ഇരുപത്തിയേഴ് രാജ്യങ്ങളിലൂടെയുള്ള സദ്ഗുരു ജഗ്ഗി വാസുദേവിന്റെ 100 ദിവസത്തെ ‘മണ്ണിനെ രക്ഷിക്കൂ’ എന്ന ശ്രേഷ്ഠമായ യാത്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്രകാരം പറഞ്ഞു: ”ഭാരത മണ്ണിന്റെ കരുത്ത് ഇപ്പോള്‍ ലോകത്തിനു പരിചയപ്പെടുത്തിയിരിക്കുകയാണ്.” ഫലഭൂയിഷ്ഠമായ മണ്ണിന് ലോകമെമ്പാടും അപകടകരമാം വിധം അപചയം സംഭവിക്കുകയും, അത് ആഗോള ഭക്ഷ്യ സുരക്ഷയ്ക്ക് വന്‍ ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് സദ്ഗുരു ‘മണ്ണിനെ രക്ഷിക്കൂ’ എന്ന മുന്നേറ്റം ആരംഭിച്ചിരിക്കുന്നത്. സാഹചര്യത്തിന്റെ നിര്‍ണായക പ്രാധാന്യം മനസ്സിലാക്കിയ സദ്ഗുരു, നിര്‍ജ്ജീവമായിക്കൊണ്ടിരിക്കുന്ന മണ്ണിനെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനും, മണ്ണിലെ ജൈവാംശം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ നയപരമായ മാറ്റങ്ങള്‍ വരുത്തുന്നതിനുമായാണ് ഈ മോട്ടോര്‍ സൈക്കിള്‍ യാത്ര നടത്തിയത്.
മണ്ണ് മണലാവുമ്പോള്
ജൈവാംശം ഇല്ലാതാവുന്നതോടെ ഭക്ഷ്യോല്‍പ്പാദനത്തിനുള്ള കഴിവ് നഷ്ടപ്പെടുന്ന മണ്ണ് മണലായി മാറുന്നു. പുഷ്ടിയുള്ള മണ്ണില്‍ ദശലക്ഷക്കണക്കിന് സൂക്ഷ്മാണുക്കള്‍ അടങ്ങിയിരിക്കുന്നു. ഇത് കാര്‍ബണിനെ അകറ്റി ആഗോള താപനില കുറയ്ക്കുകയും ജലം നിലനിര്‍ത്തുകയും ചെയ്യുന്നു. മണ്ണിലെ ജൈവവൈവിധ്യവും, മണ്ണിനടിയില്‍ വസിക്കുന്ന ജീവജാലങ്ങളും ചെടികളും തമ്മിലുള്ള പോഷക വിനിമയവും ഭക്ഷ്യസുരക്ഷ മാത്രമല്ല, നമ്മുടെ ഭക്ഷണത്തിന്റെ പോഷകഗുണവും നിര്‍ണ്ണയിക്കുന്നു. ഖേദകരമെന്നു പറയട്ടെ, ഇന്ന് ഒരു രാജ്യത്തെ മണ്ണിലും ശരാശരി മൂന്നു ശതമാനം പോലും ജൈവാംശം ഇല്ല. മണ്ണ് ജീവന്റെ സ്രോതസ്സാണ്. മണ്ണിലെ ജൈവാംശത്തിന്റെ അളവ് നഷ്ടമാകുന്നത് മനുഷ്യരാശിയെ അപകടത്തിലാക്കുന്നു.
ഈ പ്രസ്ഥാനത്തിന്റെ പ്രാഥമിക ലക്ഷ്യം, കൃഷിഭൂമികളില്‍ കുറഞ്ഞത് 3-6% ജൈവാംശം ഉണ്ടെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാരുകളെ പ്രേരിപ്പിക്കുക എന്നതാണ്. യുഎന്‍സിസിഡി കോപ് 15-ല്‍ 195 രാജ്യങ്ങളെ അഭിസംബോധന ചെയ്ത സദ്ഗുരു, ഇതു നേടുന്നതിന് ത്രിതല ഉപായം ആവിഷ്കരിക്കുകയും, ഏറ്റവും കുറഞ്ഞ പരിധി കൈവരിക്കുന്നത് കര്‍ഷകര്‍ക്ക് ഗുണകരമാക്കാന്‍ ആഹ്വാനം ചെയ്യുകയുമുണ്ടായി. ഈ പരിധി കൈവരിക്കുന്നതിനായി കര്‍ഷകര്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം സൃഷ്ടിക്കുന്നതിനു വേണ്ട പ്രോത്സാഹനങ്ങള്‍ നല്‍കണമെന്നും സദ്ഗുരു ഉപദേശിച്ചു. കര്‍ഷകര്‍ക്കുള്ള വായ്പ ഉത്തേജനങ്ങള്‍ സുഗമമാക്കുന്നതിനെക്കുറിച്ചും സംസാരിച്ചു. 3-6% ജൈവ ഉള്ളടക്കമുള്ള മണ്ണില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷണത്തിന് ഉയര്‍ന്ന ഗുണനിലവാരത്തിന്റെ ഒരു അടയാളം സൃഷ്ടിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും സദ്ഗുരു പറയുകയുണ്ടായി.
ലോകത്തിന്റെ ആശ്ലേഷം
സദ്ഗുരു, 27 രാജ്യങ്ങളിലൂടെയുള്ള തന്റെ യാത്രയിലുടനീളം ശാസ്ത്രജ്ഞര്‍, തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍, സമൂഹത്തില്‍ സ്വാധീനമുള്ള പ്രമുഖര്‍ എന്നിവരെ കാണുകയും, പ്രതിസന്ധി പരിഹരിക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ പൊതു-സ്വകാര്യ പരിപാടികളില്‍ അവതരിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിനു ലഭിച്ച പ്രതികരണവും അതേപോലെ വിസ്മയിപ്പിക്കുന്നതായിരുന്നു. സദ്ഗുരു സ്ലോവാക്യയുടെ തലസ്ഥാന നഗരമായ ബ്രാറ്റിസ്ലാവയില് ആയിരിക്കുമ്പോള്‍, സ്ലോവാക് റിപ്പബ്ലിക്കിന്റെ ദേശീയ കൗണ്‍സില്‍ അംഗമായ റൊമാന തബക്ക്, പാര്‍ലിമെന്റില്‍ തന്റെ അതിഥിയായി സദ്ഗുരുവിനെ ക്ഷണിച്ചു. സ്ലോവേനിയയുടെ തലസ്ഥാനമായ ലുബ്ലിയാനയില്, സ്ലോവേനിയയിലെ ഇന്ത്യന്‍ അംബാസഡര്‍ നമ്രത എസ് കുമാര്‍, ഈ മുന്നേറ്റം ആരംഭിച്ചതിന് സദ്ഗുരുവിനു ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തികൊണ്ട്, ‘ഭാരതത്തിന്റെ ലോക അംബാസഡര്‍’ എന്ന് സംബോധന ചെയ്യുകയുണ്ടായി.
ആഗോളതലത്തില്‍ പ്രബുദ്ധത സൃഷ്ടിക്കുന്നതിനാല്‍ ശാസ്ത്ര സമൂഹം മണ്ണിനെ സംരക്ഷിക്കണമെന്ന സദ്ഗുരുവിന്റെ ആശയത്തെയും യാത്രയെയും സ്വാഗതം ചെയ്തു. ഡോ. ജേന് ഗുഡോള്‍, ലോകപ്രശസ്ത ഇന്‍ഡോ-അമേരിക്കന്‍ മണ്ണ് ശാസ്ത്രജ്ഞന് പ്രൊഫ. രത്തന്‍ ലാല്‍, ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പ്രോഗ്രാമായ യുഎന്‍ഇപിയുടെ നേച്ചര്‍ ഫോര്‍ ക്ലൈമറ്റിന്റെ മേധാവി ടിം ക്രിസ്റ്റഫേഴ്സന്‍, യുഎന്‍സിസിഡി എക്സിക്യൂട്ടീവ് സെക്രട്ടറി ഇബ്രാഹിം തിയാവ് തുടങ്ങി നിരവധി പേര് മണ്ണിനെ രക്ഷിക്കാനുള്ള ഈ ആഗോള മുന്നേറ്റത്തില്‍ പങ്കാളികളാകാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിച്ചു. മണ്ണിന്റെ രക്ഷയ്ക്കായി ശബ്ദമുയര്‍ത്തുന്നതിനു ജനങ്ങളെ പ്രേരിപ്പിക്കുന്നതില്‍ ഈ ഉദ്യമം വിജയിച്ചിരിക്കുന്നു. ‘ഫോര്‍ പെര് തൗസന്റ്’ എന്ന സംരംഭത്തിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറി പോള്‍ ലുയു, ഇക്കാലത്തെപ്പോലെ മുമ്പെങ്ങും ആരും ഈ പ്രതിസന്ധിയെ ശ്രദ്ധിച്ചിട്ടില്ലെന്നു പ്രസ്താവിക്കുകയുണ്ടായി. ”സദ്ഗുരുവിനെപ്പോലുള്ളവര് ഇങ്ങനെയൊരു സന്ദേശം കൊണ്ടുവരുമ്പോള്‍, നിങ്ങള്‍ കാണുന്നില്ലേ, ആളുകള്‍ പാടുന്നു, നൃത്തം ചെയ്യുന്നു. മണ്ണിനെ രക്ഷിക്കൂ എന്ന സന്ദേശം അവരുടെ മനസ്സില്‍ തുടര്‍ച്ചയായി പ്രതിഫലിക്കുകയും കുട്ടികളിലേക്ക് പകരുകയും ചെയ്യുന്നു” ലുയുവിന്റെ വാക്കുകളില്‍ സന്തോഷവും പ്രത്യാശയും നിറയുന്നു.
യാത്രയുടെ നാഴികക്കല്ലുകള്‍
ഈ മുന്നേറ്റം ആരംഭിച്ചതുമുതല്‍ ഇതുവരെ, 74 രാജ്യങ്ങള്‍ ‘മണ്ണിനെ രക്ഷിക്കൂ’ എന്നതിനായി പ്രവര്‍ത്തിക്കാന്‍ സമ്മതിച്ചിട്ടുണ്ട്. ഏഴ് കരീബിയന്‍ രാജ്യങ്ങള്‍, അസര്ബൈജാന്, റൊമാനിയ, യുഎഇ എന്നിവ മണ്ണിനെ രക്ഷിക്കുന്നതിനുള്ള നയങ്ങള്‍ ആവിഷ്കരിക്കുന്നതിന് ‘മണ്ണിനെ രക്ഷിക്കൂ’ മുന്നേറ്റത്തിന്റെ ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഇതിനോടകം ഈ മുന്നേറ്റം ലോകമെമ്പാടുമുള്ള 320 കോടി ആളുകളെ സ്പര്‍ശിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കാനും, മണ്ണിന്റെ പുനരുജ്ജീവനത്തിലൂടെ ഭക്ഷ്യസുരക്ഷ വര്‍ധിപ്പിക്കാനുമുള്ള ഫ്രഞ്ച് ഗവണ്മെന്റിന്റെ ‘ഫോര്‍ പെര് തൗസന്റ്’ (ആയിരത്തില്‍ നാല്) എന്ന സംരംഭവും ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കുകയുണ്ടായി.
രാജ്യാന്തരതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും സ്വാധീനമുള്ള സര്‍ക്കാരിതര ഇസ്ലാമിക സംഘടനകളിലൊന്നായ മുസ്ലിം വേള്‍ഡ് ലീഗ്, മണ്ണിനെ വംശനാശത്തില്‍ നിന്ന് രക്ഷിക്കാനുള്ള ആഗോള മുന്നേറ്റത്തിന് പിന്തുണ വാഗ്ദാനം ചെയ്തു. ഭാരതത്തിലും ഇതേ പ്രതികരണമാണ് ലഭിക്കുന്നത്. സദ്ഗുരു, 26 രാജ്യങ്ങളിലൂടെയുള്ള യാത്ര പൂര്‍ത്തിയാക്കിയതിനു ശേഷമാണ് 11 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ യാത്ര തുടരാന്‍ ഗുജറാത്തിലെ തുറമുഖ നഗരമായ ജാംനഗറില്‍ എത്തിയത്. അതിനുശേഷം ഗുജറാത്ത്, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്ര പ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ ഈ മുന്നേറ്റവുമായി ധാരണാപത്രം ഒപ്പുവച്ചു. മണ്ണിന്റെ പുനരുജ്ജീവനത്തിനായി പ്രവര്‍ത്തിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഭാരതത്തിലെ അഞ്ചുലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ അവരുടെ മന്ത്രിമാര്‍ക്ക് കത്തെഴുതിയിട്ടുണ്ട്.
വെറുമൊരു ഉല്ലാസ യാത്രയല്ല
2022 മാര്‍ച്ച് 21-ന് യാത്ര ആരംഭിച്ച സദ്ഗുരു തന്റെ പ്രതിബദ്ധതയാല്‍ അക്ഷീണനായിരുന്നു. യൂറോപ്പില്‍ മഞ്ഞും മഴയും പൂജ്യത്തിന് താഴെയുള്ള താപനിലയുമുള്പ്പെടെയുള്ള അപകടകരമായ സാഹചര്യങ്ങളിലൂടെ സദ്ഗുരു സഞ്ചരിച്ചു. പിന്നീട് മണല്‍ക്കാറ്റും പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലെ കൊടും ചൂടും സഹിച്ചു. നൂറ് ദിവസങ്ങളില്‍ 30,000 കി.മീ. യാത്ര ചെയ്യേണ്ടതുകൊണ്ട് ഓരോ യാത്രയും മണിക്കൂറുകള്‍ നീണ്ടു. കൃത്യസമയത്ത് ഒരു സ്ഥലത്തെത്താനുള്ള സദ്ഗുരുവിന്റെ പ്രതിബദ്ധതകൊണ്ട് ഒരു സാഹചര്യത്തിലും സമയക്രമത്തില്‍ മാറ്റം വരുത്താന്‍ കഴിയുമായിരുന്നില്ല. ഉദാഹരണത്തിന് ഒരു ദിവസം റൊമാനിയയില്‍ നിന്ന് തുര്‍ക്കിയിലെത്താന്‍ അറുപത്തഞ്ചുകാരനായ ഈ യോഗി-രാവിലെ 8 മുതല്‍ പിറ്റേന്ന് രാവിലെ 2 മണി വരെ-18 മണിക്കൂര്‍ യാത്ര ചെയ്തു.
എന്തിനാണ് ഇത്രയും ആപത്കരമായ യാത്ര എന്നു ചോദിച്ചപ്പോള്‍ സദ്ഗുരു പറഞ്ഞത് ഇങ്ങനെയാണ്: ”ഇത് അപകടകരമാണ്. എന്തുകൊണ്ടാണ് ഞാന്‍ ഇത് ചെയ്യുന്നത്? കാരണം, ഇപ്പോള്‍ ഇതു ചെയ്തില്ലെങ്കില്‍, നമ്മള് ഗുരുതരമായി ഖേദിക്കേണ്ടിവരുമെന്നകാര്യം നിങ്ങള്‍ എല്ലാ യുവജനങ്ങളും മനസ്സിലാക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. 2045 ആകുമ്പോള്‍ ലോകജനസംഖ്യ 900 കോടി കവിയുകയും, അതേസമയം മരുഭൂവല്‍ക്കരണത്താല്‍ ഭക്ഷ്യോല്‍പ്പാദനത്തില്‍ 40% കുറവുണ്ടാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്ഗനൈസേഷന് (എഫ്എഒ) മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരിക്കുന്നു. ഭാരതത്തില്‍, ഏകദേശം 30% ഫലഭൂയിഷ്ഠമായ മണ്ണും ഇതിനോടകം തരിശാകുകയും വിളവിന് അനുയോജ്യമല്ലാത്തതും ആയിത്തീര്‍ന്നിരിക്കുന്നു. ഒരു ഇഞ്ച് മേല്‍മണ്ണ് രൂപപ്പെടാന്‍ നൂറ്റാണ്ടുകള്‍ എടുത്തേക്കാം. എന്നാല്‍, ഓരോ സെക്കന്‍ഡിലും ഒരു ഏക്കര്‍ മണ്ണ് നമുക്ക് നഷ്ടപ്പെടുന്നു. ജൈവാംശം വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ നയപരമായ ഇടപെടലുകള്‍ നടത്തിയാല്‍, അടുത്ത 15-20 വര്‍ഷത്തിനുള്ളില്‍ കേടുപാടുകള്‍ മാറ്റാന്‍ കഴിയുന്ന ഒരു സമയമുനയിലാണ് നാം ഇന്ന് നില്‍ക്കുന്നത്. ജനാധിപത്യ രാജ്യങ്ങളില്‍ സര്‍ക്കാരുകള്‍ ജനവിധിയെ പിന്തുടരുന്നു. മണ്ണിന്റെ ഗതി മറിച്ചാക്കാനും നാശം തടയുന്നതിനും, ദേശീയ നയത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതില്‍ സര്‍ക്കാരുകളെ പിന്തുണയ്ക്കുന്നതിനുമായി ഈ മുന്നേറ്റം ജനങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.”
”അപകടകരമായ യാത്ര അവസാനിച്ചു, എന്നാല്‍ യഥാര്‍ത്ഥ കഠിനാധ്വാനം ഇനിയാണ് തുടങ്ങുന്നത്.” ഈശ യോഗ സെന്ററിലെ ആദിയോഗി സാന്നിധ്യത്തില്‍ ബൈക്ക് യാത്രയ്ക്ക് സമാപനം കുറിച്ച് സദ്ഗുരു പറഞ്ഞു.
മണ്ണ് സംരക്ഷിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള നയപരമായ നടപടികള്‍ ഏകീകരിക്കുന്നതിനായി യുണൈറ്റഡ് കിങ്ഡം, യുഎസ്എ, തെക്കേ അമേരിക്കന്‍-കരീബിയന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ ഇരുപതിലധികം രാജ്യങ്ങളിലേക്ക് അടുത്ത ഏതാനും മാസങ്ങളില്‍ സദ്ഗുരു യാത്ര ചെയ്യുന്നതായിരിക്കും.
ഇത്തരം നവീകരണങ്ങള്‍ നടപ്പിലാക്കുന്നതില്‍ ജനങ്ങളുടെ ശബ്ദം ഏറ്റവും നിര്ണായകമായതിനാല്, അടുത്ത ഒരു വര്‍ഷത്തേക്ക് ജനങ്ങള്‍ മണ്ണിനെക്കുറിച്ച് സംസാരിക്കേണ്ടത് പ്രധാനമാണ്. യാത്ര അവസാനിച്ചെങ്കിലും അതു തുടരുകതന്നെ വേണം എന്നര്‍ത്ഥം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: