തിരുവനന്തപുരം: കേരളത്തിനെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കുന്നത് നരേന്ദ്രമോദി സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളെ ഞെക്കി കൊല്ലാന്‍ ശ്രമിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ വാദം ബാലിശമാണെന്നും സഹകരണ സ്ഥാപനങ്ങളെ അഴിമതിമുക്തമാക്കുക എന്ന ആവശ്യം ഉന്നയിച്ച് ബിജെപി നടത്തിയ സെക്രട്ടറിയേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. കേരളത്തിന് കേന്ദ്രം നല്കിയ സഹായത്തില്‍ യുപിഎ സര്‍ക്കാരിന്റെ 10 വര്‍ഷവുമായി മോദി സര്‍ക്കാരിന്റെ 8 വര്‍ഷത്തെ താരതമ്യം ചെയ്യാന്‍ മുഖ്യമന്ത്രി തയ്യാറാണോ? കണക്കുകള്‍ വെച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയെ ബിജെപി വെല്ലുവിളിക്കുന്നു. കേന്ദ്രം അനുവദിച്ച ഫണ്ടുകള്‍ ലാപ്സാക്കുകയാണ് സംസ്ഥാനത്തിന്റെ പതിവ്. ഏറ്റവും കൂടുതല്‍ കേന്ദ്രവിഹിതവും സഹായവും കേരളത്തിന് നല്‍കിയത് നരേന്ദ്രമോദിയാണ്. കൊവിഡ് കാലത്ത് പട്ടിണിയില്‍ നിന്നും സംസ്ഥാനത്തെ രക്ഷിച്ചത് കേന്ദ്രസര്‍ക്കാരാണ്. വെന്റിലേറ്ററിലായ പിണറായി വിജയന് സര്‍ക്കാരിനെ ഓക്സിജന്‍ കൊടുത്ത് രക്ഷിക്കുന്നത് നരേന്ദ്രമോദി സര്‍ക്കാരാണ്. കേന്ദ്രം വായ്പ്പ പരിധി വര്‍ദ്ധിപ്പിച്ചതുകൊണ്ട് മാത്രമാണ് കേരളത്തില്‍ ശമ്പളം കൊടുക്കാനാവുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.
കേരളം ഇന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കേരളത്തിന്റെ സാമ്പത്തികരംഗം തകര്‍ത്ത ചതിയനാണ് മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. കിഫ്ബിയുടെ പേരില്‍ നടക്കുന്ന തട്ടിപ്പാണ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നത്. സിഎജിയും ഇത് തന്നെയാണ് ചോദ്യം ചെയ്തത്. വായ്പയെടുത്ത പണമെടുത്ത് ധൂര്‍ത്തടിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. ജനങ്ങള്‍ക്ക് ഒരു സഹായവും ചെയ്യാനാവാത്ത സര്‍ക്കാരാണിത്.
സാധാരണക്കാരെ സഹായിക്കേണ്ടുന്ന സഹകരണ മേഖലയെ തകര്‍ത്തത് സംസ്ഥാന സര്‍ക്കാരാണ്. ആര്‍ബിഐക്ക് മുമ്പില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ സമരം ചെയ്തത് സഹകരണമേഖലയെ സംരക്ഷിക്കാനല്ല. മറിച്ച് കള്ളപ്പണക്കാരെയും അഴിമതിക്കാരെയും സംരക്ഷിക്കാനായിരുന്നു. നിക്ഷേപകര്‍ അറിയാതെ അവരുടെ പണം റിയല്‍ എസ്റ്റേറ്റ് നടത്താന്‍ ഉപയോഗിച്ചു. തട്ടിപ്പിലൂടെ സഖാക്കള്‍ അവരുടെ സമ്പാദ്യങ്ങളെല്ലാം കൊണ്ടുപോയി. നിക്ഷേപകര്‍ക്ക് ഒരു രക്ഷയുമില്ലാതെയായി. പലര്‍ക്കും ഗത്യന്തരമില്ലാതെ ആത്മഹത്യ പോലും ചെയ്യേണ്ടി വന്നു. പാര്‍ട്ടിയുടെ കള്ളപണം വെളുപ്പിക്കാനാണ് സിപിഎം സഹകരണ ബാങ്കുകളെ ഉപയോഗിക്കുന്നത്. കോണ്‍ഗ്രസും ഇങ്ങനെ തന്നെയാണ് ചെയ്യുന്നത്. കേരളത്തില്‍ ശരിയായ രീതിയില്‍ സഹകരണ സ്ഥാപനങ്ങള്‍ നടക്കുവാന്‍ വേണ്ടിയാണ് ബിജെപി സമരം ചെയ്യുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: