ദല്‍ഹി: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. വൈകിട്ട് ദല്‍ഹിയിലായിരുന്നു കൂടിക്കാഴ്ച. രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപദീ മുര്‍മൂവിനെ പാര്‍ട്ടി പിന്തുണയ്‌ക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
കഴിഞ്ഞദിവസം ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച അധ്യക്ഷന്‍ ഷിബു സോറന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനപ്രകാരമായിരുന്നു കൂടിക്കാഴ്ച. രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ ആരെ പിന്തുണയ്‌ക്കണമെന്ന് തീരുമാനിക്കാന്‍ ജെഎംഎം എംപിമാരുടെയും എംഎല്‍എമാരുടെയും യോഗം വിളിച്ചുചേര്‍ത്തിരുന്നു. എന്നാല്‍ യോഗത്തില്‍ ആരെ പിന്തുണയ്‌ക്കണമെന്ന കാര്യത്തില്‍ തീരുമാനമായില്ല. അമിത്ഷായുമായുള്ള കൂടിക്കാഴ്ചയ്‌ക്കുശേഷം ആരെ പിന്തുണയ്‌ക്കണമെന്ന് തീരുമാനിക്കുമെന്നാണ് നേതാക്കള്‍ അറിയിച്ചത്.
കോണ്‍ഗ്രസ് പിന്തുണയോടെയാണ് ഝാര്‍ഖണ്ഡില്‍ ഭരണം നടത്തുന്നതെങ്കിലും വനവാസി വിഭാഗത്തില്‍ നിന്നുള്ള എന്‍ഡിഎ സ്ഥാ നാര്‍ത്ഥി ദ്രൗപദീ മുര്‍മൂവിനെ പിന്തുണച്ചില്ലെങ്കില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി. കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും ഹേമന്ത് സോറന്‍ ഇന്നലെ കൂടിക്കാഴ്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: