മുംബൈ: മഹാരാഷ്ട്രയിലെ ബിജെപി നേതാവ് കിരിത്ത് സോമയ്യയുടെ ഭാര്യയ്ക്കെതിരെ ശിവസേന നേതാവ് സഞ്ജയ് റാവുത്ത് അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയെന്ന് പ്രഥമദൃഷ്ട്യാ ബോധ്യമായതായി മുംബൈ കോടതി. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂലായ് നാലിന് കോടതി മുന്‍പാകെ ഹാജരാകാന്‍ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് നിര്‍ദേശിച്ചു.
ബിജെപി നേതാവ് കിരിത്ത് സോമയ്യയുടെ ഭാര്യ മേധാ സോമയ്യയാണ് മുംബൈ കോടതിയില്‍ പരാതി നല്‍കിയത്. മിരാ ഭയാന്ദര് മുനിസിപ്പല്‍ കോര്പറേഷന് പരിധിയിലെ പൊതുകക്കൂസുകള്‍ നിര്‍മ്മിക്കാനും നന്നാക്കാനും ഉള്ള പദ്ധതിയില്‍ 100 കോടി രൂപ തിരിമറി നടത്തി എന്നായിരുന്നു സഞ്ജയ് റാവുത്ത് മേധാ സോമയ്യയ്ക്കെതിരെ ഉന്നയിച്ച ആരോപണം. ഇത് തന്റെ വ്യക്തിത്വം പൊതുജനമധ്യത്തില്‍ കളങ്കപ്പെടുത്തിയെന്നായിരുന്നു മേധാ സോമയ്യയുടെ പരാതി.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 499, 500 അനുച്ഛേദങ്ങള്‍ പ്രകാരം അപകീര്‍ത്തിക്കുറ്റത്തിന് ശിക്ഷിക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം. റാവുത്തിന്റെ വാക്കുകള്‍ ഒറ്റനോട്ടത്തിലെ അപകീര്‍ത്തികരമാണെന്ന് മജിസ്ട്രേറ്റ് നിരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജൂലായ് 4ന് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: