കൊച്ചി: ലോക ചെസ് ഒളിമ്പ്യാഡില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീം എല്ലാംകൊണ്ടും മികച്ചതാണെന്ന് ലോക ചെസ് മുന്‍ ചാമ്പ്യന്‍ വിശ്വനാഥ് ആനന്ദ്. സന്തുലിതമായ ടീമാണ് ഇന്ത്യയുടേത്. ആതിഥേയര്‍ എന്ന നിലയില്‍ ഇന്ത്യയ്ക്ക് മുന്‍തൂക്കം ലഭിക്കുമെന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഒളിമ്പ്യാഡിന്റെ പ്രചരണാര്‍ഥം ചെസ് അസോസിയേഷന് കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച താരങ്ങളാണ് ഇന്ത്യക്കുള്ളത്. ഇത് പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണ്.
തമിഴ്നാടില്‍ ചെസിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്. കേരളവും ഈവിധം മാറണം. നിലവില്‍ ചെസ് അസോസിയേഷന്റെ പ്രവര്‍ത്തനം കേരളത്തില്‍ നല്ലരീതിയില്‍ മുന്നോട്ട് പോകുന്നുണ്ട്. സ്കൂളുകളില്‍ ചെസ് നടപ്പിലാക്കുന്നത് മികച്ച ആശയമാണ്. തമിഴ്നാട്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ സ്കൂളുകളില്‍ ഇത് നിലവിലുണ്ട്. ദേശീയ തലത്തില്‍ ഇതിനായി കേന്ദ്രീകൃത കരിക്കുലം വേണം. അതിനായുള്ള ശ്രമങ്ങള്‍ അസോസിയേഷന് തലത്തില്‍ നടത്തുന്നുണ്ടെന്നും വിശ്വനാഥന് ആനന്ദ് പറഞ്ഞു.
നമുക്ക് ഒരുപിടി താരങ്ങളുണ്ട്. എല്ലാവരും മികവുറ്റവരുമാണ്. മലയാളി നിഹാല്‍ സരിന് പ്രതീക്ഷയുള്ള താരമാണ്. ഇനിയും ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ നിഹാലിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെസ് പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന ആവശ്യങ്ങള്‍ ഏറെകാലമായി ഉയരുന്നുണ്ടെന്ന് അഖിലേന്ത്യ ചെസ് ഫെഡറേഷന് ജോയിന്റ് സെക്രട്ടറി രാജേഷ് നാട്ടകം അറിയിച്ചു. ഗ്രാന്‍ഡ് മാസ്റ്റര്‍മാരുമായി ആലോചിച്ച് ഒളിമ്പ്യാഡിന് ശേഷം രാജ്യവ്യാപകമായി സ്കൂളുകളില്‍ ചെസ് പരിശീലനത്തിനുള്ള സംവിധാനം കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കും.
കൊച്ചിയില്‍ അഖിലേന്ത്യ ചെസ് ഫെഡറേഷനുമായി സഹകരിച്ച് സംഘടിച്ച പ്രദര്‍ശന മത്സരം വീക്ഷിച്ച ആനന്ദ്, താരങ്ങളുമായും സംവദിച്ചു. ഗ്രാന്‍ഡ്മാസ്റ്റര്‍ ജി. ആകാശ് സംസ്ഥാനതല ചാമ്പ്യന്‍ഷിപ്പുകളിലെ വിവിധ വിഭാഗങ്ങളിലെ ജേതാക്കളുമായി മത്സരിച്ചു. ഒളിമ്പ്യാഡ് ദീപശിഖ റാലി ജൂലൈ 13ന് കേരളത്തിലെത്തും. 13ന് തൃശൂരിലെ മരോട്ടിച്ചാല്‍ ചെസ് വില്ലേജിലും 14ന് കോവളം ബീച്ചിലുമാണ് ദീപശിഖാ റാലിയെത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: