വി. ഉണ്ണിക്കൃഷ്ണന് മാസ്റ്റര്‍
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ദ്രൗപദീ മുര്‍മൂവിന് കേരളത്തില്‍നിന്നും ലഭിച്ച ഒരു എംഎല്‍എയുടെ വോട്ട് വിരല്‍ ചൂണ്ടുന്നത് കേരള രാഷ്ട്രീയത്തില്‍ വരാന്‍ പോകുന്ന വലിയ മാറ്റത്തിലേക്കാണ്. വന്‍ ഭൂരിപക്ഷത്തോടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപദീ മുര്‍മൂ വിജയിച്ചെങ്കിലും വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടത് കേരളത്തില്‍നിന്നും ലഭിച്ച ആ ഒരു വോട്ടിനെപ്പറ്റിയാണ്. എന്‍ഡിഎക്ക് ഒരു എംഎല്‍എപോലുമില്ലാത്ത കേരള നിയമസഭയില്‍നിന്ന് ദ്രൗപദീ മൂര്‍മൂവിന് ലഭിച്ച ഒരു വോട്ടിന് പത്തരമാറ്റിന്റെ മൂല്യമുണ്ട്. 139 ന്റെ തിളക്കമുണ്ട്. വോട്ട് ചെയ്തത് ആരാണ് എന്നുള്ളത് കണ്ടെത്തേണ്ടതുണ്ടെങ്കിലും, ആ വോട്ട് വരാനിരിക്കുന്ന നാളുകളില്‍ കേരള രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കാരണം പ്രതിപക്ഷം നിര്‍ത്തിയ സ്ഥാനാ
ര്‍ത്ഥിക്ക് വോട്ട് ചെയ്യാതെ എല്‍ഡിഎഫിലെയോ യുഡിഎഫിലെയോ ഒരു എംഎല്‍എ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ഗോത്രവിഭാഗത്തിലെ വനിതയുമായ മുര്‍മൂവിന് വോട്ട്ചെയ്യാന്‍ ധൈര്യം കാണിച്ചു എന്നുള്ളത് രണ്ട് മുന്നണികളെയും ഞെട്ടിച്ചു എന്നു മാത്രമല്ല, തെരഞ്ഞെടുക്കപ്പെട്ട എംഎല്എമാര്ക്കുപോ
ലും മാനസാന്തരമുണ്ടാകുന്ന രീതിയില്‍ കേരള രാഷ്ട്രീയം മാറുന്നു എന്നുള്ളത് ശുഭസൂചകമാണ്. ആറ് പതിറ്റാണ്ടുകാലമായി രണ്ട് മുന്നണികളുടെയും നീരാളിപ്പിടിത്തത്തില്‍നിന്നും കേരള രാഷ്ട്രീയം ശുദ്ധീകരിക്കപ്പെടേണ്ടതുണ്ടെന്ന് എംഎല്‍എമാര്‍ പോ
ലും ചിന്തിക്കുന്ന രീതിയില്‍ രണ്ട് മുന്നണികളും പൊട്ടിത്തെറിയുടെ വക്കിലാണ്. ഇവിടെയാണ് കൊടിക്കുന്നില്‍ സുരേഷ് എംപി പോലും വ്യക്തിപരമായി തനിക്ക് ദ്രൗപദീ മുര്‍മൂവിന് വോട്ടുചെയ്യാന്‍ താല്പര്യമുണ്ടായിരുന്നു എന്ന് തുറന്നു പറഞ്ഞത്. അജ്ഞാതനായ ഒരു എംഎല്‍എയോ മന്ത്രിയോ വോട്ട് ചെയ്തതും, കൊടിക്കുന്നില്‍ സുരേഷ് എംപി വോട്ടുചെയ്യാന്‍ ആഗ്രഹിച്ചിരുന്നു എന്ന് പൊതുസമൂഹത്തിന്റെ മുന്നില്‍ പോലും തുറന്നുപറഞ്ഞതും വിരല്‍ചൂണ്ടുന്നത് ഇതേപോലെ നിരവധി എംഎല്‍എമാരും എംപിമാരും മനസ്സുകൊണ്ട് ദൗപദീ മുര്‍മൂവിന് വോട്ടു ചെയ്തിരിക്കുന്നു എന്നുള്ളതാണ്. എന്തായാലും ദേശീയ മുഖ്യധാരയില്‍ പങ്കാളിയാവാന്‍ ഒരു എംഎല്‍എ തയ്യാറായതിലൂടെ മൂന്നരക്കോടി മലയാളികളുടെ അഭിമാനമാണ് സംരക്ഷിച്ചത്.
എന്തുകൊണ്ട് മാറ്റം സംഭവിക്കുന്നു
കേരള നിയമസഭയിലെ രണ്ട് മുന്നണികളുടെയും നിലപാടുകളില്‍ കേരളത്തിലെ ലക്ഷക്കണക്കിന് സാധാരണ ജനങ്ങള്‍ക്ക് വിയോജിപ്പുണ്ടെങ്കിലും എന്‍ഡിഎ അല്ലാത്ത ഒരു എംഎല്‍എ ഇത്തരത്തില്‍ പുറംതോട് ഭേദിച്ച് പുറത്തുവരുന്നത് ആദ്യമായിട്ടാണ്. ഇത് ഒരു അബദ്ധം സംഭവിച്ചതാണെന്ന് ആരും വിശ്വസിക്കുന്നില്ല. വര്‍ഷങ്ങളായി രണ്ടു മുന്നണികളും മാറിമാറി ഭരിക്കുമ്പോള്‍ പരസ്പരസഹായപദ്ധതിയുമായിട്ടാണ് മുന്നോട്ടുപോകുന്നത്. അഴിമതിയുടെ കാര്യത്തിലും സ്വജനപക്ഷപാതത്തിലുമെല്ലാം പരസ്പരം വിട്ടുവീഴ്ച ചെയ്ത് അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണ് കളിച്ചിരുന്നത്.
കേന്ദ്രം നടപ്പാക്കിയ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ പല നിയമങ്ങള്‍ക്കെതിരെയും നിയമസഭ പ്രമേയം പാസാക്കിയപ്പോള്‍ എല്ലാ എല്‍ഡിഎഫ്, യുഡിഎഫ് എംഎല്‍എമാരും ഒറ്റക്കെട്ടായിരുന്നു. അത് സിഎഎ ആയാലും കര്ഷകനിയമമായാലും രാജ്യദ്രോഹി യായ മദനി ജയില്മോചിതനാകണമെന്നാവശ്യപ്പെട്ടുകൊണ്ടായാലും എല്‍ഡിഎഫും യുഡിഎഫും ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. അന്നും പല എംഎല്‍എമാര്‍ക്കും വിയോജിപ്പുണ്ടായിരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷെ അന്ന് കെട്ടുപൊട്ടിച്ച് ചാടാന്‍ പലര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. അത്തരമൊരു സാഹചര്യത്തില്‍നിന്നും എല്‍ഡിഎഫ്, യുഡിഎഫ് എംഎല്‍എമാരില്‍ പലരും സ്വതന്ത്രമാവുന്നു എന്നതിന്റെ സൂചനകൂടിയായി ഈ വോട്ട് മാറ്റമെന്ന് കാണാവുന്നതാണ്.
കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സ്വര്‍ണക്കടത്ത് കേസിന്റെ കാര്യത്തിലും രണ്ട് മുന്നണികളുടെയും കപടനാടകം എംഎല്‍എമാരെപ്പോലും അസ്വസ്ഥമാക്കുന്നുണ്ട്. ഏറ്റവുമൊടുവില്‍ മുഖ്യമന്ത്രിയും കുടുംബത്തിനും നേരെ സ്വപ്നാ സുരേഷ് കോടതിയില്‍ നല്കിയ മൊഴി സിപിഎം എന്ന രാഷ്ട്രീയപാര്‍ട്ടിയെയും എല്‍ഡിഎഫിനെയും ഉലച്ചിരിക്കുകയാണ്. അമ്പുകൊള്ളാത്തവരായി ആരുമില്ല എന്നപോലെ മുഖ്യമന്ത്രി, ഭാര്യ, മകള്‍, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ ഐഎഎസ്, പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്, നളിനി നെറ്റോ ഐഎഎസ്, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, മുന്‍മന്ത്രി കെ.ടി. ജലീല്‍, മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് അടക്കം ആരോപണവിധേയരായി നില്‍ക്കുകയാണ്. മുഖ്യമന്ത്രിയുടെ കുടുംബത്തിന് നേരെ സ്വപ്നാ സുരേഷ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും, മജിസ്ട്രേറ്റിന് മുന്നില്‍ 164 എ പ്രകാരം മൊഴി നല്‍കിയിട്ടും, അത് മാധ്യമങ്ങളിലൂടെ വിളിച്ചുപറഞ്ഞിട്ടും, ആ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെങ്കില്‍ എന്തുകൊണ്ട് സ്വപ്നക്കെതിരെ മാനനഷ്ടത്തിന് കേസ്കൊടുക്കുന്നില്ല എന്നുപോലും സിപിഎം അണികൡലും എംഎല്‍എമാരിലും പാര്‍ട്ടിക്കുള്ളിലും വലിയ ചര്‍ച്ചയായിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ മടിയില്‍ കനമുണ്ട് എന്ന തോന്നല്‍ എല്ലാവരിലുമുണ്ട്. സ്വന്തം പാര്‍ട്ടിക്കാരില്‍ പോലും ഈ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പും ചോദ്യംചെയ്യപ്പെടുന്നു. കോണ്‍ഗ്രസിനെതിരെ സരിതയെ മുന്‍നിര്‍ത്തി പ്രതിരോധം തീര്‍ക്കുമ്പോള്‍ കോണ്‍ഗ്രസും പതറുന്നു. എന്തൊക്കെയോ അവര്‍ക്കും ഒളിക്കാനുണ്ട്. ഏറ്റവുമൊടുവില്‍ കുഞ്ഞാലിക്കുട്ടിയും സതീശനും സ്വപ്ന പറയുന്നതില്‍ വിശ്വാസ്യതയില്ല എന്നു പറഞ്ഞാലും, നിയമസഭയില്‍ ഇ ഡി അന്വേഷണത്തിനു പകരം സിബിഐ അന്വേഷണം എന്നു പറഞ്ഞതും എല്‍ഡിഎഫും യുഡിഎഫും ഈ വിഷയത്തില്‍ ഒത്തുതീര്‍പ്പിലെത്തി എന്നതിന്റെ സൂചനകളാണ്. ഇവിടെയും രണ്ടു വിഭാഗത്തെയും അണികളും എംഎല്‍എമാരും അസ്വസ്ഥരാണ്. അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തില്‍ അവരും മടുത്തിരിക്കുന്നു. ഒരു പൊട്ടിത്തെറി ഏതു സമയത്തും സംഭവിക്കാം.
ഭീകരതയും തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിലും രണ്ടു മുന്നണികളും ഒറ്റക്കെട്ടാണ് എന്നുള്ളതും രണ്ട് കൂട്ടരുടെയും അണികളെ അസ്വസ്ഥമാക്കുന്നുണ്ട്. കേരളത്തില്‍ തീവ്രവാദികളെയും ഭീകരരെയും പാലൂട്ടിവളര്‍ത്തി ദൈവത്തിന്റെ സ്വന്തം നാടിനെ ഭീകരവാദികളുടെയും തീവ്രവാദികളുടെയും സ്വന്തം നാടാക്കി മാറ്റിയതില്‍ രണ്ടു മുന്നണികളും ആറ് പതിറ്റാണ്ട് മത്സരിക്കുകയായിരുന്നു എന്ന് അവര്‍ക്കിടയിലെ അണികളും മനസിലാക്കിയിരിക്കുന്നു. എംഎല്‍എമാര്‍ പോലും ഇക്കാര്യത്തില്‍ അസ്വസ്ഥരാണെന്ന് മനസ്സിലാക്കാന്‍ വ്യക്തിപരമായി സംസാരിക്കുമ്പോള്‍ ബോധ്യപ്പെടുന്നു.
സ്വര്‍ണക്കള്ളക്കടത്ത് വിഷയം സ്വപ്ന വീണ്ടും ഉയര്‍ത്തിയപ്പോള്‍ കേരളത്തില്‍ നടത്തിയ പൊറാട്ടു നാടകങ്ങള്‍ ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ഓഫീസ് അടിച്ചുതകര്‍ത്തതും അവരോട് രാഹുല്‍ ക്ഷമിച്ചതും എകെജി സെന്ററിലേക്ക് പടക്കമെറിഞ്ഞ് സ്വയം പരിഹാസ്യമായി ഇതുവരെയും പ്രതികളെ പിടിക്കാത്തതും, സജി ചെറിയാന്റെ ഭരണഘടനാവിരുദ്ധ പ്രസംഗവും, പി.സി. ജോര്‍ജിന്റെ അറസ്റ്റും വിമാനത്തില്‍ സിഎമ്മിനെതിരെയുള്ള പ്രതിഷേധവും എല്ലാം സ്വര്‍ണക്കള്ളക്കടത്ത് വിഷയത്തില്‍നിന്നും ശ്രദ്ധ തിരിച്ചുവിടാന്‍ എല്‍ഡിഎഫും യുഡിഎഫും ആസൂത്രിതമായി നടത്തിയ നാടകമായിരുന്നു എന്നു മനസ്സിലാക്കാന്‍ മാത്രം ബുദ്ധിയുള്ളവരാണ് കേരളത്തിലെ ജനങ്ങള്‍.
കഴിഞ്ഞ എട്ട് വര്‍ഷമായി നരേന്ദ്ര മോദി ഗവണ്മെന്റ് രാജ്യത്ത് നടപ്പിലാക്കുന്ന വികസന പദ്ധതികളും ക്ഷേമപ്രവര്‍ത്തനങ്ങളും കേരളത്തിലും വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഏതെങ്കിലും കേന്ദ്രപദ്ധതിയുടെ ഗുണം ലഭിക്കാത്ത ഒരു വീടും ഒരു വ്യക്തിയും ഉണ്ടാവില്ല എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കേന്ദ്രപദ്ധതികള്‍ പേരുമാറ്റി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ തുറന്നുകാട്ടാന്‍ കേന്ദ്രമന്ത്രിമാരുടെ കേരള സന്ദര്‍ശനം പ്രയോജനപ്പെട്ടതും സിപിഎമ്മിന് തിരിച്ചടിയായി. ഈ വികസനപ്രവര്‍ത്തനങ്ങളും ക്ഷേമപദ്ധതികളും കേരളത്തിലെ ജനങ്ങളെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഇതിന്റെ സ്വാധീനം എംഎല്‍എമാരിലും പ്രകടമാവുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തോടെയുള്ള ഏകാധിപത്യ ഭരണം പാര്‍ട്ടിയില്‍ വിള്ളലുണ്ടാക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ വി.ഡി. സതീശന് സമ്പൂര്‍ണ പരാജയവുമാണ്. ഇതുകൊണ്ടുതന്നെ കോണ്‍ഗ്രസിലെയും സിപിഎമ്മിലെയും അണികള്‍ അസ്വസ്ഥരാണ്. അണികള്‍ മാത്രമല്ല നേതാക്കളും എംഎല്‍എമാരും എംപിമാരും.
കേരളത്തില്‍ മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ എസ്സി, എസ്ടി വിഭാഗങ്ങളോട് കാണിച്ച അവഗണനയും ക്രൂരതയും കേരളം ചര്‍ച്ച ചെയ്യുകയാണ്. അട്ടപ്പാടിയില്‍ വനവാസി ഊരുകളില്‍ പട്ടിണിമരണവും നവജാതശിശുക്കള്‍ പോഷകാഹാരക്കുറവുംമൂലം മരിച്ചുവീഴുന്നതും നിത്യസംഭവമാണ്. ഒരു ചാണ് വയറിനുവേണ്ടി അപ്പം എടുത്ത മധുവെന്ന ചെറുപ്പക്കാരനെ തല്ലിക്കൊന്നതും ഈ കേരളത്തിലാണ്. വാളയാറിലെ രണ്ട് ദളിത് പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതും അവരെ കൊലപ്പെടുത്തിയതും സാക്ഷരകേരളത്തിന് അപമാനകരമായിരുന്നു. നീതിക്കുവേണ്ടി നിരവധി വാതിലുകള്‍ മുട്ടി നീതി നിഷേധിക്കപ്പെട്ടപ്പോള്‍ തല മുണ്ഡനം ചെയ്യേണ്ടിവന്നു വാളയാറിലെ ആ അമ്മക്ക്. എസ്സി, എസ്ടി വിഭാഗങ്ങള്‍ നിരന്തരമായി പീഡിപ്പിക്കപ്പെടുന്നു. അവരുടെ ഫണ്ടുകള്‍ കൊള്ളയടിക്കുന്നു. ഈ സ്ഥിതി എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ പതിറ്റാണ്ടുകളായി തുടരുകയാണ്. സിപിഎം രൂപംകൊണ്ട് ഒരു നൂറ്റാണ്ടു വേണ്ടിവന്നു പോളിറ്റ് ബ്യൂറോയില്‍ ഒരു ദളിത് പ്രതിനിധിയെത്താന് എന്നതും പിന്നാക്ക വിഭാഗങ്ങള്‍ നിരീക്ഷിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് രാജ്യത്തിന്റെ രാഷ്ട്രപതിയായി ഒറീസയില്‍ സാന്താള്‍ ഗോത്രവിഭാഗത്തില്‍നിന്നും ഉയര്‍ന്നുവന്ന നേതാവ് ദ്രൗപദീ മുര്‍മൂവിനെ എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കുന്നത്. രാജ്യം സ്വാതന്ത്ര്യദിനത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഇത് അഭിമാനമുഹൂര്‍ത്തവും ചരിത്രമുഹൂര്‍ത്തവുമാണ്. ഇത് മനസ്സിലാക്കിയാണ് കേരളത്തിലെ 140 എംഎല്‍എമാര്‍ക്കും വേണ്ടി പ്രതീകാത്മകമായിട്ടാണെങ്കിലും ഒരു എംഎല്‍എ ദ്രൗപദീ മുര്‍മൂവിന് വോട്ടുചെയ്തത്. എ.പി.ജെ. അബ്ദുള്‍കലാമിനെയും രാംനാഥ് കോവിന്ദിനെയും രാഷ്ട്രപതിയാക്കിയ ബിജെപി പുതിയ ഒരധ്യായം കുറിച്ചിരിക്കുകയാണ്. ആ ചരിത്രദൗത്യത്തില്‍ പങ്കാൡയാവാന് നവോത്ഥാനത്തിന്റെ മണ്ണില്‍നിന്ന് ശങ്കരാചാര്യരുടെയും അയ്യങ്കാളിയുടെയും ശ്രീനാരായണഗുരുദേവന്റെയും മന്നത്ത് പത്മനാഭന്റെയും പഴശ്ശിരാജയുടെയും മണ്ണില്‍നിന്ന് എംഎല്‍എ ഉണ്ടായി എന്നുള്ളത് ചരിത്ര നിയോഗമാണ്. അതേ കേരളം മാറുകയാണ്. പുതിയ കേരളം- പുതിയ വീക്ഷണം- വരാനിരിക്കുന്ന വലിയ മാറ്റങ്ങളുടെ ദിശാസൂചകമായി നമുക്കിതിനെ കാണാം. അനിവാര്യമായ മാറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: