കരുനാഗപ്പള്ളി: സിപിഐ കരുനാഗപ്പള്ളി മണ്ഡലം സമ്മേളനം അവസാനിച്ചപ്പോള്‍ സെക്രട്ടറിയായി മണ്ഡലത്തിന് പുറത്തുനിന്നും ഭാരവാഹി എത്തിയത് തര്‍ക്കത്തിനു കാരണമായി. ആദ്യമായാണ് കരുനാഗപ്പള്ളി മണ്ഡലത്തിന് പുറത്തുനിന്നുള്ള ഒരാള്‍ സ്ഥാനത്തെത്തുന്നത്. ജില്ലാ എക്സിക്യൂട്ടീവ് അംഗവും ചവറ സ്വദേശിയുമായ ഐ. ഷിഹാബാണ് പുതിയ മണ്ഡലം സെക്രട്ടറി. എഐവൈഎഫ് ജില്ലാ ഭാരവാഹിയായ ജഗത്ത് ജീവന്‍ലാലി, മണ്ഡലം എക്സിക്യൂട്ടീവംഗം ആര്. രവി എന്നിവര്‍ മത്സരരംഗത്ത് വന്നതോടെ തര്‍ക്കം രൂക്ഷമായി.
മുന്‍ എംഎല്‍എ ആര്. രാമചന്ദ്രനെ അനുകൂലിക്കുന്ന വിഭാഗത്തിനായിരുന്നു സമ്മേളനത്തില്‍ മേല്‍ക്കൈ. ഈ വിഭാഗത്തില്‍പ്പെട്ട 15 പേരും എതിര്‍പക്ഷത്തിലെ ഏഴു പേരും അടങ്ങുന്ന 22 അംഗ മണ്ഡലം കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്. തുടര്‍ന്ന് ജഗത് ജീവന്‍ലാലി സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചു ജയിക്കുമെന്ന സാഹചര്യമായി. ഇതോടെ ജില്ലാ നേതൃത്വം ഇടപെടുകയായിരുന്നു. നിലവില്‍ ജില്ലാകമ്മിറ്റി അംഗങ്ങളായ ജഗത് ജീവന്ലാലിയും ജയകൃഷ്ണപിള്ളയും മണ്ഡലം കമ്മിറ്റിയില്‍ നിന്ന് ഒഴിയണമെന്ന് ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരന് നിര്‍ദ്ദേശംവച്ചു.
എന്നാല്‍ ഇതിനെതിരെ എഐവൈഎഫിന്റെ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ഒരുസംഘം ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നു. ഇവരെ രണ്ടുപേരെയും മണ്ഡലം കമ്മിറ്റിയില്‍ നിലനിര്‍ത്തണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. എന്നാല്‍ ജില്ലാ നേതൃത്വം അതിനു വഴങ്ങിയില്ല. ഒടുവില്‍ ജഗത് ജീവന് ലാലി, ജയകൃഷ്ണപിള്ള എന്നിവരെ മണ്ഡലം കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി 22 അംഗ കമ്മിറ്റിയുടെ പാനല്‍ അംഗീകരിക്കുകയായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: