ഫലപ്രദമായ ആദിശക്തി ഗായത്രി സാധന 4
ഗായത്രീമഹാമന്ത്രത്തിന്റെ അസാമാന്യവൈശിഷ്ട്യം എന്തെന്നാല്‍ ഇത് ശരീരത്തിന്റെയും മനസ്സിന്റെയും മര്‍മ്മസ്ഥാനങ്ങളെ സ്വാധീനിച്ച് ആപത്തുകളെ അകറ്റുവാനും സുഖസമൃദ്ധികള്‍ സഹജമായി നേടുവാനും സാധിക്കത്തക്കവണ്ണം അവയെ പ്രവര്‍ത്തനക്ഷമമാക്കുന്നു എന്നതാണ്.
ടൈപ്പ്റൈറ്ററിന്റെ ഒരുഭാഗത്ത് കട്ടകള്‍ അമര്‍ത്തുമ്പോള്‍ വേറൊരു ഭാഗത്ത് അതാതിന്റെ അക്ഷരങ്ങള്‍ പതിയുന്നു. ഹാര്‍മ്മോണിയത്തിന്റെ കട്ടകള്‍ അമര്‍ത്തുമ്പോള്‍ വിഭിന്നഭാഗങ്ങളില്‍ ചെലുത്തപ്പെടുന്ന സമ്മര്‍ദമനുസരിച്ച് വ്യത്യസ്ത സ്വരങ്ങള്‍ പുറപ്പെടുന്നു. അതുപോലെതന്നെ വിഭിന്ന അക്ഷരങ്ങളുടെ ഉച്ചാരണം മുഖത്തിലെയും കഴുത്തിലെയും വിഭിന്നസ്ഥാനങ്ങളില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുകയും, ഈ സമ്മര്‍ദശക്തി സൂക്ഷ്മശരീരത്തിലെ വിഭിന്നശക്തികേന്ദ്രങ്ങളെ പ്രകമ്പനം കൊള്ളിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. യോഗശാസ്ത്രങ്ങളില്‍ ഷഡ്ചക്രങ്ങളെയും പഞ്ചകോശങ്ങളെയും 24 ഗ്രന്ഥികളെയുംപറ്റി വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. അവയുടെ സ്ഥാനം, രൂപഘടന, പ്രവര്‍ത്തനഫലം എന്നിവ വിശകലനം ചെയ്തുകൊണ്ടുള്ള വിവരണങ്ങളും ഈ ശാസ്ത്രങ്ങളില്‍ കൊടുത്തിട്ടുണ്ട്. ഇതോടൊപ്പം ഈ ശക്തികേന്ദ്രങ്ങളെ ഉണര്‍ത്തുമ്പോള്‍ സാധകന് അതിന്‍പ്രകാരമുള്ള വിശേഷഫലങ്ങള്‍ ലഭിക്കുന്നതായും പ്രതിപാദിച്ചിട്ടുണ്ട്. ഈ സകലകേന്ദ്രങ്ങളുടേയും കൂടി ആകെ എണ്ണം 24 ആണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഇവയ്ക്കു അതാതിന്റേതായ ശേഷിയും സവിശേഷതയും പ്രതിപ്രവര്‍ത്തനവും ഉണ്ട്. ഗായത്രീമന്ത്രത്തിലെ 24 അക്ഷരങ്ങള്‍ക്ക് ഇവയില്‍ ഓരോന്നുമായി ബന്ധമുണ്ട്. ഉച്ചാരണസമയത്ത് വായ, അണ്ണാക്ക്, ചുണ്ട്, കണ്ഠം, ഇത്യാദി ഭാഗങ്ങളില്‍ സമ്മര്‍ദം ഉണ്ടാകുകയും, ഈ കേന്ദ്രങ്ങളില്‍ അതാതിന്റെ സ്വരബന്ധപ്രകാരം വീണയുടെ തന്ത്രികളിലെന്നപോലെ ലോലമായ നാദതരംഗം ഉളവാകുകയും ചെയ്യുന്നു.
വയലിന്, സിത്താര്‍, ഗിത്താര്‍ മുതലായ വാദ്യങ്ങളെപ്പോലെ ഈ ശക്തികേന്ദ്രങ്ങളെ മന്ത്രോച്ചാരണത്തിന്റെ സൂക്ഷ്മധ്വനിതരംഗങ്ങള് പ്രകമ്പനം കൊള്ളിക്കുമ്പോള്‍ ശരീരത്തില്‍ സ്ഥിതിചെയ്യുന്ന ദിവ്യഗ്രന്ഥികള് ഉണര്‍ത്തപ്പെടുകയും അവയ്ക്കുള്ളിലെ വിശിഷ്ടശക്തികള്‍ പ്രവര്‍ത്തനക്ഷമമാകുകയും ചെയ്യുന്നു. ഈ ശക്തികേന്ദ്രങ്ങളുമായി ബന്ധപ്പെടാന്‍ മന്ത്രോച്ചാരണം ‘ടെലക്സ്’ എന്നതുപോലെ പ്രവര്‍ത്തിക്കുന്നു. റേഡിയോ, ടെലിവിഷന്‍ എന്നിവയുടെ പ്രക്ഷേപണകേന്ദ്രങ്ങള്‍ ധ്വനിതരംഗങ്ങളെ നാനാവശങ്ങളിലേയ്ക്കും പ്രസരിപ്പിക്കുന്നു. പക്ഷേ അതേ തരംഗദൈര്‍ഘ്യവുമായി ഘടിക്കപ്പെട്ട സെറ്റുകളിലൂടെമാത്രമേ ഈ പ്രക്ഷേപണങ്ങള്‍ ഗ്രഹിക്കുവാന്‍ സാധിക്കുകയുള്ളൂ. അതുപോലെ ഗായത്രിയുടെ ശക്തി പ്രക്ഷേപണത്തെ ആവാഹിച്ചെടുക്കാന്‍ ഇതിന്റെ അക്ഷരങ്ങളുടെ ഉച്ചാരണം ഉപകരിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: