ചാത്തന്നൂര്‍: പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ മാനദണ്ഡങ്ങള്‍ അട്ടിമറിച്ച് പിന്‍വാതില്‍ നിയമനമെന്ന് പരാതി. ഒഴിവ് വരുന്ന തസ്തികകളില്‍ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിനെ നോക്കുകുത്തിയാക്കി നേരിട്ട് നിയമനം നടത്തുന്നു. സിപിഎമ്മിന്റെ പാര്‍ട്ടി ഓഫിസില്‍ നിന്നും കൊടുക്കുന്ന ലിസ്റ്റ് അനുസരിച്ചാണ് നിയമനങ്ങള്‍ നടത്തുന്നതെന്നാണ് ആക്ഷേപം.
പരവൂര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ എസ്എസ് എല്‍ സി അടിസ്ഥാനയോഗ്യതയുള്ളവര്മാത്രം പന്ത്രണ്ടായിരത്തിലേറെ വരും. നഴ്സിങ് യോഗ്യതയുള്ളവരും ഡിഗ്രിക്കാരും ആയിരത്തിലധികവും മറ്റ് ടെക്നിക്കല്‍ യോഗ്യതയുള്ളവര്‍ ആയിരത്തോളവും രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുമ്പോള്‍ രണ്ടുവര്‍ഷത്തിലേറെയായി മെഡിക്കല്‍ കോളേജിലെ ഒരു തസ്തികയിലേക്കും ലിസ്റ്റുപോലും ആവശ്യപ്പെടുന്നില്ല.
ഓഫീസ് ജീവനക്കാര്‍, സ്റ്റാഫ് നഴ്സ്, നേഴ്സിങ് അസിസ്റ്റന്റ്, ലാബ് ടെക്നീഷ്യന്, പാര്‍ട്ട് ടൈം, ഫുള്‍ടൈം സ്വീപ്പര്‍മാര്‍, മറ്റ് അനുബന്ധ ജീവനക്കാര്‍ എന്നീ തസ്തികകളില്‍ നൂറോളം ഒഴിവുകളുണ്ട്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പരിശോധന നടന്നപ്പോള്‍ ജീവനക്കാരുടെ കുറവ് നികത്താനായി മറ്റു ജില്ലകളില്‍നിന്ന് എണ്‍പതോളം പേരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് സ്ഥലംമാറ്റിയിരുന്നു. എന്നിട്ടും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്താന്‍ അധികൃതര്‍ തയ്യാറാകാത്തതില്‍ കടുത്ത അമര്‍ഷത്തിലാണ് ഉദ്യോഗാര്‍ഥികള്‍.
മെഡിക്കല്‍ കോളേജിലെ ഹൗസ്കീപ്പിങ്, സെക്യൂരിറ്റി വിഭാഗങ്ങള്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് കരാര്‍ കൊടുക്കാതെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്ന് ജീവനക്കാരെ നിയമിക്കണമെന്ന് ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെടുന്നു. ആശുപത്രി വികസനസമിതി അനുബന്ധ തസ്തികകളില്‍ നടത്തുന്ന നിയമനങ്ങളും എംപ്ലോയ്മെന്റ് ലിസ്റ്റില്‍നിന്ന് സീനിയോറിറ്റി പ്രകാരം നടത്തണം.
മെഡിക്കല്‍ കോളേജിനു പുറമേ ചാത്തന്നൂരിലെ കൊല്ലം സഹകരണ സ്പിന്നിങ് മില്‍, നെടുങ്ങോലം താലൂക്കാശുപത്രി, കശുവണ്ടി വികസന കോര്പ്പറേഷന്, സഹകരണ ബാങ്കുകള്‍, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍, പഞ്ചായത്തുകള്‍, അങ്കണവാടികള്‍ എന്നിവയില്‍ വരുന്ന താത്കാലിക ഒഴിവുകളിലേക്കും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തേണ്ടതാണ്. പക്ഷെ സിപിഎം നേതൃത്വം പാര്‍ട്ടി അനുഭാവികള്‍ക്ക് പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുകയാണെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: