കൊച്ചി: ക്ഷീര കര്‍ഷകര്‍ക്ക് ഓണസമ്മാനവുമായി മില്‍മ. എറണാകുളം മേഖലാ യൂണിയന് കീഴിലുള്ള പ്രാഥമിക ക്ഷീരസംഘങ്ങളില്‍ നിന്ന് സംഭരിക്കുന്ന ഓരോ ലിറ്റര്‍ പാലിനും നാളെ മുതല്‍ തിരുവോണദിനം വരെ രണ്ട് രൂപ വീതം നല്‍കുമെന്ന് മില്‍മ എറണാകുളം മേഖല യൂണിയന് ചെയര്മാന് എം.ടി.ജയന്. എറണാകുളം പ്രസ്സ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ്സ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍ ജില്ലകളിലെ 900ത്തില്‍പ്പരം ക്ഷീരകര്‍ഷകര്‍ക്ക് പ്രയോജനം ഈ പദ്ധതിയൂടെ ലഭിക്കും. ഇതിനായി ഒരു കോടി രൂപയോളം ചെലവ് വരുമെന്നും അദ്ദേഹം പറഞ്ഞു.
ഓണ ദിവസങ്ങളില്‍ സംസ്ഥാന മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന് വഴി കര്‍ണാടക, തമിഴ്നാട് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷനുകളില്‍ നിന്ന് പാല് എത്തിച്ച് പാല് ലഭ്യത ഉറപ്പുവരുത്തുമെന്നും എം.ടി. ജയന് പറഞ്ഞു. പാല് ഉത്പാദനോപാദികളുടെ വില വര്‍ധനവ് മൂലം ക്ഷീര കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. പാല് വില വര്‍ധിപ്പിക്കേണ്ടത് ഈ സാഹചര്യത്തില്‍ അനിവാര്യമായതിനാല്‍ പാലിന്റെ സംഭരണ വില ലിറ്ററിന് ആറ് രൂപയെങ്കിലും വര്ധിപ്പിക്കണന്ന് സംസ്ഥാന ക്ഷീര വിപണന ഫെഡറേഷനോട് എറണാകുളം മേഖലാ യൂണിയന് ആവശ്യപ്പെട്ടതായും ചെയര്മാന് പറഞ്ഞു.
സംസ്ഥാനത്തേക്ക് മായം കലര്‍ത്തിയ പാല് എത്തുന്നുണ്ടെന്ന ആരോപണം ഉയരുന്ന പശ്ചാത്തലത്തില്‍ പരിശോധനകള്‍ നടത്തി നടപടിയെടുക്കണം. സ്വകാര്യ സ്ഥാപനങ്ങള്‍ വിതരണം ചെയ്യുന്ന പാലിന്റെ ഗുണനിലവാരം ബദ്ധപ്പെട്ട ഏജന്‍സികള്‍ പരിശോധിച്ച് ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇക്കാര്യം സര്‍ക്കാരിന്റെയും വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ സഹായം ലഭിച്ചാല്‍ പുതിയ സംരഭങ്ങള്‍ നടപ്പാക്കാന്‍ മില്‍മ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് എം. ആര്. ഹരികുമാര്‍, സെക്രട്ടറി എം. സൂഫി മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: