ന്യൂദല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിന് രാജ്യത്തിന്റെ പിന്തുണ ഏറുന്നു.ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) അധ്യക്ഷയും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ മായാവതി രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചു.
‘ആദിവാസി സമാജം പാര്‍ട്ടിയുടെ പ്രസ്ഥാനത്തിന്റെ ഒരു പ്രധാന ഭാഗമാണെന്ന് മനസ്സില്‍ വെച്ചുകൊണ്ടാണ് വരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ദ്രൗപതി മുര്‍മുവിന് പിന്തുണ നല്കാന് ബിഎസ്പി തീരുമാനിച്ചതെന്ന് മായാവതി പറഞ്ഞു. ‘ബിജെപിയെയോ എന്‍ഡിഎയെയോ പിന്തുണയ്ക്കാനോ പ്രതിപക്ഷമായ യുപിഎയ്ക്കെതിരെ പോകാനോ അല്ല, മറിച്ച് കഴിവുള്ളതും അര്‍പ്പണബോധമുള്ളതുമായ ഒരു ആദിവാസി സ്ത്രീയെ രാജ്യത്തിന്റെ രാഷ്ട്രപതിയാക്കാനുള്ള തീരുമാനത്തിനൊപ്പമാണ് ഞങ്ങളെന്നും മായാവതി.
നേരത്തേ, പ്രതിപക്ഷത്തിന് ഉറപ്പായ പിന്തുണയെന്ന് വിശ്വസിച്ചിരുന്ന ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ പാര്‍ട്ടിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ദ്രൗപദി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചതോടെ മമതയ്ക്കും സിപിഎമ്മിനും ശരത് പവാറിനും അത് വലിയ തിരിച്ചടിയായി.
യശ്വന്ത് സിന്‍ഹയെ പ്രതിപക്ഷത്തിന്റെ പൊതു രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച 17 പ്രതിപക്ഷപാര്‍ട്ടികളുടെ മുന്നണിയില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും ഉണ്ടായിരുന്നു. പക്ഷെ ദ്രൗപദി മുര്‍മുവിനെ പിന്തുണച്ചില്ലെങ്കില്‍ ജാര്‍ഖണ്ഡുകാരുടെ കോപത്തിന് പാത്രമാവുമെന്ന ഉറച്ച ബോധ്യമാണ് ഹേമന്ത് സോറനെ മറുകണ്ടം ചാടാന്‍ പ്രേരിപ്പിച്ചത്. ഗോത്രവര്‍ഗ്ഗക്കാരുടെ പാര്‍ട്ടിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച മുര്‍മുവിനെ എതിര്‍ത്താല്‍ അത് പാര്‍ട്ടിക്ക് വലിയ ക്ഷീണമാകും. ജാര്‍ഖണ്ഡില്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്ന ബിജെപിയും അത് വലിയ ആയുധമാക്കുമെന്ന ഭയം ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയ്ക്കുണ്ട്.
ജാര്‍ഖണ്ഡ് സ്വദേശി കൂടിയായ യശ്വന്ത് സിന്‍ഹ വ്യാഴാഴ്ച തന്റെ സ്ഥാനാര്‍ത്ഥി പര്യടനം ജാര്‍ഖണ്ഡില്‍ നിന്നും ആരംഭിക്കാനിരുന്നതാണ്. പക്ഷെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച പാലം വലിച്ചതോടെ ഈ റാലി റദ്ദാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: