ന്യൂദല്‍ഹി: രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം പാര്‍ലമെന്റിലെ ഓഫീസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട പി.ടി. ഉഷയുടെ ആദ്യ അഭ്യര്‍ത്ഥന കേരളത്തില്‍ എയിംസ് അനുവദിക്കണമെന്നായിരുന്നു. ഭര്‍ത്താവ് വി. ശ്രീനിവാസന്, മകന് ഉജ്ജ്വല്‍, ഉഷാ സ്കൂള്‍ സഹസ്ഥാപകനും ജനറല്‍ സെക്രട്ടറിയുമായ പി.എ. അജനചന്ദ്രന്‍ എന്നിവര്‍ക്കൊപ്പമാണ് പ്രധാനമന്ത്രിയെ കണ്ടത്. സ്പോര്‍ട്സ് മെഡിസിന് പഠിച്ച ഉഷയുടെ മകനെ അഭിനന്ദിച്ച പ്രധാനമന്ത്രി കുടുംബത്തിലെ എല്ലാവരും കായിക രംഗവുമായി ബന്ധമുള്ളവരാണല്ലോ എന്ന് പറഞ്ഞു. ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്ത പി.ടി. ഉഷയെ രാജ്യസഭാ അധ്യക്ഷനും പ്രധാനമന്ത്രി മോദിയും അഭിനന്ദിച്ചിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷം ഇരുവരുടേയും ചേംബറിലെത്തി പി. ടി. ഉഷ അനുഗ്രഹം തേടി. കേന്ദ്ര പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരനും ഒപ്പമുണ്ടായിരുന്നു. കിനാലൂരിലെ നിര്‍ദ്ദിഷ്ട സ്ഥലത്ത് തന്നെ കേരളത്തിനുള്ള എയിംസ് അനുവദിക്കണമെന്ന ആവശ്യമാണ് ഉഷ പ്രധാനമന്ത്രിക്ക് മുമ്പില്‍ വച്ചു. ഇക്കാര്യത്തില്‍ കേന്ദ്രമന്ത്രി വി. മുരളീധരനുമായി ചേര്‍ന്ന് വേണ്ട കാര്യങ്ങള്‍ ചെയ്യൂയെന്ന് പ്രധാനമന്ത്രി മറുപടി നല്കി.
ഇത്ര വലിയ അവസരം നല്കിയ പ്രധാനമന്ത്രിക്ക് നന്ദി പറയുന്നതായി ഉഷ പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തെ കായിക മേഖലയുടെ വികസനത്തിനായി കേന്ദ്ര സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിക്കും. കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മുഴുവന്‍ അംഗങ്ങള്‍ക്കുമൊപ്പം പ്രവര്‍ത്തിക്കുമെന്നും കായിക വിഷയങ്ങളില്‍ നേതൃത്വം നല്‍കുമെന്നും ഉഷ പറഞ്ഞു.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഏറെ ഹൃദ്യമായിരുന്നു. അദ്ദേഹം വലിയ സന്തോഷത്തിലായിരുന്നു. ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്തതിനെ അഭിനന്ദിച്ചു. മകന് സ്പോര്‍ട്സ് മെഡിസിനിലാണ് ഡോക്ടറായതെന്ന് അറിയിച്ചപ്പോള്‍ കുടുംബം മുഴുവനും കായിക മേഖലയിലാണല്ലോയെന്ന് പ്രധാനമന്ത്രി ചിരിച്ചുകൊണ്ട് പറഞ്ഞു, ഉഷ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: