സൂറത്ത് :സൂറത്തിലെ ലെ മെറിഡിയന് ഹോട്ടലില്‍ കഴിയുന്ന വിമത ശിവസേന നേതാവ് ഏക് നാഥ് ഷിന്‍ഡെയെയും അനുയായികളെയും കാണാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പിഎ ചൊവ്വാഴ്ച എത്തി. ചൊവ്വാഴ്ച സൂറത്തിലെത്തിയ ഇദ്ദേഹത്തെ ഏറെ മണിക്കൂറുകളുടെ അഭ്യര്‍ത്ഥനയ്ക്ക് ശേഷമാണ് ഹോട്ടലിനകത്തേക്ക് കടത്തിവിട്ടത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പേഴ്സണല്‍ അസിസ്റ്റന്റ് മിലിന്ദ് നനനര്നര്വേക്കറും രവി പതക്കും എത്തിയപ്പോള്‍ ബിജെപി നേതാക്കളും ഈ കൂടിക്കാഴ്ചയില്‍ ഉടനീളം പങ്കെടുത്തു.
ബിജെപിയുമായി അടിയന്തിരമായി ശിവസേന സഖ്യമുണ്ടാക്കണമെന്ന അഭ്യര്‍ത്ഥനയാണ് വിമത ശിവസേന നേതാവ് ഏക് നാഥ് ഷിന്‍ഡെയും അനുയായികളും ആവശ്യപ്പെട്ടത്. മതേതരപാര്‍ട്ടിയായ കോണ്‍ഗ്രസും എന്‍സിപിയുമായി ഉടനെ ബന്ധം പിരിയണമെന്നും ഇവര്‍ ആവശ്യമുയര്‍ത്തിയിരിക്കുകയാണ്. “ഞങ്ങള്‍ ബാലാസാഹേബിന്റെ (ശിവസേന സ്ഥാപിച്ച ബാല്‍ താക്കറെ) അടിയുറച്ച ശിവ സൈനികരാണ്. ബാലാ സഹേബാണ് ഞങ്ങളെ ഹിന്ദുത്വ പഠിപ്പിച്ചത്. അധികാരത്തിന് വേണ്ടി ഞങ്ങള്‍ ബാലാസാഹേബിന്റെ ചിന്തകളെയും ധര്‍മ്മ വീര്‍ ആനന്ദ ദിഘെ (മറ്റൊരു ശിവസേന ആചാര്യന്)യുടെ വചനങ്ങളെയും വഞ്ചിക്കില്ല”- ഏക് നാഥ് ഷിന്‍ഡേ ട്വീറ്റില്‍ കുറിച്ചു. ഹിന്ദുത്വത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്ന സൂചന ഉദ്ധവ് താക്കറെയ്ക്കും കൂട്ടര്‍ക്കും നല്‍കാനായിരുന്നു ഈ ട്വീറ്റ്.
ഇതിനിടെ ഇപ്പോള്‍ ലെ മെറിഡിയനില്‍ കഴിയുന്ന ഏക് നാഥ് ഷിന്‍ഡെയുമായി കൈ കോര്‍ക്കാന്‍ മറ്റൊരു ശിവസേന എംഎല്‍എയായ ലതാ സോനവാനെയും സൂറത്തിലേക്ക് പുറപ്പെട്ടതായുള്ള വാര്‍ത്ത റിപ്പബ്ലിക് ടിവി സ്ഥിരീകരിച്ചിട്ടുണ്ട്. കൂറുമാറ്റനിരോധന നിയമത്തില്‍ നിന്നും രക്ഷപ്പെടണമെങ്കില്‍ ഏക് നാഥ് ഷിന്‍ഡെയ്ക്ക് 37 ശിവസേന എംഎല്‍എമാരുടെ പിന്തുണ വേണം. ആകെ 55 ശിവസേന എംഎല്‍എമാരാണ് മഹാരാഷ്ട്ര നിയമസഭയില്‍ ഇപ്പോള്‍ ഉള്ളത്. ഇതിലെ മൂന്നില്‍ രണ്ട് പേരുടെ പിന്തുണയുണ്ടെങ്കിലേ കൂറുമാറ്റനിരോധന നിയമത്തില്‍ നിന്നും ഷിന്‍ഡെയ്ക്ക് തലയൂരാന്‍ കഴിയൂ. അതല്ലെങ്കില്‍ ഷിന്‍ഡെയും കൂടെയുള്ള 26 എംഎല്‍എമാരും രാജിവെച്ച് വീണ്ടും ജനവിധി തേടേണ്ടി വരും.
ലെ മെറിഡിയന് ഹോട്ടലിന്റെ അകത്തും പുറത്തുമായി ഏകദേശം 300 മുതല്‍ 400 വരെ പൊലീസുകാരുണ്ട്. ഗേറ്റില്‍ ബാരിക്കേഡുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇതിനിടെ ഷിന്‍ഡെ തന്റെ ട്വിറ്റര്‍ ബയോയില്‍ നിന്നും ശിവ് സേന എന്ന വാക്ക് എടുത്തുമാറ്റിയിട്ടുണ്ട്. പുതിയ രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയായാണ് ഇതിനെ കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: