കണ്ണൂര്‍: പാര്‍ട്ടിയിലെ സാമ്പത്തിക ക്രമക്കേടുകള്‍ തെളിവുകള്‍ സഹിതം നേതൃത്വത്തിനു മുന്നില്‍ എത്തിച്ചതിന്റെ പേരില്‍ സിപിഎം പയ്യന്നൂര്‍ ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കം ചെയ്യപ്പെട്ട വി. കുഞ്ഞികൃഷ്ണനെതിരെ കടുത്ത നടപടികളിലേക്ക് കടക്കാനാവാതെ സിപിഎം നേതൃത്വം. പാര്‍ട്ടി നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ നേതൃത്വത്തെ വെല്ലുവിളിച്ച് പാര്‍ട്ടി യോഗങ്ങളില്‍ നിന്നും പരിപാടികളില്‍ നിന്നും മാറിനില്ക്കുമ്പോഴും കുഞ്ഞികൃഷ്ണനോട് വിശദീകരണം പോലും ചോദിക്കാന്‍ നേതൃത്വം ഭയപ്പെടുകയാണ്. മാത്രമല്ല കുഞ്ഞികൃഷ്ണനെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താന്‍ ഒരു ഭാഗത്ത് കൂടി സകല അടവുകളും പയറ്റുകയാണ് നേതൃത്വം.
സിപിഎം പ്രാഥമികാ അംഗത്വത്തില്‍ നിന്നും പുറത്താക്കാന്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും പയ്യന്നൂരിലെ പാര്‍ട്ടി ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് യഥാര്‍ത്ഥ കണക്കുകള്‍ കുഞ്ഞികൃഷ്ണന് പുറത്ത് വിട്ടേക്കുമെന്ന ആശങ്കയാണ് നേതൃത്വത്തെ അച്ചടക്ക നടപടിയെടുക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തില്‍ തുറന്നു കാട്ടപ്പെട്ട പാര്‍ട്ടിയുടെ മുഖം രക്ഷിക്കാന്‍ പാര്‍ട്ടി ഫണ്ടില്‍ ഒരു രൂപ പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന തരത്തിലുളള കണക്കുകള്‍ അവതരിപ്പിച്ച് ഏരിയാ കമ്മറ്റിയെ കൊണ്ട് കണക്ക് അംഗീകരിപ്പിച്ചെങ്കിലും കുഞ്ഞികൃഷ്ണന് ഉന്നയിച്ച തട്ടിപ്പുമായി ബന്ധപ്പെട്ട കണക്കുകള്‍ പാര്‍ട്ടി നേതാക്കള്‍ക്കും അണികള്‍ക്കിടയിലും ഇപ്പോഴും സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.
പാര്‍ട്ടി അച്ചടക്കം കുഞ്ഞികൃഷ്ണന് നിരന്തരം ലംഘിച്ചുവെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. പിജെ ആര്‍മിയെ വെട്ടിനിരത്തിയ അതേ മാതൃകയില്‍ പയ്യന്നൂരിലെ വിമതരേയും ഒതുക്കാനുളള നീക്കമാണ് അണിയറയില്‍ നടക്കുന്നത്. എന്നാല്‍ അത്തരം ഒരു നടപടിയുണ്ടായാല്‍ പരസ്യമായി പാര്‍ട്ടിക്കെതിരെ രംഗത്ത് വരാനും വേണ്ടി വന്നാല്‍ ഒഞ്ചിയത്ത് ടി.പി. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട ആര്‍എംപി പോലെ പുതിയ പാര്‍ട്ടി രൂപീകരിക്കാനും കുഞ്ഞികൃഷ്ണനും അനുയായികളും നീക്കങ്ങള്‍ ആരംഭിച്ചതായും സൂചനയുണ്ട്.
കുഞ്ഞികൃഷ്ണനെതിരായ നടപടിയില്‍ പ്രതിഷേധിക്കുന്നവരും സിപിഎം നേതൃത്വത്തിന്റെ നിരീക്ഷണത്തിലാണ്. കുഞ്ഞികൃഷ്ണനെതിരെ നടപടിയുണ്ടായാല്‍ ഇവരുടെ നീക്കം എന്താകുമെന്നും പാര്‍ട്ടി പരിശോധിച്ച് വരുന്നതായാണ് വിവരം. പാര്‍ട്ടിയുടെ പണം നഷ്ടപ്പെട്ടിട്ടില്ലെന്നും കണക്കുകള്‍ അവതരിപ്പിക്കുന്നതില്‍ ഉണ്ടായ കാലതാമസവും ഓഡിറ്റ് നടത്താതിരുന്നതുമാണ് വീഴ്ചയെന്നുമുള്ള മേല്‍കമ്മറ്റി തീരുമാനം പയ്യന്നൂര്‍ ഏരിയ കമ്മറ്റിയെക്കൊണ്ട് അംഗീകരിപ്പിച്ചു കഴിഞ്ഞു. ഇത് വിമതരെ പ്രകോപിപ്പിച്ചിരിക്കുകയാണ്.
പാര്‍ട്ടിയിലെ അനീതി ചോദ്യം ചെയ്യുന്നവരെ അച്ചടക്ക നടപടിക്കുവിധേയമാക്കിയതിലും ആരോപണ വിധേയര്‍ക്കെതിരായി നാമമാത്രമായി നടപടിയെടുത്തതിലും 21 അംഗ ഏരിയ കമ്മറ്റിയില്‍ 16 പേര് എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. നടപടി റിപ്പോര്‍ട്ട് ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലായിരുന്നു ഇത്. കുഞ്ഞികൃഷ്ണനെ മാറ്റിയത് ഏരിയ കമ്മറ്റിയിലെ മാനസിക അനൈക്യം പരിഹരിക്കാനാണെന്നാണ് സിപിഎം വിശദീകരണം. കഴിഞ്ഞദിവസത്തെ യോഗത്തില്‍ കുഞ്ഞികൃഷ്ണന് പങ്കെടുത്തിരുന്നില്ല.
കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ വരവുചെലവ് കണക്ക് പരിശോധനയിലാണ് ഫണ്ട് തിരിമറി പുറത്തുവന്നത്. 3 ഫണ്ടുകളില്‍ നിന്നായി ഒരു കോടിയോളം രൂപയുടെ തിരിമറി നടന്നതായി കണ്ടെത്തിയെന്നാണ് വിമതര്‍ പറയുന്നത്. സിപിഎമ്മിനുവേണ്ടി ഫണ്ട് പിരിക്കുന്ന ഇടനിലക്കാര്‍ എന്ന് ആരോപിക്കപ്പെടുന്ന 2 പേര്‍ക്കെതിരെ പയ്യന്നൂരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതും സംസ്ഥാന നേതൃത്വം ഗൗരവത്തോടെയെടുക്കുന്നുണ്ട്. തെരുവിലെ പ്രതിഷേധം അംഗീകരിക്കില്ലെന്നാണ് അവരുടെ നിലപാട്.
ഫണ്ട് ദുര്‍വിനിയോഗം നടന്നെന്ന് സമര്‍ത്ഥിക്കാന്‍ കഴിയുന്ന കണക്കുകളുടെ രേഖകള്‍ കുഞ്ഞികൃഷ്ണന്റെ കൈവശമുള്ളതും സിപിഎം നേതൃത്വത്തിനു ഭീഷണിയാണ്. ധനരാജ് രക്തസാക്ഷി ഫണ്ടിനായി ടി.ഐ. മധുസൂദനന് എംഎല്‍എയുടെയും മുന്‍ ഏരിയ സെക്രട്ടറി കെ.പി. മധുവിന്റെയും പേരിലെടുത്ത സംയുക്ത അക്കൗണ്ടില്‍ അവശേഷിക്കുന്ന പണം എത്ര എന്ന വിവരം കുഞ്ഞികൃഷ്ണന് അറിയാം. ഇത് സിപിഎമ്മിന് തലവേദനയാണ്.
കുഞ്ഞികൃഷ്ണന്റെ കണക്കും നേതൃത്വം തയാറാക്കിയ കണക്കും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ട്. ധനരാജിന്റെ പേരില്‍ ബാങ്കിലുള്ള കടം വീട്ടുമെന്ന് സിപിഎം പ്രഖ്യാപിച്ചിട്ടുണ്ട്. അതിന് 15 ലക്ഷം രൂപയോളം വേണം. അക്കൗണ്ടില്‍ അവശേഷിക്കുന്നത് 20,600 രൂപ മാത്രമാണെന്നാണ് വിമതര്‍ പറയുന്നത്. ബാക്കി പണം എവിടെപ്പോയെന്നതാണ് ദുരൂഹം. അക്കൗണ്ടില്‍ ബാക്കി ആകേണ്ടിയിരുന്ന 42 ലക്ഷം ചിലര്‍ തട്ടിയെടുത്തുവെന്നാണ് ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് ആദ്യം തൊട്ടേയുളള ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: