സന്തോഷ് മാത്യു
ഇന്ത്യയില്‍ ജനിച്ച ബ്രിട്ടീഷ്-അമേരിക്കന്‍ എഴുത്തുകാരന് സല്മാന് റുഷ്ദിക്കുനേരെ ന്യൂയോര്‍ക്കില്‍ ആക്രമണം നടന്നത് ലോകത്തെ ഞെട്ടിച്ചു. വെസ്റ്റേണ്‍ ന്യൂയോര്‍ക്കില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് 75കാരനായ റുഷ്ദിക്ക് കുത്തേറ്റത്. വിദ്യാഭ്യാസ ആദ്ധ്യാത്മികമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഷട്ടോക്വ വിദ്യാഭ്യാസ കേന്ദ്രത്തില്‍ സദസ്യരായി ആയിരത്തിലേറെപ്പേര്‍ ഉണ്ടായിരുന്നപ്പോഴാണ് അക്രമി വേദിയിലേക്ക് കയറി സല്മാന് റുഷ്ദിയെ കുത്തി വീഴ്ത്തിയത്. നൂറ്റാണ്ട് പഴക്കമുള്ള, 900 ഏക്കറിലേറെ വിസ്തൃതിയുള്ള കാമ്പസില്‍ സുരക്ഷാ നിരീക്ഷണം കുറവാണ്. റുഷ്ദിക്ക് വധഭീഷണി ഉണ്ടെന്ന് അറിയാമായിരുന്നെങ്കിലും അമേരിക്കയില്‍ അതു സംഭവിക്കില്ലെന്ന വിശ്വാസത്തിലായിരുന്നു ഭരണകൂടവും സ്ഥാപന അധികൃതരും. അതേസമയം, റുഷ്ദിക്ക് നേരെ നടന്ന വധശ്രമത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഇറാന് വിദേശ മന്ത്രാലയം അറിയിച്ചു.
ഓഗസ്റ്റ് 12വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാത്രി എട്ടരയോടെ യാണ് റുഷ്ദിക്ക് കുത്തേറ്റത്. പിടിയിലായ അക്രമി ന്യൂജഴ്സി ഫെയര്‍വ്യൂ സ്വദേശി ഹാദി മറ്റര്‍ (24)പൊലീസ് കസ്റ്റഡിയിലാണ്. കൊലക്കുറ്റത്തിന് ഇയാള്‍ക്കെതിരേ കേസെടിത്തിട്ടുണ്ട്. ഇറാനോടും തീവ്രവാദ ആശയങ്ങളോടും ആഭിമുഖ്യമുള്ളയാളാണെന്ന് തെളിയിക്കുന്ന ചില പോസ്റ്റുകള്‍ ഹാദി മറ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ലബനനില്‍നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ഹാദി മറ്ററിന്റെ മാതാപിതാക്കള്‍ പിന്നീട് ലബനിലേക്ക് തിരിച്ചു പോയവരാണ്.
1988ല്‍ പ്രസിദ്ധീകരിച്ച ‘ദ സാത്താനിക് വേഴ്സസ്’ എന്ന പുസ്തകത്തിന്റെ പേരില്‍ മുപ്പതു വര്‍ഷത്തില്‍ കൂടുതലായി റുഷ്ദി വധഭീഷണി നേരിടുന്നുണ്ട്. മതനിന്ദ ആരോപിച്ച് ഇറാന് പുസ്തകം നിരോധിക്കുകയും റുഷ്ദിക്കെതിരെ വധശിക്ഷ പ്രഖ്യാപിക്കുകയുമായിരുന്നു. ഇതോടെ ഒളിവില്‍ പോയ റുഷ്ദി 10 വര്‍ഷം പോലീസ് സംരക്ഷണത്തില്‍ യു.കെയിലും 2000ത്തിന് ശേഷം അമേരിക്കയിലുമായി താമസിക്കുന്നു. 1981ല്‍ പുറത്തിറങ്ങിയ ‘മിഡ്നൈറ്റ്സ് ചില്‍ഡ്രണ്‍’ എന്ന നോവലിലൂടെയാണ് റുഷ്ദി പ്രശസ്തിയാര്‍ജിക്കുന്നത്. 1988ല്‍ പ്രസിദ്ധീകരിച്ച ‘ദ സാത്താനിക് വേഴ്സസ്’ കോളിളക്കം സൃഷ്ടിച്ചു. പാകിസ്താന്, സൗദി അറേബ്യ, കെനിയ, തായിലന്‍ഡ്, താന്‍സാനിയ, ഇന്തോനേഷ്യ, സിംഗപ്പൂര്‍, വെനസ്വേല തുടങ്ങിയ രാജ്യങ്ങള്‍ പുസ്തകം നിരോധിച്ചു. ഇറങ്ങി ഒമ്പത് ദിവസത്തിനകം ഇന്ത്യയിലും പുസ്തകം നിരോധിച്ചു. 1989ല്‍ ഇറാന് പരമോന്നത നേതാവ് ആയത്തുല്ല ഖുമൈനി, റുഷ്ദിയെ വധിക്കുന്നവര്‍ക്ക്30 ലക്ഷം യുഎസ് ഡോളര്‍ ഇനാം പ്രഖ്യാപിച്ചു. 1990 ഡിസംബര്‍ 24-ന് റുഷ്ദി പരസ്യമായി ക്ഷമാപണം നടത്തി. പിന്നീട് 1998ല്‍ റുഷ്ദിക്കെതിരായ വധശിക്ഷ ആഹ്വാനം ഇറാന് ഔദ്യോഗികമായി പിന്‍വലിച്ചു. പ്രതിഷേധങ്ങള്‍ ശമിച്ചെങ്കിലും ‘ദ സാത്താനിക് വേഴ്സസ്’ ഇന്നും ഒരു ചര്‍ച്ചാവിഷയമാണ്.
യുകെയും ഇറാനും നയതന്ത്രബന്ധം വിച്ഛേദിക്കുന്നതടക്കമുള്ള ഒട്ടേറെ രാഷ്ട്രീയ നീക്കങ്ങള്‍ക്കും പുസ്തകം വഴിവെച്ചു. പ്രസാധകരായ വൈക്കിങ് പെന്‍ഗ്വിന്റെ ലണ്ടന്‍ ഓഫിസുകളില്‍ പ്രതിഷേധിക്കുകയും ന്യൂയോര്‍ക് ഓഫിസില്‍ വധഭീഷണി ലഭിക്കുകയും ചെയ്തു. തെഹ്റാനിലെ ബ്രിട്ടീഷ് എംബസിക്ക് കല്ലേറുണ്ടായി. മുമ്പ് ചില വധശ്രമങ്ങളില്‍നിന്ന് റുഷ്ദി രക്ഷപ്പെട്ടിരുന്നു. റുഷ്ദി കൃതികളുടെ ജാപ്പനീസ് പരിഭാഷകന് 1991ല്‍ കൊല്ലപ്പെട്ടു. ഇറ്റാലിയന്‍ പരിഭാഷകന് കുത്തേറ്റു. 1993ല്‍ ടര്‍ക്കിഷ് പരിഭാഷകനെ ലക്ഷ്യമിട്ടുണ്ടായ സ്ഫോടനത്തില്‍ 37 പേരും കൊല്ലപ്പെട്ടു.
സല്മാന് റുഷ്ദിക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ചതിന് സാഹിത്യകാരി ജെ.കെ.റൗളിങിന് വധഭീഷണി ഉണ്ടായി. ആക്രമണത്തെ അപലപിച്ച് ട്വീറ്റ് ചെയതതിന് പിന്നാലെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതിന്റെ സ്ക്രീന്‍ഷോട്ട് റൗളങ് ട്വിറ്ററില്‍ പങ്കുവച്ചു. വിഖ്യാത നോവല്‍ സീരീസായ ഹാരിപോട്ടറിന്റെ രചയിതാവാണ് ജെ.കെ.റൗളിങ്. റുഷ്ദിക്ക് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് കേട്ടപ്പോള്‍ അസ്വസ്ഥത തോന്നിയെന്നാണ് ജെ.കെ. റൗളിങ് ട്വീറ്റ് ചെയ്തത്. റുഷ്ദി വേഗം സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും റൗളിങ് കുറിച്ചു. ഈ ട്വീറ്റിന് മറുപടിയായാണ് ‘വിഷമിക്കേണ്ട. നിങ്ങളാണ് അടുത്തത്’ എന്ന ഭീഷണി സന്ദേശം റൗളിങിന് ലഭിച്ചത്. ന്യൂയോര്‍ക്കില്‍ സാഹിത്യ പരിപാടിക്കിടെ റുഷ്ദിയെ ആക്രമിച്ച ഹാദി മറ്ററിനെ ഭീഷണി സന്ദേശം അയച്ചയാള്‍ പ്രശംസിക്കുകയും ചെയ്തു. ആക്രമണം ആസൂത്രിതവും ഞെട്ടിക്കുന്നതുമാണെന്ന് ‘പെന്‍ അമേരിക്ക’ പ്രതികരിച്ചു. അമേരിക്കയില്‍ ഒരു സാഹിത്യകാരനുനേരെയുണ്ടായ ആക്രമണം ചിന്തിക്കാന്‍പോലും കഴിയാത്തതാണെന്നും സംഘടനയുടെ സിഇഒ സൂസന് നോസല്‍ പറഞ്ഞു. ‘പെന്‍ അമേരിക്ക’യുടെ മുന്‍ പ്രസിഡന്റുകൂടിയാണ് സല്മാന് റുഷ്ദി. സാഹിത്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും പേടിപ്പെടുത്തുന്ന ദിവസമാണിതെന്ന് എഴുത്തുകാരനായ വില്യം ഡാല്‍റിംപിള്‍ ട്വിറ്ററില്‍ കുറിച്ചു. റുഷ്ദി ആക്രമിക്കപ്പെട്ടെങ്കില്‍ ഇസ്ലാമിനെ വിമര്‍ശിക്കുന്ന ആരും ആക്രമിക്കപ്പെട്ടേക്കാമെന്ന് എഴുത്തുകാരി തസ്ലിമ നസ്റിന് പറഞ്ഞു. മതഭ്രാന്തന്മാരുടെ ആക്രമണത്തെ അപലപിക്കുന്നതായും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കവി ജാവേദ് അക്തര്‍ ട്വീറ്റ് ചെയ്തു.
1947 ജൂണ്‍ 19ന് മുംബൈയിലാണ് റുഷ്ദിയുടെ ജനനം. 14 വയസ്സുള്ളപ്പോള്‍ ഇംഗ്ലണ്ടിലേക്ക് കുടിയേറിയ റുഷ്ദി കേംബ്രിജിലെ കിങ്സ് കോളജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം നേടി. 2015ല്‍ പ്രസിദ്ധീകരിച്ച ‘ടു ഇയേഴ്സ് എയ്റ്റ് മന്ത്സ് ആന്റ് ട്വന്റി എയ്റ്റ് നൈറ്റ്സ്’ എന്ന പുസ്തകമാണ് പുറത്തിറങ്ങിയ അവസാന നോവല്‍. മാജിക്കല്‍ റിയലിസവും ചരിത്രവും കാല്പനികതയുമാണ് മിക്ക കൃതികളുടെയും ഇതിവൃത്തം. എല്ലാ കൃതികളുടെയും പശ്ചാത്തലം ഇന്ത്യന്‍ ഉപഭൂഖണ്ഡമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: