കോഴിക്കോട്: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെക്കുറിച്ച് ജന്മഭൂമിയില് പ്രസിദ്ധീകരിച്ച കവിത ‘നവഭാരത സാരഥി’ കഥകളിയായി. ഡോ. ജെ. പ്രമീളാ ദേവി എഴുതിയ കവിത ഏറെ ജനശ്രദ്ധ നേടിയതിനു പിന്നാലെയാണ് ആലപ്പുഴ നാട്യകല, കഥകളിയാക്കി ഏകാംഗ രംഗാവതരണം നിര്‍വ്വഹിച്ചത്.
കവിതയെ ആസ്പദമാക്കി ആട്ടപ്രകാരം തയ്യാറാക്കിയത് ചലച്ചിത്ര ഗാനരചയിതാവായ ബീയാര്‍ പ്രസാദാണ്. ഉയര്‍ന്ന സ്വപ്നങ്ങള്‍ കാണാന്‍ ഞങ്ങള്‍ക്കും സാധിക്കുമെന്ന തിരിച്ചറിവിന്റെ ഉണര്‍വ്വില്‍ ഗോത്ര വിഭാഗത്തിന്റെ പ്രതിനിധിയായ വനിതയുടെ വേഷത്തില്‍ അരങ്ങിലെത്തുന്നത് നിരവധി ആട്ടക്കഥകളുടെ രചയിതാവും നടനുമായ കലാമണ്ഡലം ഗണേശനാണ്. ‘കിരാതം’ കഥകളിയില്‍ പാശുപതാസ്ത്രം ലഭിക്കാന്‍ തപസ്സുചെയ്യുന്ന അര്‍ജ്ജുനനെ പരീക്ഷിക്കാന്‍ വനചാരികളായി വന്ന ശിവപാര്‍വ്വതിമാരില്‍ ശ്രീപാര്‍വ്വതിയുടെ വേഷമായ നീലമനയോലയാണ് ഇതിലെ സ്ത്രീകഥാപാത്രത്തിന് സ്വീകരിച്ചത്. ഏകാന്ത ശാന്തമായ വനസ്ഥലികളിലാണ് ഋഷിപ്രോക്തമായ ഭാരതീയ ദര്‍ശനങ്ങളുടെ സൂര്യോദയമുണ്ടായത്. വനചാരിയായ വാല്മീകിയില് നിന്നാണ് ആദികാവ്യം പിറന്നതും. വരേണ്യരുടെ മാത്രം കലയെന്ന് ഒരുകാലത്ത് വിശേഷിപ്പിച്ചിരുന്ന കഥകളിക്ക് സമകാലിക വിഷയങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ കഴിയുമെന്ന സന്ദേശം കൂടി ഈ രംഗാവതരണം മുന്നോട്ടു വയ്ക്കുന്നുവെന്ന് ആട്ടപ്രകാരം തയാറാക്കിയ ബീയാര്‍ പ്രസാദ് പറഞ്ഞു.
കലാമണ്ഡലം സജീവന്, കലാമണ്ഡലം കൃഷ്ണകുമാര്‍ എന്നിവര്‍ പാട്ടിലും കലാനിലയം രാകേഷ്, കലാമണ്ഡലം നിഥിന് എന്നിവര്‍ ഇടയ്ക്കയിലും മദ്ദളത്തിലും പിന്നണിയെ സമ്പന്നമാക്കി. 25 മിനിറ്റ് നേരത്തെ ‘നവഭാരതസാരഥി’ ഏതു കഥകളി കലാകാരന്മാരെയും ക്ഷണിച്ച് എവിടെയും അവതരിപ്പിക്കാവുന്ന തരത്തിലാണ്. ബീയാര്‍ പ്രസാദിന്റെ യൂ ട്യൂബ് ചാനലായ ‘ഒന്നാംകിളി രണ്ടാംകിളി’ യാണ് ഇത് പ്രകാശനം ചെയ്തിരിക്കുന്നത്. കഥകളി കാണാന്‍:
പ്രതികരിക്കാൻ ഇവിടെ എഴുതുക: