തൃശൂര്‍: സിഐടിയു സംസ്ഥാന നേതാവു കൂടിയായ പാര്‍ട്ടി ജില്ലാകമ്മിറ്റിയംഗത്തിനെതിരെയുള്ള ലൈംഗീക പീഡന പരാതിയില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ച് സിപിഎം. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ആരോപണ വിധേയനായ പാര്‍ട്ടി നേതാവ് പ്രസിഡന്റായ ബാങ്കിലെ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയെന്നും ലൈംഗികാതിക്രമത്തിന് ശ്രമിച്ചതായുമാണ് പരാതി.
ഇതേസംഭവം നിരവധി തവണ ആവര്‍ത്തിക്കുകയും കൂടുതല്‍ പേര് പരാതിയുമായി രംഗത്തെത്തുകയും ചെയ്തതോടെയാണ് ബാങ്ക് പ്രസിഡന്റിന്റെ പ്രവര്‍ത്തിയില്‍ പാര്‍ട്ടി പ്രതിസന്ധിയിലായത്. തുടര്‍ന്ന് പാര്‍ട്ടി നേതൃതലത്തില്‍ സമ്മര്‍ദ്ദമുണ്ടായതിന്റെ അടിസ്ഥാനത്തില്‍ ആരോപണ വിധേയനായ ജില്ലാ കമ്മിറ്റിയംഗത്തെ സഹകരണ ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കി. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.കെ. ചന്ദ്രശേഖരനും കെ.വി. നഫീസയുമാണ് അന്വേഷണ കമ്മീഷന് അംഗങ്ങള്‍.
സഹകരണ ബാങ്കിലെ വനിതാ ജീവനക്കാര്‍ കൂട്ടത്തോടെ നല്കിയ പരാതിയിലാണ് അന്വേഷണം. മുന്‍പ് കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേട് നടന്ന സമയത്താണ് ഈ പരാതിയും ഉയര്‍ന്നത്. ഇക്കാര്യം പരിശോധിക്കാമെന്ന പാര്‍ട്ടി നേതൃത്വത്തിന്റെ ഉറപ്പിനെ തുടര്‍ന്ന് നിയമനടപടികളിലേക്ക് പരാതിക്കാര്‍ കടന്നിരുന്നില്ല. പിന്നാലെ പാര്‍ട്ടി സമ്മേളനങ്ങളുമെത്തിയതോടെ നടപടി വൈകി. നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് ചില വനിതകള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആരോപണമുള്ളയാളെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തരുതെന്ന് ഒരുവിഭാഗം നിര്‍ദേശിച്ചിരുന്നെങ്കിലും ജില്ലാ നേതൃത്വം അവഗണിച്ചു. തുടര്‍ന്ന് മാസങ്ങള്‍ക്ക് ശേഷമാണ് പരാതിയില്‍ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്കാന് അന്വേഷണ കമ്മീഷന് ജില്ലാ കമ്മിറ്റി നിര്‍ദേശം നല്‍കിയത്. ഉചിതമായ ശിക്ഷണ നടപടിയുണ്ടായില്ലെങ്കില്‍ നിയമനടപടികളിലേക്ക് കടക്കുമെന്ന് പരാതിക്കാര്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. നാട്ടിക, മണലൂര്‍ ഏരിയാ കമ്മിറ്റികളിലും സമാന ആക്ഷേപങ്ങള്‍ നേരിടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: