അനുഭൂതിദായകമായ പദസംഘാതമാണ് കവിത. അനുഭൂതി എന്നതിന് അടിവരയിടണം. എല്ലാ കവിതകള്‍ക്കും ഈ ഗുണമുണ്ടോ. തീര്‍ച്ചയായും ഇല്ല. അനുഭൂതിദായകക്ഷമതയില്ലാത്തവ ഉത്തമ കവിതയല്ല. വെറും വികാരജനകത്വം കവിതയുടെ ധര്‍മ്മമല്ല. അതിന് ഒരു കഥയോ നോവലോ പത്രറിപ്പോര്‍ട്ടോ മതിയാകും. എന്നാല്‍ അനുഭൂതി ജനിപ്പിക്കാന്‍ ഇവയ്ക്ക് സാധാരണഗതിയില്‍ സാധ്യമല്ല. എന്നാല്‍ അപൂര്‍വം സന്ദര്‍ഭങ്ങളില്‍ കഥകളും ചില നോവല്‍ ഖണ്ഡങ്ങളും അനുഭൂതി പ്രദാനം ചെയ്യുന്നത് അനുഭവവേദ്യമാണ്. എന്നാല്‍ രണ്ടോ നാലോ വരികള്‍കൊണ്ടുതന്നെ നമ്മളെ വിസ്മയിപ്പിക്കാന് കഴിയുക കവിതയ്ക്കു മാത്രം.
വായനയിലൂടെ സ്വയം കണ്ടെത്താനും മനുഷ്യമനസ്സുകളുടെ ഖനനം നടത്താനും സഹായിക്കുന്ന കവിതകളാണ് ഉത്തമകവിതകള്‍. ആ അര്‍ത്ഥത്തില്‍ വായനയുടെ നിമിഷങ്ങളെ അതിജീവിക്കുന്ന മഹത്തായ കവിതകള്‍ എല്ലാ ഭാഷയിലും എന്നതുപോലെ മലയാളത്തിലും അധികമൊന്നുമില്ല. നല്ല കവികള്‍ തന്നെ എഴുതിയവയെല്ലാം ഉത്തമകവിതകളല്ല. എന്നാല്‍ ‘കാച്ചിക്കുറുക്കിയ’ കവിതകള്‍ മാത്രം ശ്രദ്ധയോടെ എഴുതിയ വൈലോപ്പിള്ളിയുടെ തൂലികയില്‍നിന്നും പതിരുകള്‍ അധികം പുറത്തുവന്നിട്ടില്ല. കതിരുകള്‍ വളരെയേറെ ഉണ്ടുതാനും. എത്ര വായിച്ചാലും പുതുമ നഷ്ടപ്പെടാത്തവയാണു വൈലോപ്പിള്ളി കവിതകള്‍. അവയില്‍നിന്നും മെച്ചപ്പെട്ട ഒന്നു തെരഞ്ഞെടുക്കുക ദുഷ്ക്കരം. എല്ലാം ഒന്നിനൊന്നു ശ്രേഷ്ഠമായവതന്നെ.
വൈലോപ്പിള്ളി കാല്പനികനാണോ? തീര്‍ച്ചയായും അല്ല. വൈലോപ്പിള്ളിയുടെ എല്ലാ കവിതകളും കവി പറയുംപോലെ ‘ജീവിതത്തിന്റെ കടലില്‍നിന്നും കോരിയെടുത്തവയാണ്. അതുകൊണ്ടുതന്നെ അവയൊന്നും കാല്പനികതയുടെ വേലിക്കെട്ടിനുള്ളില്‍ ഒതുങ്ങുന്നവയല്ല. ഈ വായനാദിനത്തില്‍ പുനര്‍വായനയ്ക്കു വിധേയമാക്കാന്‍ തക്ക കവിതകള്‍ തെരഞ്ഞെടുക്കേണ്ടിവന്നാല്‍ അതൊരു വൈലോപ്പിള്ളിക്കവിതയേ ആകാന്‍ തരമുള്ളൂ. ഏതായിരിക്കണം ആ കവിത എന്നാലോചിച്ചാല്‍ അഹമഹമികയാ ഓര്‍മയിലേക്കു വരുന്നവയില്‍നിന്നും ഒന്നു തെരഞ്ഞെടുക്കുക ദുഷ്ക്കരം. എങ്കിലും മഴച്ചെത്തം നിറഞ്ഞു തുളുമ്പുന്ന ഈ മിഥുനമാസത്തിനു ചേര്‍ന്നതെന്നു തോന്നിയത് വൈലോപ്പിള്ളിയുടെ മഴക്കവിതയായ ‘സുല്‍ത്താനും കവിയു’മാണ്. പാശ്ചാത്യരുടെ മഴക്കാവ്യങ്ങള്പോലെയോ ടാഗോറിന്റെ ‘പേപ്പര്ബോട്ട്സ്’ പോലെയോ മഴയെ നേരിട്ടു പരാമര്‍ശിക്കുന്നതല്ല ഈ കവിത. ‘സുല്‍ത്താനും കവിയും’ പേരു സൂചിപ്പിക്കുന്നതുപോലെ സുല്‍ത്താനെക്കുറിച്ച് പരാമര്‍ശിക്കുന്നില്ല. പകരം നിശിതമായ വക്രോക്തിയാണ് ഇവിടെ കവി പ്രയോഗിക്കുന്നത്. ഇംഗ്ലീഷിലോ മറ്റു യൂറോപ്യന്‍ കവിതകളിലോ പോലെ മഴയെ അതിന്റെ താളത്തില്‍ ആവിഷ്കരിക്കാന്‍ വൈലോപ്പിള്ളി ശ്രമിക്കുന്നില്ല.
‘സുല്‍ത്താനും കവിയും’ അസാധാരണമായ നിരീക്ഷണങ്ങളോടെ അത്ഭുതപ്പെടുത്തുന്നു. ഇവിടെ സുല്‍ത്താന്‍ മഴയാണ്; കാലവര്‍ഷമാണ്. മഴയെ സുല്ത്താനാക്കുകവഴി തന്റെ അറബിക്കഥ പ്രണയത്തിനു കവി അടിവരയിടുന്നു.
”കാവല്‍ നില്ക്കുന്നു കറുത്തോരടിമകള് സേവകരൊരുക്കുന്നു മദ്യത്തോല് ഭരണികള്‍” മഴമേഘങ്ങളെ അവതരിപ്പിക്കുമ്പോള്‍ ഒരറേബ്യന്‍ സുല്‍ത്താന്റെ കൊട്ടാരത്തിലെ പാനോത്സവരംഗത്തെയാണ് ഓര്‍മ്മപ്പെടുത്തുന്നത്.
കവിത മറ്റൊരു തലത്തെ ആവര്‍ജ്ജനം ചെയ്യുന്നത് കവിയെക്കുറിച്ചു പറയുമ്പോഴാണ്. മഴക്കാലം മരണത്തിന്റെ കാലം കൂടിയാണ്. ഏതു സൗന്ദര്യത്തിനു പിറകിലും ചില ദുരന്തയാഥാര്‍ത്ഥ്യങ്ങള്‍ കാണുന്നതാണ് വൈലോപ്പിള്ളിക്കവിത. ഇവിടെ മഴയുടെ ഋതുതാളത്തിനുപിറകിലും മരണത്തിന്റെ ദുരന്തനര്ത്തനം കവി കാണുന്നു. ഇതുപോലൊരു കര്ക്കടകരാവിലാണ് മഴ ഞങ്ങളുടെ പ്രിയപ്പെട്ട കവിയെ കവര്‍ന്നുകൊണ്ടുപോയത്. അവിടെയെത്തുമ്പോള്‍ ‘മലകള്‍ക്കിടയ്ക്കുള്ള മായികപുരിയിലേക്കുലകം മെതിച്ചേറ്റിപോകുന്ന സുല്‍ത്താന്‍’ അപ്രത്യക്ഷമാകുന്നു. പകരം മരണത്തിന്റെ സങ്കടം കടന്നുവരുന്നു.
ഇവിടെ കവി ചങ്ങമ്പുഴയാണ്. ഒരേ വര്‍ഷം ജനിച്ച് ഒരേ കാലഘട്ടത്തിലെഴുതിയ രണ്ട് കവികള്‍ തമ്മില്‍ അഭ്യസൂയയാലുള്ള അകലം വരികളില്‍ കാണാനില്ല. ചങ്ങമ്പുഴയെ അപഹരിച്ചുകൊണ്ടുപോയ കാലവര്‍ഷക്കാലത്തെ കവി ആത്മാര്‍ത്ഥമായി ശപിക്കുന്നു.
”ഞങ്ങള്‍ തന് പ്രിയപ്പെട്ട കവിയെക്കവര്ന്നീലേ
അങ്ങു താരുണ്യോദാരസൗരഭം പകര്‍ന്നോനെ
പ്പിച്ചകപ്പൂപോലശ്രു കവിളില്‍ തോരാത്തോനെ
സ്വച്ഛന്ദം പൂന്തേന്‍ നീണ്ട കഴുത്തില്‍ നിറഞ്ഞോനെ
അനുരാഗത്തിന് കിനാവാണ് തൂമിഴിയിലേ-
അജപാലബാലയും മുകരാന്‍ കൊതിച്ചോനെ
സൗമ്യനെ, കൃശാംഗനെ,പ്പേലവനിലാവിന്റെ
സൗഹൃദം ശീലിച്ചോനെ താരകള്തന് തോഴനെ?”
ചങ്ങമ്പുഴയെക്കുറിച്ച് ഇത്രയും മധുരവും ദീപ്തവുമായ വരികള്‍ മറ്റൊരു മലയാള കവിയും എഴുതിയിട്ടില്ല. ഈ വരികളില്‍ അദ്ദേഹത്തിന്റെ കാവ്യവ്യക്തിത്വം മുഴുവന്‍ ഒളിപ്പിച്ചുവച്ചിരിക്കുന്നു. കവിയെ മുകരാന്‍ കൊതിക്കുന്നത് അജപാലബാലയാണ്. ആ വരികള്‍ ധ്വനിപ്പിക്കുന്നത് രമണനെത്തന്നെ. മലയാളികള്‍ക്ക് പരിചയമേതുമില്ലാത്ത അജപാലവിലാപമാണല്ലോ രമണന്. ‘താരകള്‍ തന് തോഴനെ’ എന്ന വൈലോപ്പിള്ളിയുടെ പ്രയോഗത്തില്‍നിന്നാണ് പിന്നീട് ‘നക്ഷത്രങ്ങളുടെ സ്നേഹഭാജനം’ ഉരുത്തിരിയുന്നത്. ഒരു കവിക്ക് തന്റെ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന മറ്റൊരു കവിക്ക് സമര്‍പ്പിക്കാവുന്ന ഏറ്റവും ശ്രേഷ്ഠമായ തിലോദകമാണീ കവിത. ഹൃദയം തുറന്നു സമ്മാനിച്ച കവിത. പുഷ്പാഞ്ജലി. ചങ്ങമ്പുഴയെ ഗന്ധര്വ്വനാക്കിയവര്ക്കും എത്തിപ്പിടിക്കാന്‍ കഴിയാതെപോയ ഉയരം ഈ വരികള്‍ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: