പത്തനംതിട്ട: ശബരിമല അയ്യപ്പസന്നിധിയില്‍ രാത്രിയില്‍ നട അടയ്ക്കുന്ന വേളയില്‍ പാടുന്ന ഹരിവരാസനം കീര്‍ത്തനത്തിന്റെ ശതാബ്ദി ആഘോഷം 29ന് പന്തളത്ത് ആരംഭിക്കും. 1921ല്‍ കോന്നകത്ത് ജാനകിയമ്മയാണ് ഹരിവരാസനം കീര്‍ത്തനം രചിച്ചത്. ശബരിമല അയ്യപ്പ സേവാസമാജത്തിന്റെ ആഭിമുഖ്യത്തിലാണ് ആഘോഷം. പതിനെട്ട് മാസത്തെ ആഘോഷം 2024 ജനുവരിയില്‍ ആഗോള അയ്യപ്പ മഹാസംഗമത്തോടെ സമാപിക്കും.
ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനം 29ന് പകല്‍ നാലിന് പന്തളത്ത്. രാവിലെ അഞ്ചിന് അഷ്ടദ്രവ്യ മഹാഗണപതിഹോമം എട്ട് മുതല്‍ പുണ്യതീര്‍ത്ഥങ്ങളില്‍ നിന്നുള്ള തീര്‍ത്ഥജലം കൊണ്ട് അയ്യപ്പസ്വാമിക്ക് അഭിഷേകം, 10ന് സമൂഹനീരാഞ്ജന പൂജ, ഉച്ചയ്ക്ക് രണ്ടിന് പന്തളം എന്‍എസ്എസ് മെഡിക്കല്‍ മിഷന് ജങ്ഷനില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര നാല് മണിയോടെ പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ സമാപിക്കും. തുടര്‍ന്ന് പൊതുസമ്മേളനം തന്ത്രി കണ്ഠര് രാജീവര്, പന്തളം രാജപ്രതിനിധി ശ്രീമൂലം തിരുനാള്‍ ശശികുമാരവര്‍മ്മ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.
ഹരിവരാസനം ദേശീയ സമിതി വര്‍ക്കിങ് ചെയര്മാന് ജസ്റ്റിസ് ഡോ.എം. ജയചന്ദ്രന് അദ്ധ്യക്ഷനാകും. ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ എ.ആര്. മോഹനന് ആമുഖ പ്രഭാഷണം നടത്തും. ചിന്മയ മിഷന് കേരള ഘടകം മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി, മാര്‍ഗ്ഗദര്‍ശക മണ്ഡലം ജനറല്‍ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, സ്വാമിനി ജ്ഞാനാഭനിഷ്ഠ (പത്തനംതിട്ട ഋഷിജ്ഞാന സാധനാലയം), സ്വാമി ഗീതാനന്ദജി (ചെറുകോല്‍ ശുഭാനന്ദാശ്രമം), സ്വാമി കൈവല്യാനന്ദജി (വര്‍ക്കല ശിവഗിരിമഠം) എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
ആര്‍എസ്എസ് പ്രാന്തസംഘചാലക് അഡ്വ. കെ.കെ. ബാലറാം, സ്വാഗതസംഘം അധ്യക്ഷ റാണി മോഹന്‍ദാസ്, രാജ്യസഭാംഗം ഡോ. പി.ടി. ഉഷ, ഹരിവരാസനം സംസ്ഥാന സമിതി അധ്യക്ഷന്‍ ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്, ഡോ.കെ.എസ്. ചിത്ര, ജയറാം, ആചാര്യ എം.കെ. കുഞ്ഞോല്‍, സുരേഷ് ഗോപി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, അക്കീരമണ്‍ കാളിദാസന് ഭട്ടതിരിപ്പാട് തുടങ്ങി സാമൂഹിക-സാംസ്ക്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ആശംസ അര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: