ചാത്തന്നൂര്‍: സിപിഐ മണ്ഡലം സമ്മേളനത്തില്‍ രാഷ്ട്രീയ റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള ചര്‍ച്ചയില്‍ നേതൃത്വത്തിനെതിരെ ഉയര്‍ന്നത് ശക്തമായ വിമര്‍ശനങ്ങള്‍. വരവറിഞ്ഞ് വേണം ചെലവാക്കലെന്നും അതല്ലാതെയുള്ള പോക്ക് കേരളത്തെ നാശത്തിലേക്കെത്തിക്കുമെന്നും പാര്‍ട്ടിക്ക് കൂടി പ്രാതിനിധ്യമുള്ള ഇടതുസര്‍ക്കാരിനെതിരെ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
പാരിസ്ഥിതിക-സാമൂഹിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന കെ റെയിലിനെതിരെ സിപിഐ സംസ്ഥാന നേതൃത്വം വേണ്ട രീതിയില്‍ പ്രതികരിച്ചില്ല. സിപിഎമ്മിന്റെ അടിമകളാകുന്ന നിലപാടായി ഈ സംഭവം. സിപിഎം സ്വന്തം പദ്ധതിയായി അവതരിപ്പിച്ച കെ -റെയില്‍ നടക്കില്ലെന്ന അവസ്ഥ എത്തിയപ്പോള്‍ ഇടതുമുന്നണിയുടെ പദ്ധതിയാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചു. ഇതിനെതിരെയും സിപിഐ നേതൃത്വം പ്രതികരിച്ചില്ല.
ലോകായുക്തയെന്ന സംവിധാനം ഇല്ലാതാക്കാനും അതിന്റെ അധികാരം വെട്ടിക്കുറയ്ക്കാനും സിപിഎം ശ്രമിച്ചപ്പോള്‍ സിപിഐ എതിര്‍ക്കാതിരുന്നത് സിപിഐ യുടെ രാഷ്ട്രീയ പാപ്പരത്തവും അടിമത്ത മനോഭാവവുമാണ്. സിപിഐ മന്ത്രിമാരുടെ വകുപ്പുകളില്‍ സിപിഎം കൈകടത്തുകയും സിപിഐയെ അപ്രസക്തമാക്കുകയുമാണ് ചെയ്യുന്നതെന്നും പാര്‍ട്ടി നേതൃത്വം ഇതിനെതിരെ പ്രതികരിക്കുന്നില്ലെന്നും പ്രതിനിധികള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: