വടക്കഞ്ചേരി: പന്നിയങ്കരയില്‍ കരാര്‍ കമ്പനിക്ക് അനുകൂലമായി കോടതി വിധി. ഇതോടെ പന്നിയങ്കരയില്‍ ടോള്‍ നിരക്ക് വര്‍ധിക്കും. മാര്‍ച്ച് ഒമ്പതിന് ടോള്‍ പിരിവ് ആരംഭിച്ച കരാര്‍ കമ്പനി എപ്രില്‍ ഒന്ന് മുതല്‍ നിരക്ക് വര്‍ധിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇത് മെയ് 27ന് കോടതി റദ്ദാക്കുകയും പഴയനിരക്കില്‍ പിരിക്കാന്‍ ഉത്തരവിടുകയും ചെയ്തു. ഇതിനെതിരെയാണ് ഇന്നലെ ഡിവിഷന് ബെഞ്ചിന്റെ വിധി വന്നത്.
ടോള്‍ പിരിവ് ആരംഭിച്ച് 20 ദിവസം കഴിയുമ്പോഴേക്കും നിരക്ക് 10 മുതല്‍ 15 ശതമാനം വരെ കൂട്ടിയിരുന്നു. ദേശീയപാതയുടെ പണി പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് ടോള്‍ നിരക്ക് കൂട്ടിയതിനെ വിമര്‍ശിച്ച കോടതി നിരക്ക് കുറക്കാന്‍ ഉത്തരവിട്ടിരുന്നു. സിംഗിള്‍ ബെഞ്ചിന്റെ ഈ ഉത്തരവിനെ ചോദ്യം ചെയ്ത് കരാര്‍ കമ്പനി അപ്പീല്‍ നല്കി. ഇത് പരിഗണിക്കവെയാണ് ഡിവിഷന് ബെഞ്ച് കൂട്ടിയ നിരക്കില്‍ തന്നെ ടോള്‍ പിരിവ് തുടരാന്‍ ഉത്തരവിട്ടത്.
കോടതി ഉത്തരവ് രേഖാമൂലം കിട്ടിയാല്‍ ഉടന്‍തന്നെ കുട്ടിയ നിരക്കില്‍ ടോള്‍ പിരിവ് ആരംഭിക്കുമെന്ന് കരാര്‍ കമ്പനി അധികൃതര്‍ അറിയിച്ചു. അമിത ടോള്‍ നിരക്കിനെതിരെ ബസുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഈ മാസം ആറിന് കോടതി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: