കൊല്‍ക്കത്ത: രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി നിര്‍ത്തിയ തന്റെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിനെ തള്ളിപ്പറഞ്ഞ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥിയാണ് ബിജെപിയുടെ ദ്രൗപതി മുര്‍മുവെന്ന് അവര്‍ വ്യക്തമാക്കി. മമത ബാനര്‍ജിയുടെ ഈ മലക്കം മറിച്ചില്‍ എല്ലാവരെയും ഞെട്ടിച്ചിട്ടുണ്ട്. മുര്‍മുവാണെന്ന് രാഷ്ട്രപതി സ്ഥാനാര്ത്ഥിയെന്ന്അറിഞ്ഞാല തന്റെ പാര്‍ട്ടി പൂര്‍ണമായും പിന്തുണയ്ക്കുമായിരുന്നു.
രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് ബിജെപി നേതൃത്വം തന്റെ അഭിപ്രായം തേടിയിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥി ആരാണെന്ന് പറഞ്ഞിരുന്നില്ല. അതാണ് ഇക്കാര്യത്തില്‍ സംഭവിച്ച അബദ്ധം. ദ്രൗപതി മുര്‍മുവിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് പിന്തുണയ്ക്കാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും മമത പറഞ്ഞു.
ഇസ്കോണ്‍ രഥയാത്രയുമായി ബന്ധപ്പെട്ട ചടങ്ങില്‍ കൊല്‍ക്കത്തയില്‍ സംസാരിക്കുമ്പോഴാണ് മമത ഇക്കാര്യം പറഞ്ഞത്. പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹ വലിയ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുമെന്ന് ഉറപ്പായതിനാലാണ് മമത ഇപ്പോള്‍ മലക്കം മറിഞ്ഞതെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു. മമതയുടെ ഈ പ്രസ്താവനക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ച് ശിരോമണി അകാലിദള്‍ രംഗത്തെത്തി. ബി.ജെ.പിയുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും മുര്‍മുവിന് പിന്തുണ നല്‍കുന്നുവെന്ന് പാര്‍ട്ടി പ്രസിഡന്റ് സുഖ്ബീര്‍ ബാദല്‍ ചത്തീസ്ഗറില്‍ നടന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ പറഞ്ഞു.
ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡയും ദ്രൗപതി മുര്‍മുവും തിരഞ്ഞെുടുപ്പില്‍ പിന്തുണ നല്‍കണമെന്ന് വ്യക്തിപരമായി പറഞ്ഞിരുന്നു. പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ കൂടെ നില്ക്കുന്ന പാര്‍ട്ടിയാണ് അകാലിദള്‍ എന്നതും മുര്‍മുവിനെ പിന്താങ്ങാന് കാരണമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ദിര ഗാന്ധിയുടെ ഭരണ കാലത്ത് സുവര്‍ണ ക്ഷേത്രത്തില്‍ നടത്തിയ റെയ്ഡും സിഖ് വംശത്തിന് നേരിടേണ്ടിവന്ന ചതികളും മറക്കാനാകാത്തതായത് കൊണ്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: