കൊല്ലം: സര്‍ക്കാര്‍ ആശുപത്രിയിലെ മരുന്നുക്ഷാമത്തെ തുടര്‍ന്ന് രോഗികള്‍ സ്വാകാര്യ മെഡിക്കല്‍ സ്റ്റോറുകളെ ആശ്രയിക്കുമ്പോഴും മെഡിക്കല്‍ സ്റ്റോര്‍ ഉടമകള്‍ക്കു നിരത്താനുള്ളത് നഷ്ടക്കണക്കുകള്‍ മാത്രം.
സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന അധിക നികുതിഭാരം കാരണം കേരളത്തിലെ മെഡിക്കല്‍ ഷോപ്പുകള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണന്ന് ഉടമകള്‍ പറയുന്നു. കമ്പനികള്‍ സ്റ്റോറുകള്‍ക്ക് മരുന്നു നല്‍കുന്നത് ജിഎസ്ടി ഉള്‍പ്പെടെ വന്‍ വിലയ്ക്കാണത്രേ. ഇക്കാരണത്താല്‍ മെഡിക്കല്‍ സ്റ്റോറുകള്‍ എം ആര് പി വിലയിലും1-15 ശതമാനം ഡിസ്കൗണ്ടിലും മരുന്നുകള്‍ നല്കാന് നിര്‍ബന്ധിതരാകുകയാണ്. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഈ മരുന്നുകള്‍ നല്കുന്നതാകട്ടെ സൗജന്യ നിരക്കില്‍. ഈ നഷ്ടം കൂടി മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് ഈടാക്കും.
ജീവന്‍രക്ഷാമരുന്നുകള്‍ ഇന്‍സുലിന്‍ ആന്റിബയോട്ടിക്കുകള്‍ തുടങ്ങിയവ വന്വിലയിലാണ് സ്വകാര്യ ഷോപ്പുകള്‍ വില്‍ക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പത്ത് മില്ലിഗ്രാം ഇന്‍സുലിന്‍ ജിഎസ്ടി ഉള്‍പ്പെടെ 128 രൂപയ്ക്കാണ് സ്വകാര്യ മെഡിക്കല്‍ഷോപ്പില്‍ നല്‍കുന്നത്. വില്‍ക്കുന്നതാകട്ടെ രണ്ട് രൂപ കൂട്ടി വെറും 130 രൂപയ്ക്ക്. അതുപോലെ തന്നെയാണ് പല ആന്റിബയോട്ടിക്കുകളുടെയും സ്ഥിതി.
സ്വകാര്യ മെഡിക്കല്ഷോപ്പുകള് രൊക്കം പണം നല്‍കിയാണ് മരുന്ന് വാങ്ങുന്നത്. അതുകൊണ്ട് തന്നെ മരുന്ന് ക്ഷാമം സ്റ്റോറുകളിലുണ്ടാകാറില്ല. സര്‍ക്കാര്‍ആശുപത്രികളില്‍ ലഭിക്കുന്നത് ജനറിക് മരുന്നുകള്‍ ആണ്. ഒരു ആശുപത്രിയിലും ബ്രാന്‍ഡഡ് മരുന്ന് കാണില്ല. കാരണം ബ്രാന്‍ഡഡ് മെഡിസിന് വന്‍വിലയാണ്. അതൊരിക്കലും തുച്ഛമായ വിലയ്ക്ക് ആശുപത്രിക്ക് നല്കാന് പറ്റില്ല. ബ്രാന്‍ഡഡ് മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികള്‍ മെഡിക്കല്‍ സ്റ്റോറുകളിലേക്ക് കുറിച്ച് നല്‍കും.
ആശുപത്രികളില്‍ നിന്നും ലഭ്യമാകുന്ന ജനറിക് മരുന്നുകള്‍ക്ക് തുച്ഛമായ വിലയാണ് മരുന്ന് കമ്പനികള്‍ ഈടാക്കുന്നത്. ഈ ഇനത്തില്‍പ്പെട്ട മരുന്നുകള്‍ സര്‍ക്കാര്‍ആശുപത്രികളില്‍ അല്ലാതെ വേറെ എങ്ങും കിട്ടാത്ത അവസ്ഥയും ഉണ്ട്. മരുന്ന് കമ്പനികളും ആശുപത്രി അധികൃതരും തമ്മിലുള്ള ഒത്തുകളിയാണ് ഇതിന് കാരണമെന്ന് മെഡിക്കല്‍ സ്റ്റോര്‍ ഉടമകള്‍ പറയുന്നു.
എം.എസ് ജയച്ചന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: