കൊല്ലം: ബാങ്കേഴ്സ് സമിതിയും, റിസര്‍വ് ബാങ്കും ജില്ലകളിലെ ലീഡ് ബാങ്കുകളുടെ സഹകരണത്തോടെ സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങ് ക്യാംപയിന് ശക്തമാക്കുന്നു. കോട്ടയവും തൃശ്ശൂരും ഈ ലക്ഷ്യം കൈവരിച്ചു. 30നകം കൊല്ലം, തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകള്‍ പൂര്‍ണമായും ബാങ്കിങ് രംഗത്ത് ഡിജിറ്റലാകും. സംസ്ഥാന ബാങ്കേഴ്സ് സമിതി തീരുമാനിച്ച പ്രകാരം ജില്ലയില്‍ നടന്ന ജില്ലാതല റിവ്യൂ കമ്മിറ്റി യോഗത്തില്‍ ജില്ലാ ഡെവലപ്മെന്റ് കമ്മിഷണര്‍ ആസിഫ് കെ യൂസഫ്, റിസര്‍വ് ബാങ്ക് ജനറല്‍ മാനേജര്‍ സെഡ്രിക് ലോറന്‍സിന് രേഖകള്‍ കൈമാറി.
ബാങ്ക് ശാഖകളില്‍ പോകാതെ തന്നെ ഇടപാടുകള്‍ നടത്താന്‍ സൗകര്യം ഒരുക്കുന്ന ഡെബിറ്റ് കാര്‍ഡുകള്‍, ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിങ് സൗകര്യങ്ങള്‍, ആപ്പുകള്‍ തുടങ്ങിയ സേവനങ്ങള്‍ എല്ലാ ഉപഭോക്താക്കളിലും എത്തിക്കും. ജില്ലയില്‍ 85 ശതമാനം ഇടപാടുകാരും ഇപ്പോള്‍ ഡിജിറ്റല്‍സേവനങ്ങള്‍ ഉപയോഗിക്കുന്നതായി യോഗം വിലയിരുത്തി. സമ്പൂര്‍ണ ഡിജിറ്റലൈസേഷനോടെ പെന്ഷന്, ഗ്രാന്റ്, വേതനവിതരണം, കരവും മറ്റു സര്ക്കാര്ഫീസുകളും ഒടുക്കല്‍, ഫീസ് അടയ്ക്കല്‍, വൈദ്യുതിബില്‍, വെള്ളക്കരം അടയ്ക്കുന്നതും പണം സെക്കന്റുകള്‍ക്കുള്ളില്‍ കൈമാറുന്നത് എന്നിവ സുഗമമായും കറന്‍സിയുടെ ഉപയോഗം കുറയ്ക്കാനും കള്ളനോട്ടുകളുടെ പ്രചാരം കുറയ്ക്കാനും സാധിക്കും.
ജില്ലയിലെ 34 ബാങ്കുകളുടെ 478 ശാഖകളും ബോധവത്കരണ പരിപാടികള്‍ ആരംഭിച്ചു കഴിഞ്ഞു. സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെ ഉറപ്പാക്കിയിട്ടുണ്ട്. ജില്ലാതല അവലോകനയോഗത്തില്‍ റിസര്‍വ് ബാങ്ക് ജനറല്‍മാനേജര്‍ ഡോ.സെഡറിക് ലോറന്‍സ്, ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ യൂസഫ്, നബാര്‍ഡ് ജില്ലാ ഓഫീസര്‍ ടി.കെ. പ്രേംകുമാര്‍, റിസര്‍വ് ബാങ്ക് എല്‍ഡിഒ മിനി ബാലകൃഷ്ണന്, ഇന്ത്യന്‍ ബാങ്കിന്റെ സോണല്‍ മാനേജര്‍ എസ്. സെന്തില്‍കുമാര്‍, ബിജുകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: