കല്ലൂര്‍ക്കാട്, ഇലഞ്ഞി എന്നീ മേഖലകളില്‍ സംഘ പ്രവര്‍ത്തനം ആരംഭിച്ചത് അദ്ദേഹത്തിന്റെ ശ്രമഫലമായിട്ടാണ്. തൊടുപുഴയില്‍ ഏറ്റവും സാമൂഹ്യ ബന്ധമുള്ള പൊതുപ്രവര്‍ത്തകനായി അദ്ദേഹത്തെ വിശേഷിപ്പിക്കാം. മറ്റുമേഖലകളിലുള്ള പൊതു പ്രവര്‍ത്തകരുമായും നല്ല ബന്ധം കാത്തു സൂക്ഷിച്ചു. ഏതൊരു കാര്യമാണെങ്കിലും വളരെയധികം പഠിച്ച് അതിനെക്കുറിച്ച് പ്രവര്‍ത്തന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന സ്വഭാവരീതിയായിരുന്നു അദ്ദേഹത്തിന്റെത്. രാധാകൃഷ്ണന്റെ വിയോഗം തൊടുപുഴയിലെ സംഘ പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കു മാത്രമല്ല നഷ്ടം വരുത്തിയിട്ടുള്ളത്, സമൂഹത്തിനാകെ വലിയ നഷ്ടമുണ്ടാക്കുന്നതായി. മരണവിവരമറിഞ്ഞ് വസതിയിലേക്കും പൊതുദര്‍ശനം നടന്ന സരസ്വതി സ്കൂളിലേക്കും എത്തിച്ചേര്‍ന്ന ജനങ്ങളുടേയും പ്രമുഖരുടേയും പങ്കാളിത്തം നോക്കുമ്പോള്‍ അദ്ദേഹം എത്രമാത്രം സ്വാധീനം പൊതുസമൂഹത്തില്‍ ചെലുത്തിയിരുന്നുവെന്നത് മനസിലാക്കാനാകും.
പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് തലേദിവസം വരെ വിദ്യാനികേതന്‍ സ്കൂളുകളിലൂടെ യാത്ര ചെയ്ത് വേണ്ട മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നു. 12ന് നടന്ന ആര്‍എസ്എസ്, വിവിധ ക്ഷേത്ര യോഗത്തില്‍ അദ്ദേഹം പൂര്‍ണ്ണ സമയം പങ്കെടുത്ത് സംഘടനയുടെ വളര്‍ച്ചയ്ക്കായി തന്റെ നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചിരുന്നു. 5 ദിവസം മുമ്പ് പെട്ടെന്ന് അസുഖം കൂടുകയായിരുന്നു. ഇത്രവേഗം അദ്ദേഹത്തെ നഷ്ടപ്പെടുമെന്ന് കരുതിയിരുന്നില്ല. അസുഖത്തില്‍ നിന്ന് മുക്തി നേടി തിരികെ വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഓരോദിവസവും നിലവഷളായി തിങ്കളാള്ച രാത്രിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. രാധാകൃഷ്ണന്റെ വിയോഗത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: