ശിവസേനയില്‍ വിഭാഗീയത ശക്തമാകുന്നതിനിടയില്‍ തന്റെ ആദര്‍ശം സംബന്ധിച്ച് ബാല്‍താക്കറെ സംസാരിക്കുന്ന അഭിമുഖം വൈറലാക്കി ശിവസേന അനുയായികള്‍. താന്‍ തീവ്ര ഹിന്ദുവാണെന്നും അതില്‍ ഒരുകാലത്തും മാറ്റം വരാന്‍ പോകുന്നില്ലായെന്നും അദേഹം വ്യക്തമാക്കുന്ന വീഡിയോയാണ് ട്വിറ്ററില്‍ തരംഗമായിരിക്കുന്നത്. തന്നെ ഹിറ്റ്ലറുമായി ഉപമിച്ചാലും തനിക്ക് പ്രശ്നമില്ലെന്നും നിലപാടില്‍ മാറ്റമില്ലെന്നും താക്കറെ ആജ് തക്കിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
ശിവസേന അടിസ്ഥാന ആദര്‍ശമായ ഹിന്ദുത്വത്തില്‍ നിന്നും വഴിമാറിയിരിക്കുന്നു എന്നാരോപിച്ച് പാര്‍ട്ടി എംഎല്‍എമാര്‍ വിമതസ്വരം ഉയര്‍ത്തിയിരിക്കുന്ന പശ്ചാത്തലത്തിലാണ് താക്കറെയുടെ പഴയവീഡിയോ വീണ്ടും ശ്രദ്ധേയമാകുന്നത്. കോണ്‍ഗ്രസിനും എന്‍സിപിയ്ക്കും ഒപ്പം ചേര്‍ന്നത് ശിവസേന താക്കറെയുടെ ആദര്‍ശത്തില്‍ നിന്നുംവഴിമാറിയിരിക്കുന്നു എന്നാണ് വിമത എംഎല്‍എമാരുടെ പ്രധാന ആരോപണം. നിലവില്‍ 39 എംഎല്‍എമാര്‍ മുതിര്‍ന്ന നേതാവ് എകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ഗുവാഹത്തിയില്‍ തുടരുകയാണ്.
വികാരപരമായ പ്രസംഗം നടത്തി വിമതരില്‍ ഏതാനും പേരെയെങ്കിലും കൂടെ എത്തിക്കാനും അങ്ങനെ സര്‍ക്കാരിനെ നിലനിര്‍ത്താനും ഷിന്‍ഡെ വഞ്ചിച്ചു എന്ന തോന്നലുണ്ടാക്കി ജനങ്ങളില്‍ രോഷംവളര്‍ത്താനും ഉദ്ധവ് ശ്രമിച്ചെങ്കിലും അത് തകരുന്ന കാഴ്ചയാണ് കാണുന്നത്. ഏതെങ്കിലും എംഎല്‍എതുടരരുതെന്ന് പറഞ്ഞാല്‍ ആ നിമിഷം രാജിവയ്ക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയില്‍ ഉദ്ധവ് പ്രഖ്യാപിച്ചത്. രാജിക്കത്ത് തയ്യാറാണ്, എന്നോട് എതിര്‍പ്പുള്ള എംഎല്‍എമാര്‍ വന്ന് അത് വാങ്ങി രാജ്ഭവനില്‍ എത്തിച്ചാല്‍ മതി എന്നായിരുന്നു ഉദ്ധവിന്റെ വാക്കുകള്‍. അധികാരത്തോട് ആര്‍ത്തിയില്ലെന്നും ശരദ് പവാര്‍ പറഞ്ഞിട്ടാണ് മുഖ്യമന്ത്രിയായതെന്നും പ്രസംഗത്തില്‍ പറഞ്ഞു. സ്വന്തം വീടായ മാതോ ശ്രീയിലേക്ക് ഉദ്ധവി ഇന്നലെ താമസംമാറ്റിയിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചയും നാല് എംഎല്‍എമാര്‍ വിമതര്‍ക്കൊപ്പം ചേര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: