പി.ആര്.ശിവശങ്കര്‍
മലയാള ദിനപത്രങ്ങളിലും ഇന്നലെ വന്ന പ്രധാനവാര്‍ത്ത കുതിച്ചുയര്‍ന്ന ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ചയെകുറിച്ചാണ്. കൊവിഡാനാന്തര കാലഘട്ടത്തില്‍ ലോകത്തെ ഏറ്റവും കൂടുതല്‍ വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയായി ഭാരതം മാറിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഭാരതം നടത്തിയ സാമ്പത്തിക വിപ്ലവത്തിന്റെ, കൊവിഡിനെതിരായ മുന്നേറ്റത്തിന്റെ, സ്വന്തം പരിമിതികളോടടക്കം നടത്തിയ പോരാട്ടത്തിന്റെ വിജയമാണിത്. ഇന്ത്യാവിരുദ്ധരായ അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ധരുടേതടക്കം അനേകം വഴിതെറ്റിക്കുന്ന ഉപദേശങ്ങളില്‍ വീഴാതെ സ്വന്തം ജനതയുടെ കഴിവിലും, അവരുടെ വിശ്വാസത്തിലും, അവരുടെ കര്മ്മോര്ജത്തിലും വിശ്വസിച്ച നേതാവിന്റെയും അദ്ദേഹത്തില്‍ പൂര്‍ണ്ണ പ്രതീക്ഷയും, വിശ്വാസവും അര്‍പ്പിച്ച ജനതയുടെയും ത്രസിപ്പിക്കുന്ന വിജയത്തിന്റെ നേര്‍ക്കാഴ്ചയാണിത്.
നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) ന്റെ ഏറ്റവും പുതിയ കണക്കുകളെ ഉദ്ധരിച്ചാണ് ഈ വാര്‍ത്തകള്‍. ഒട്ടും പ്രതീക്ഷിക്കാത്ത പ്രകൃതിക്ഷോഭങ്ങളും മറ്റുമുണ്ടാകാതിരുന്നെങ്കില് ഭാരതത്തിന്റെ വളര്‍ച്ച റിസര്‍വ്വ് ബാങ്ക് പ്രതീക്ഷിച്ച 16 ശതമാനത്തിനു മുകളില്‍പ്പോലും ആയേനെ. ചൈനയുടെ ആദ്യപാദ ജിഡിപി വളര്‍ച്ച 4.8 ആയിരിക്കുമ്പോഴാണ് ഭാരതം ആദ്യപാദത്തില്‍ 13.5 ശതമാനം വളര്‍ച്ചാനിരക്ക് നേടുന്നത് എന്നത് ചെറിയകാര്യമല്ല. ഇതുമാത്രമല്ല, ഭാരതത്തിന്റെ ജിഎസ്ടി വരുമാനവും 27 ശതമാനം ആഗസ്ത് മാസത്തില്‍ മാത്രം കൂടി. അത് ഏതാണ്ട് ഒന്നരലക്ഷം കോടിയോട് അടുത്തുകഴിഞ്ഞു. അടിസ്ഥാന മേഖലകളായ കൃഷിയും (4.5 %), വ്യവസായവും (4.8%), സേവന മേഖലയും (17.6%) സ്വകാര്യ ഉപഭോഗവും(25.9 %) വളരുകയാണ്. ഇവയെല്ലാം എത്രത്തോളം പ്രാധാന്യമുള്ള വിഷയങ്ങളാണെന്ന് സാമ്പത്തിക വിഷയത്തില്‍ പരിജ്ഞാനം കുറഞ്ഞവര്‍ക്കുപോലും എളുപ്പം മനസ്സിലാകും. ഇരുചക്ര വാഹനങ്ങളുടെ വില്പനയില് 20.6ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കാറുകളുടെ വില്പന 2018ല്‍ 33 ലക്ഷത്തിനടുത്തായിരുന്നെങ്കില് ഈ വര്‍ഷം അത് 37 ലക്ഷത്തിനടുത്തു വരുമെന്നാണ് പ്രമുഖ കാര്‍നിര്‍മാതാക്കളുടെ കണക്കുകൂട്ടല്‍. ഇതുകൂടാതെ വിപണിയിലെ പല പുതിയകാറുകള്‍ വാങ്ങുവാന്‍ 6 മാസംമുതല്‍ ഒരുവര്‍ഷം വരെയാണ് കാത്തിരിപ്പുസമയം വരുന്നത്.
യാത്രാവാഹനങ്ങള്‍ മാത്രമല്ല, കര്‍ഷകരുടെ ആവശ്യയന്ത്രമായ ട്രാക്ടറിന്റെ വില്പനയിലും 26.9 വളര്‍ച്ചയാണ് 2020-21 വര്‍ഷത്തില്‍ നേടിയത്. ഇതുപോലെ വ്യവസായശാലകള്‍ കഴിഞ്ഞമാസം (ജൂലൈ 2022) 72.4 % ഉല്‍പ്പാദനശേഷി മാത്രമാണ് ഉപയോഗപ്പെടുത്തിയതെങ്കില്‍ ഈ മാസം (ഓഗസ്റ്റ് 2022 ) അവര്‍ 74.5% ഉല്‍പ്പാദനശേഷിയുടെ വളര്‍ച്ചയും രേഖപ്പെടുത്തി. ഈ സരളമായ കണക്കുകള്‍ മുന്‍വിധിയില്ലാത്ത ഏതു സാധാരണക്കാര്‍ക്കും, സാമ്പത്തിക വിഷയത്തില്‍ പരിജ്ഞാനം കുറഞ്ഞവര്‍ക്കുപോലും രാജ്യം അതിവേഗ വികസനപാതയിലാണെന്ന് ബോധ്യം വരുത്തുന്നവയാണ്.
ഇവയെല്ലാം സൂചിപ്പിക്കുന്നത് ഭാരതത്തിന്റെ വളര്‍ച്ച സുസ്ഥിരമാണെന്നും, പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ കാലങ്ങളില്‍ സ്വീകരിച്ച സാമ്പത്തിക പരിഷ്കാരങ്ങളും നടപടികളും ശരിയായിരുന്നു എന്നുതന്നെയാണ്. ഇതിന്റെ കൂടെ വായിക്കാവുന്ന മറ്റൊരു സുപ്രധാന അറിവാണ് ലോക ബാങ്കിന്റെ രണ്ടുദിവസം മുന്‍പ് വന്ന കൊവിഡ് 19 മഹാമാരിയെക്കുറിച്ചുള്ള സമ്പൂര്‍ണ്ണ അവലോകനം. ഈ അവലോകനത്തില്‍ ഭാരതസര്‍ക്കാര്‍ കൊവിഡ് 19 വെല്ലുവിളിയെ നേരിടുവാന്‍ എടുത്ത നയപരിപാടികളെകുറിച്ചും, പ്രവര്‍ത്തനങ്ങളെക്കുറിച്ചും വാനോളം പുകഴ്ത്തിയിരിക്കുന്നു. തുടക്കത്തിലേ മാസ്കും, പിപിഇ കിറ്റ് പോലും ഇറക്കുമതിചെയ്ത രാജ്യം മാസങ്ങള്‍ക്കുള്ളില്‍ തന്നെ അത്യാവശ്യ ജീവന് രക്ഷാ ഉപകരണങ്ങള്‍ വരെ നിര്‍മ്മിക്കുകയും ഭാരതത്തിന്റെ എല്ലാ പ്രദേശങ്ങളിലും എത്തിക്കുകയും ചെയ്തത് അദ്ഭുതകരമായ വേഗതയിലാണ്. കൊവിഡ് നിര്‍ണ്ണയത്തിനായി കേവലം 18 ലബോറട്ടറി മാത്രമുണ്ടായിരുന്ന ഭാരതം 4 മാസങ്ങള്‍ക്കുള്ളില്‍ 2500 ലബോറട്ടറികള്‍ നിര്‍മ്മിച്ചത് ചരിത്രമാണ്. ആദ്യകാലങ്ങളില്‍ എന്‍95 മാസ്കുകള്‍ 250 രൂപക്ക് കിട്ടിയത് ആഴ്ചകള്‍ക്കുള്ളില്‍ 20 രൂപയും പിപിഇ കിറ്റ് 750 രൂപയില്‍ നിന്ന് 150 രൂപയും, ആര്‍ടി പിസിആര്‍ ടെസ്റ്റ് കിറ്റ് 1200 രൂപയില്‍ നിന്ന് 72 രൂപയും ആയി കുറയ്ക്കുവാന്‍ ഭാരതത്തിനു സാധിച്ചു.
നമ്മള് ഇറക്കുമതിചെയ്ത പല ഉപകരണങ്ങളും വസ്തുക്കളും നമ്മള് ഉല്പാദിപ്പിച്ചു സ്വയം പര്യാപ്തത നേടി എന്നുമാത്രമല്ല അവയെ കയറ്റുമതി ചെയ്യാനും നമ്മള് പ്രാപ്തരായി. യുഎസ് കഴിഞ്ഞാല്‍ കൊവിഡ് ഏറ്റവും കൂടുതല്‍ ആളുകളെ ബാധിച്ചത് ഇന്ത്യയില്‍ ആണെങ്കിലും അവയെ നേരിടുന്നതിലും, തരണം ചെയ്യുന്നതിലും സര്‍ക്കാരും ജനങ്ങളും ഒത്തോരുമിച്ച് നിന്നു. ഇതാണ് ലോക ബാങ്ക് മറ്റൊരു ഭാഷയില്‍ പറഞ്ഞത് ഇതാണ് ‘ഭാരതസര്‍ക്കാര്‍ കോവിഡിനെ വെറും ആരോഗ്യപ്രശ്നമായി മാത്രം കാണാതെ ഭരണകൂടം ഒറ്റകെട്ടായി ആണ് നേരിട്ടത്’ എന്ന്. അതാണ് ഒരു ഭരണാധികാരിയുടെ വിജയം, കഴിവും.
ഇതുകൂടാതെ ലോകമെമ്പാടും സര്‍ക്കാരുകള്‍ ജനങ്ങള്‍ക്ക് പണം മാസങ്ങളോളം വെറുതെ നല്കി ജനപ്രിയത കൈവരിക്കുവാന്‍ നോക്കിയപ്പോള്‍ ഭാരത സര്‍ക്കാര്‍ ജനങ്ങള്‍ പട്ടിണി കിടക്കാതിരിക്കാന്‍ അരിയും ഗോതമ്പും അടക്കം സൗജന്യമായി നല്‍കുകയും, അത്യാവശ്യത്തിനു പണം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്യുന്ന രീതിയാണ് അവലംഭിച്ചത്. താരതമ്യേനെ ലോക്ക്ഡൗണ്‍ കുറഞ്ഞഗ്രാമങ്ങളില് ഉത്പാദിപ്പിച്ച ഭക്ഷ്യശേഖരം മുഴുവന്‍ സര്‍ക്കാര്‍ വാങ്ങിക്കുകയും പൊതുവിതരണ സമ്പ്രദായം വഴി നല്‍കുകയും ചെയ്തപ്പോള്‍ ഗ്രാമീണ സമ്പദ് വ്യവസ്ഥ ഉയര്ത്തെഴുന്നേല്ക്കുകയും ഭാരതം പട്ടിണിയില്‍ വീഴാതെ സുസ്ഥിര വികസനത്തിന്റെ പാതയിലേക്ക് ചലിക്കുകയും ചെയ്തു. നരേന്ദ്രമോദിയുടെ ഈ നയത്തെ ‘ഫ്രണ്ട് ലോഡ് എക്കണോമി’യുടെ പ്രചാരകരും, കമ്മ്യൂണിസ്റ്റുകാരും കണക്കറ്റം വിമര്‍ശിക്കുകയും സോഷ്യലിസ്റ്റ് പാതയില്‍ നിന്നുള്ള പിന്മാറ്റമെന്നും, പട്ടിണിപ്പാവങ്ങളുടേതല്ല ഈ സര്‍ക്കാര്‍ എന്നും വിമര്‍ശിക്കുകയുമാണ് അന്ന് ചെയ്തത്. സമ്പദ് വ്യവസ്ഥ ശക്തമായി തിരിച്ചുവന്നിട്ടും ലോകത്തെ ഏറ്റവും വളരുന്ന സമ്പദ്വ്യവസ്ഥ ആയിട്ടും പ്രതിപക്ഷവും, കമ്മ്യൂണിസ്റ്റ് സാമ്പത്തിക വിദഗ്ധരും, അരാജകത്വത്തിന്റെ ഏജന്റന്മാരും തങ്ങളുടെ തെറ്റ് അംഗീകരിക്കുവാനും, നരേന്ദ്രമോദിയുടെ ദീര്‍ഘവീക്ഷണത്തെ പ്രകീര്‍ത്തിക്കുവാനും എന്തുകൊണ്ടാണ് തയ്യാറാവാത്തത്?
വരുമാനത്തിന്റെ വലിയൊരുപങ്ക് ജനപ്രിയ ആവശ്യത്തിന് ഉപയോഗിച്ചതിന്റെ സാമ്പത്തിക പരാധീനതയാണ് ഇന്ന് പല വികസിത രാജ്യങ്ങള്‍ പോലും നേരിടുന്നത്. ജി 20 രാജ്യങ്ങളിലെ തന്നെ പല രാജ്യങ്ങളുടെയും ബാധ്യത ശതമാനം മൂന്നക്കത്തിന് മുകളിലാണ്. കൊവിഡ് തരംഗവും, യുദ്ധതരംഗവും കഴിഞ്ഞാല്‍ പോലും ഇനി പലരാജ്യങ്ങളെയും കാത്തുനില്‍ക്കുന്നത് കടത്തിന്റെ തരംഗമായിരിക്കുമെന്ന് സാമ്പത്തിക ഏജന്‍സികള്‍ മുന്നറിയിപ്പു നല്കികഴിഞ്ഞു. ഭാരതമാകട്ടെ ആ കാലഘട്ടത്തില്‍ തന്നെ എംഎസ്എംഇ/എസ്എംഇ വിഭാഗങ്ങളെ, സ്റ്റാര്‍ട്ട്അപ്പുകളെ, സ്വകാര്യ സംരംഭകരെ സാമ്പത്തികമായി പ്രോത്സാഹിപ്പിക്കുകയും അതിലൂടെ തൊഴിലും, ഗ്രാമങ്ങളിലെ സമ്പദ് വ്യവസ്ഥയും ശക്തിപ്പെടുത്തുകയും ചെയ്തു. കൊവിഡിലും യുദ്ധക്കെടുതിയിലും ലോകത്തെ വിതരണ ശൃംഖലകള്‍ തകര്‍ന്നപ്പോള്‍ ഭാരതം ഉത്പാദനം ശക്തമാക്കി. ഇങ്ങിനെ രാജ്യത്ത് ഉല്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ക്ക് കമ്പോളം കിട്ടുവാന്‍ ‘വോക്കല്‍ ഫോര്‍ ലോക്കല്‍’ എന്ന മോദിജിയുടെ ആഹ്വാനത്തിലൂടെ ഇവയുടെ സ്വകാര്യ ഉപയോഗം പോലും വര്‍ദ്ധിപ്പിക്കുകയും നാടിനു ഗുണകരമാക്കി മാറ്റുകയും ചെയ്തു. ഇതിന്റെ എല്ലാം നേട്ടമാണ് രാജ്യം ആവേശത്തോടെ ഏറ്റുവാങ്ങുന്നത്. ഉല്പാദനവും ആഭ്യന്തര ഉപയോഗവും കയറ്റുമതിയും കൂടി, ഭാരതം ഇന്ന് സുരക്ഷിത പാതയിലാണ്. അതുകൊണ്ടുതന്നെയാണ് എഫ്പിഐ (ഓഹരി വിപണിയിലെ വിദേശനിക്ഷേപം) ജൂലൈ മാസം മാത്രം 49,000 കോടിയും കഴിഞ്ഞ ആറുമാസത്തെ നിക്ഷേപം ഏതാണ്ട് 25 കോടി ലക്ഷം രൂപയും ആയത്. ഇത് സൂചിപ്പിക്കുന്നത് വിദേശനിക്ഷേപകര്‍ക്ക് ഭാരതത്തോടുള്ള വിശ്വാസമാണ്. ഇത് നരേന്ദ്ര മോദി മാജിക്കാണ്. ഭാവി ഭാരതത്തിന്റെ സുവര്‍ണ്ണകാല ചുരുക്കെഴുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: