തിരുവനന്തപുരം: തിരക്കേറിയ ഷെഡ്യൂളുകളുള്ള ചെറിയ വിമാനങ്ങള്‍ക്ക് കേരളത്തിലും തമിഴ്നാട്ടിലും പുതിയ യാത്രാ സംസ്കാരമായി വളരാന്‍ കഴിയണമെന്ന് തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ടിസിസിഐ) സംഘടിപ്പിച്ച ‘ടിവിഎം ആന്‍ഡ് കണക്റ്റിവിറ്റി’ ഉച്ചകോടിയില്‍ പ്രഭാഷകര്‍ അഭിപ്രായപ്പെട്ടു. കേരളത്തിനേയും തമിഴ്നാടിനേയും ബന്ധിപ്പിക്കുന്ന ഉപരിതല ഗതാഗതസൗകര്യങ്ങള്‍ മെച്ചപ്പെടുന്നതിനൊപ്പം വ്യോമഗതാഗതവും വികസിക്കണം. പരമ്പരാഗത ആഘോഷങ്ങള്‍ ബ്രാന്‍ഡ് ചെയ്യണമെന്നും പ്രാദേശിക വ്യോമയാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിലൂടെ വിനോദസഞ്ചാരത്തെ പരിപോഷിപ്പിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
എവെക്ക് ട്രിവാന്‍ഡ്രം, തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം, ട്രിവാന്‍ഡ്രം അജന്‍ഡ ടാസ്ക്ഫോഴ്സ് എന്നിവയുടെ നേതൃത്വത്തില്‍ ആനയറ ഒ ബൈ താമരയിലായിരുന്നു ഉച്ചകോടി. കന്യാകുമാരി മുതല്‍ പത്തനംതിട്ട വരെയുള്ള ദക്ഷിണ മേഖലയുടെ സമഗ്രമായ വികസനത്തിനായി വിമാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഉച്ചകോടി സംഘടിപ്പിച്ചത്.
ടൂറിസം മേഖലയില്‍ വിമാനസൗകര്യത്തിനു വളരെയധികം പ്രാധാന്യമുണ്ടെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. 2022-23ലെ ആദ്യപാദത്തില്‍ ആഭ്യന്തര യാത്രയില്‍ 72.48 ശതമാനം വര്‍ധനയുണ്ടായി. തിരുവനന്തപുരം ജില്ലയില്‍ മാത്രം 6.9 ലക്ഷം വിനോദസഞ്ചാരികള്‍ രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളില്‍ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ സാധ്യതയുണ്ട്. കോവിഡിനു ശേഷം വിനോദസഞ്ചാര മേഖലയില്‍ സുരക്ഷിതമായ യാത്ര, താമസം, ഭക്ഷണം എന്നിവ ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. ഇതിലൂടെ കേരളത്തിലെ വിനോദസഞ്ചാരമേഖല വീണ്ടെടുപ്പിന്റെ പാതയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ടൂറിസം മേഖലയെ സംബന്ധിച്ച് തിരുവനന്തപുരം കേരളത്തിന്റെ പരിച്ഛേദമാണ്. എറണാകുളം വിമാനത്താവളം കഴിഞ്ഞാല്‍ ഏറ്റവും അധികം ആഭ്യന്തരടൂറിസ്റ്റുകള്‍ കേരളത്തിലേക്കെത്തുന്നത് തിരുവനന്തപുരം വിമാനത്താവളത്തിലൂടെയാണ്. അതുകൊണ്ടുതന്നെ തിരുവനന്തപുരമുള്‍പ്പെടെയുള്ള തെക്കന്‍ജില്ലകളിലെ വ്യോമഗതാഗത സൗകര്യം മെച്ചപ്പെടേണ്ടത് അത്യാവശ്യമാണ്. ജനകീയടൂറിസം പദ്ധതി മികച്ച രീതിയില്‍ നടപ്പിലാക്കാനും വ്യോമഗതാഗത മേഖലയിലെ വളര്‍ച്ച സഹായിക്കും. അതിനുള്ള എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘സംയോജിത ഗതാഗത സംവിധാനം’ എന്ന വിഷയത്തില്‍ മന്ത്രി ആന്റണി രാജു സംസാരിച്ചു. നദികളും കായലുകളും കനാലുകളുമുള്ള തീരദേശത്തെ ഒരു ജനപ്രിയ യാത്രാ മാര്‍ഗമെന്ന നിലയില്‍ ജലപാതകളുടെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്തിനടുത്തുള്ള കോവളത്തിനും കാസര്‍ഗോഡിലെ ബേക്കലിനും ഇടയില്‍ 516 കിലോമീറ്റര്‍ ജലഗതാഗതം സുഗമമാക്കുന്ന പാത യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു സെഷനുകളിലായി നടന്ന സമ്മേളനത്തില്‍ ഡോ.ശശി തരൂര്‍ എം പി അധ്യക്ഷനായിരുന്നു. ടൂറിസം മന്ത്രി പി എ. മുഹമ്മദ് റിയാസ്, ഗതാഗത മന്ത്രി ആന്റണി രാജു, എംപി മാരായ എന്‍ കെ പ്രേമചന്ദ്രന്, ജോണ്‍ ബ്രിട്ടാസ്, ആന്റോ ആന്റണി, അദാനി ഗ്രൂപ്പ് ഫിനാന്‍സ് വൈസ് പ്രസിഡന്റ് ജീത് അദാനി, ടിസിസിഐ പ്രസിഡന്റ് എസ് എന്‍ രഘുചന്ദ്രന്‍ നായര്‍, ടിസിസിഐ ട്രഷറര്‍ ക്യാപ്റ്റന്‍ എം ആര് രഞ്ജിത് കാര്ത്തികേയന്, ട്രിവാന്‍ഡ്രം അജന്‍ഡ ടാസ്ക്ഫോഴ്സ് പ്രസിഡന്റ് വി കെ മാത്യൂസ്, അദാനി എയര്‍പോര്‍ട്ട് സിഇഒ ആര് കെ ജയിന്, ഇന്‍ഫോസിസ് സഹസ്ഥാപകനും ആക്സിലര്‍ വെഞ്ചേഴ്സ് ചെയര്‍മാനുമായ ക്രിസ് ഗോപാലകൃഷ്ണന്, എവേക്ക് ട്രിവാന്‍ഡ്രം സിഇഒ രഞ്ജിത് രാമാനുജം തുടങ്ങിയവര്‍ സംസാരിച്ചു. പൂയം തിരുനാള്‍ ഗൗരി പാര്‍വതിബായി, ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എസ് ശ്രീനിവാസ്, ഗതാഗതവകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ എന്നിവരും സന്നിഹിതരായിരുന്നു
നാല് വിമാനത്താവളങ്ങളുണ്ടെങ്കിലും കേരളത്തില്‍ വിമാന റൂട്ടുകള്‍ കുറവാണെന്ന് ഡോ. ശശി തരൂര്‍ എംപി ചൂണ്ടിക്കാട്ടി. മെച്ചപ്പെട്ട വിമാനയാത്രാസൗകര്യങ്ങള് ഉപയോഗിച്ച് ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കണം. തിരുവനന്തപുരത്തിനും 300 കിലോമീറ്റര്‍ വടക്കുള്ള പാലക്കാടിനും ഇടയിലുള്ള വിമാനയാത്രാ സൗകര്യം വളരെക്കുറവാണ്. യൂറോപ്പ്, അമേരിക്ക, കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ ഹ്രസ്വദൂര വിമാനയാത്രസൗകര്യങ്ങള് നിലവിലുണ്ട്. അവിടുത്തെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഇത് ഒരു കാരണമാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് പൂയം തിരുനാള്‍ ഗൗരി പാര്‍വതിബായി സംസാരിച്ചു. യാത്രക്കാരുടെ എണ്ണത്തില്‍ ഉള്‍പ്പെടെ ധാരാളം മാറ്റങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഉണ്ടായിട്ടുണ്ട്. ഇതിനെ രാജ്യത്തെ മികച്ച ഉപഭോക്തൃസൗഹൃദ വിമാനത്താവളമാക്കി മാറ്റണമെന്നാണ് ആഗ്രഹം. ഈ ഉച്ചകോടി തിരുവനന്തപുരത്തിനുള്ള ഓണസമ്മാനമാണെന്നും അവര്‍ പറഞ്ഞു.
വ്യോമയാന സൗകര്യം പ്രോത്സാഹിപ്പിക്കുന്നതില്‍ ജനങ്ങളുടെ പങ്കാളിത്തം ആവശ്യമാണെന്ന് ടിസിസിഐ പ്രസിഡന്റ് എസ് എന്‍ രഘുചന്ദ്രന്‍ നായര്‍ പറഞ്ഞു. ഈ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തും. വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കേണ്ടതുണ്ട്. പൊതു-സ്വകാര്യ പങ്കാളിത്തവും സര്‍ക്കാരിതര സംഘടനകളുടെ സംഭാവനയും പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദക്ഷിണ മേഖലയുടെ സമഗ്ര വികസനം സാധ്യമാകുന്നതോടെ ലോക ടൂറിസം ഭൂപടത്തില്‍ ഇടം നേടാന്‍ ഇത് അവസരമൊരുക്കുമെന്ന് ക്രിസ് ഗോപാലകൃഷ്ണന് പറഞ്ഞു. പ്രകൃതിഭംഗിയും സുഖകരമായ കാലാവസ്ഥയും കണക്കിലെടുത്ത് തിരുവനന്തപുരത്തിന് വിവാഹങ്ങള്‍ക്കും അതിനുശേഷമുള്ള ചിത്രീകരണങ്ങള്ക്കുമുള്ള ലക്ഷ്യസ്ഥാനമാകാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിന് മുമ്പുള്ള വരുമാനത്തിന്റെ 90 ശതമാനവും ആഗോള വിനോദസഞ്ചാരമേഖലയ്ക്ക് തിരിച്ചുകിട്ടി തുടങ്ങിയെന്ന് ഐബിഎസ് സോഫ്റ്റ് വെയര്‍ സര്‍വീസ് സ്ഥാപക ചെയര്മാന് വി.കെ.മാത്യൂസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: