ന്യൂദല്‍ഹി: ഫാദേഴ്സ് ഡേയില്‍ പ്രചരിക്കുന്ന ആപ്തവാക്യമാണിത് :”ഏത് താരത്തിന്റെ വിജയത്തിന് പിന്നിലും ഒരു അച്ഛന് ഉണ്ടാകും”. ഇവിടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഭാരദ്വഹനത്തില്‍ വെള്ളിമെഡല്‍ നേടിയ സങ്കേത് സര്‍ഗറിന്റെ കാര്യത്തില്‍ അത് അച്ഛന് മഹാദേവാണ്.
പാന്‍മസാലവില്‍പനക്കാരനായി ജീവിതം ആരംഭിച്ച് മഹാദേവിന്റെ മനസ്സില്‍ മകനെ സ്പോര്‍ട്സ് താരമാക്കണമെന്നത് ഒരു സ്വപ്നമായിരുന്നു. അതിനായി അദ്ദേഹം കഠിനമായി പരിശ്രമിച്ചു. മഹാരാഷ്ട്രയിലെ മഞ്ഞളിന്റെ സ്ഥലം എന്നറിയപ്പെടുന്ന കര്‍ഷകരുടെ സംഗ്ലിയിലെ കുഗ്രാമത്തില്‍ നിന്നാണ് മഹാദേവ് വരുന്നത്. ആദ്യം തള്ളുവണ്ടിയില്‍ പഴങ്ങള്‍ വിറ്റു നടന്നു. അതില്‍ നിന്നും കിട്ടിയ പണം കൂട്ടിവെച്ച് ഒരു പാന്‍ കട തുടങ്ങി. സങ്കേത് പാന്‍. അവിടെ പിന്നീട് പാന്‍ വില്പനയ്ക്ക് പുറമെ ചായയും പ്രാതലും വിറ്റു. ഭാര്യയും അദ്ദേഹത്തോടൊപ്പം നിഴല്‍ പോലെ ഉണ്ടായിരുന്നു. സങ്കേത് സര്‍ഗര്‍ കുട്ടിയായിരുന്നപ്പോള്‍ രണ്ട് ബിസിനസും നടത്താന്‍ കഷ്ടപ്പെടുകയായിരുന്നു മഹാദേവ്. “ചായ, വടപാവ്, കന്റ പോഹ ഇതായിരുന്നു ഞങ്ങളുടെ സ്പെഷ്യല്‍. പാന്‍ കടയില്‍ ഞാന്‍ സാധാ പാന്‍, മീഠാ പാന്‍, മസാല പാന്‍ എന്നിവ ഉണ്ടാക്കി. ഇതെല്ലാം ചെറുപ്പത്തിലേ ഞാന്‍ പഠിച്ചതാണ്. “- അദ്ദേഹം പറയുന്നു.
സ്പോര്‍ട്സിനോട് ഏറെ ഇഷ്ടമുണ്ടായിരുന്ന മഹാദേവിന് കഷ്ടപ്പാടുകളില്‍ കുരുങ്ങി അത് സാധിച്ചില്ല. തനിക്ക് കിട്ടാതെ പോയ സൗഭാഗ്യം മകനിലൂടെ സാക്ഷാല്‍ക്കരിക്കുകയായിരുന്നു ലക്ഷ്യം. സങ്കേത് സര്‍ഗറിന് 12 വയസ്സായപ്പോള്‍ ദിഗ് വിജയ് വ്യായാമ ശാലയില്‍ ചേര്‍ത്തി. “പപ്പയ്ക്ക് സ്പോര്‍ട്സ് ഇഷ്ടമായിരുന്നു. അതിന് കഴിഞ്ഞില്ല. ഒരു വെയ്റ്റ് ലിഫ്റ്റര്‍ ആകണമെന്നും എനിക്ക് മോഹമുണ്ടായിരുന്നില്ല. ഒരു ദിവസം പപ്പ എന്നെ ജിമ്മിലേക്ക് കൊണ്ടുപോയി. പിറ്റേന്ന് രാവിലെ 6.30ന് ജിമ്മില്‍ എത്താന്‍ പറഞ്ഞു. ” ആ കുഗ്രാമത്തിലെ ജിമ്മില്‍ നിന്നാണ് ഇന്ത്യയ്ക്ക് വേണ്ടി കോമണ്‍ വെല്‍ത്തില്‍ വെള്ളിമെഡല്‍ നേടിയ താരം ഉയര്‍ന്നുവരുന്നത്.
അതിനിടെ അച്ഛന്റെ കടയിലും സങ്കേതിന് സഹായിക്കേണ്ടി വന്നു. “പലപ്പോഴും ജിമ്മില്‍ പോയി വന്നാല്‍ തളര്‍ച്ചയുണ്ടെങ്കിലും പിന്നീട് ചിലപ്പോള്‍ നീണ്ടമണിക്കൂറുകള്‍ അച്ഛന്റെ കടയില്‍ ചെലവിടേണ്ടി വരും. അക്കൗണ്ട് നോക്കണം പണിക്കാര്‍ക്ക് ശമ്പളം നല്‍കണം…അങ്ങിനെയങ്ങിനെ “- സങ്കേത് പറയുന്നു.
പക്ഷെ ഇല്ലായ്മയിലും അച്ഛന് മകന് ആവശ്യപ്പെട്ടതെല്ലാം നല്കി. “ഞങ്ങള്‍ പണക്കാരല്ല. എങ്കിലും ഞാന്‍ എന്താവശ്യപ്പെട്ടാലും കഷ്ടപ്പെട്ട് അച്ഛന് അത് സാധിച്ചുതന്നു. ചിലത് കുറച്ച് നാളെത്തിട്ടാണെങ്കിലും..ഉദാഹണത്തിന് പ്രോട്ടീന്‍ പൗഡര്‍. ജിമ്മില്‍ പോയി വന്ന ശേഷം കുടിക്കേണ്ടതാണിത്. ഇത് വാങ്ങാനുള്ള പണം കണ്ടെത്താന്‍ പലപ്പോഴും വൈകും. ചിലപ്പോഴെല്ലാം അതിനായി അച്ഛന് വായ്പയെടുക്കും. പിന്നീട് തവണകളായി അടച്ചുതീര്‍ക്കും.”- സങ്കേത് സര്‍ഗര്‍ പറയുന്നു.
ആദ്യം 49 കിലോഗ്രാമില്‍ പങ്കെടുത്തുകൊണ്ടിരുന്ന സങ്കേത് പിന്നീട് 55 കിലോഗ്രാമില്‍ ചേര്‍ന്നതോടെ കാര്യങ്ങള്‍ ശരിയായ ദിശയില്‍ വന്ന് തുടങ്ങി. ദേശീയതലത്തില്‍ ചാമ്പ്യനായതോടെ കോമണ്‍വെല്‍ത്തില്‍ മത്സരിക്കാന്‍ അവസരം വന്നു. വിജയത്തിന്റെ പടവുകള്‍ ചവിട്ടുമ്പോഴും സാങ്കേത് അച്ഛന്റെ പാന്‍ കടയില്‍ പോകുന്ന പതിവ് നിര്‍ത്തിയില്ല. സ്പോര്‍ട് പ്രധാനമാണെങ്കിലും ജീവിക്കാനുള്ള പണം കണ്ടെത്തേണ്ടതും പ്രധാനമാണെന്ന് സങ്കേത് പറയുന്നു. കടയില്‍ ഒരു ദിവസം 300 പേരെങ്കിലും വന്നുപോകും. ചിലപ്പോള്‍ തിരക്കുണ്ടെങ്കില് എല്ലാവരെയും തൃപ്തിപ്പെടുത്തണം. സമ്മര്‍ദ്ദം കൈകാര്യം ചെയ്യാന്‍ സങ്കേത് പഠിച്ചത് പാന്‍ കടയില്‍ നിന്നാണ്.
നേരത്തെ സങ്കേത് പാന്‍ കട എന്നാണ് പറഞ്ഞിരുന്നതെങ്കില്‍ ഇനി മുതല്‍ ജനങ്ങള്‍ കോമണ്‍വെല്‍ത് ഗെയിംസ് മെഡല്‍ നേടിയ സങ്കേതിന്റെ കട എന്ന് പറയുമെന്ന് സങ്കേത് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: