കൊച്ചി: കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രവേശനത്തിന് എംപിമാര്‍ക്ക് ഉള്‍പ്പെടെയുണ്ടായിരുന്ന പ്രത്യേക ക്വാട്ട റദ്ദാക്കിയ കേന്ദ്ര നടപടി ഹൈക്കോടതി ഡിവിഷന് ബെഞ്ച് ശരിവച്ചു. കേന്ദ്ര നടപടി ധീരവും വിപ്ലവകരവുമാണെന്നു കോടതി പ്രശംസിച്ചു.
വിദ്യാലയ സമിതി ചെയര്‍മാന്‍മാര്‍ക്കുണ്ടായിരുന്ന പ്രത്യേക ക്വാട്ട എടുത്തു കളഞ്ഞത് ചോദ്യം ചെയ്തു ചില വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ച്, സിംഗിള്‍ ബെഞ്ച് കേന്ദ്ര നടപടി റദ്ദാക്കിയിരുന്നു. ഇതിനെതിരേ കേന്ദ്രവും കേന്ദ്രീയ വിദ്യാലയ സംഘടനും നല്കിയ അപ്പീലിലാണ് കേന്ദ്ര നടപടി ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍, ജസ്റ്റിസ് എസ്. സുധ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ശരിവച്ചത്.
കേന്ദ്ര സര്‍ക്കാരിനും കേന്ദ്രീയ വിദ്യാലയ സംഘടനും വേണ്ടി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എസ്. മനു ഹാജരായി. സര്‍ക്കാര്‍ സ്വീകരിച്ചത് തികച്ചും ധീരവും വിപ്ലവകരവുമായ നടപടിയാണെന്ന മനുവിന്റെ വാദം കോടതി അംഗീകരിച്ചു. ഇത്തവണത്തെ കേന്ദ്രീയ വിദ്യാലയ പ്രവേശന നടപടികള്‍ തുടങ്ങിയ ശേഷം എംപിമാര്‍ക്കു ലഭ്യമായിരുന്ന 10 സീറ്റ് ഉള്‍പ്പെടെയുള്ള വിവിധ ക്വാട്ടകള്‍ കേന്ദ്രം റദ്ദാക്കിയിരുന്നു. കൊവിഡ് മൂലം അനാഥരായ കുട്ടികള്‍ ഉള്‍പ്പെടെ അര്‍ഹരായ ദുര്‍ബല വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കു പ്രവേശനം നല്കാന് പുതിയ ക്വാട്ട അനുവദിച്ച ശേഷമായിരുന്നു ഇത്.
എംപി ക്വാട്ടയും വിദ്യാലയ മാനേജ്മെന്റ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്കുണ്ടായിരുന്ന രണ്ടു സീറ്റുമാണ് റദ്ദാക്കിയത്. ഇതിനെതിരേ കോട്ടയം, കണ്ണൂര്‍ സ്വദേശികളാണ് ഹൈക്കോടതിയെ സമീപിച്ചത്. ക്വാട്ടകള്‍ വഴിയുള്ള പ്രവേശനം സ്വാധീനമുള്ളവര്‍ക്കു മാത്രമാണെന്നും ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഇതുമൂലം പ്രവേശനം നഷ്ടമാകുന്നെന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. വര്‍ഷങ്ങളായി തുടരുന്ന കീഴ്വഴക്കം ധീരമായ നടപടിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ തിരുത്തുകയാണു ചെയ്തതെന്ന് അഡ്വ. മനു ചൂണ്ടിക്കാട്ടി. ഇതംഗീകരിച്ച കോടതി ഇത്തരത്തിലുള്ള ശിപാര്‍ശകള്‍ നില നിര്‍ത്താന്‍ കേന്ദ്രത്തെ നിര്‍ബന്ധിക്കാനാകില്ലെന്നു വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: