ലഖ്നൗ::ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ മതനിന്ദ ആരോപിച്ച് ജൂണ്‍ 3ന് വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്‌ക്ക് ശേഷം ഹിന്ദുക്കള്‍ക്ക് നേരെ നടന്ന കലാപത്തില്‍ മുഖ്യ ആസൂത്രകനായ ഹയത്ത് ഹഷ്മിയുടെ ഭാര്യ പല വാട്സാപ് ഗ്രൂപ്പുകളിലെയും അംഗങ്ങളെ ഗ്രൂപ്പില്‍ നിന്നും നീക്കം ചെയ്തതായി കണ്ടെത്തല്‍. ഭാര്യ സാറ ഹയത്തിന് കലാപവുമായി ബന്ധമുള്ളതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇവരെ ചോദ്യം ചെയ്തപ്പോഴാണ് പല വാട്സാപ് ഗ്രൂപ്പിലെയും അംഗങ്ങളെ നീക്കം ചെയ്തതായി അവര്‍ വെളിപ്പെടുത്തിയത്. ഇത് അക്രമികളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് പൊലീസ് കരുതുന്നു.
കൂട്ടികളെയും സ്ത്രീകളെയും ഈ ഗ്രൂപ്പില്‍ നിന്നും ഒഴിവാക്കി എന്ന വിശദീകരണമാണ് സാറ ഹയത്ത് നല്‍കുന്നത്. ഭര്‍ത്താവ് സഫര്‍ ഹയത്ത് ഹഷ്മിയുടെ പേര് പോലും പല വാട്സാപ് ഗ്രൂപ്പുകളില്‍ നിന്നും ഒഴിവാക്കിയെന്നും സാറ ഹയത്ത് പറയുന്നു. വാട്സാപ് ഗ്രൂപ്പിലെ അംഗങ്ങളെ പൊലീസ് പ്രതികളാക്കി ചേര്‍ക്കുമെന്ന് ഭയക്കുന്നതിനാലാണ് പലരെയും ഗ്രൂപ്പുകളില്‍ നിന്നും നീക്കം ചെയ്തതെന്നാണ് സാറ ഹയത്തിന്റെ വിശദീകരണം. പക്ഷെ ഇവര്‍ക്ക് കലാപം ആസൂത്രണം ചെയ്യുന്നതില്‍ പങ്കുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ഒട്ടേറെ ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചതായി പൊലീസ് പറയുന്നു.
സാറ ഹയത്ത് നിരവധി വാട്സാപ് ഗ്രൂപ്പുകളുടെ അഡ്മിന്‍ ആണ്. മറ്റ് നിരവധി വാട്സാപ് ഗ്രൂപ്പുകളില്‍ സജീവ അംഗവുമാണ്. ബന്ദിന് ആഹ്വാനം നടത്തിയത് ഈ വാട്സാപ് ഗ്രൂപ്പുകളിലൂടെയാണ്. ബന്ദിന്റെ വിശേഷങ്ങള്‍ അപ്പപ്പോള്‍ ഈ ഗ്രൂപ്പിലെ അംഗങ്ങള്‍ അന്യോന്യം പങ്കുവെയ്‌ക്കുകയും ചെയ്തിരുന്നു.
ചോദ്യം ചെയ്തപ്പോള്‍ സാറ ഹയത്ത് പൊലീസിനെ വിമര്‍ശിച്ചത് പൊലീസുദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ അമ്പരപ്പുളവാക്കി. “പൊലീസ് ക്രമസമാധാനം പാലിക്കുന്നതില്‍ പരാജയപ്പെട്ടു. എന്തുകൊണ്ടാണ് കലാപം കത്തിപ്പടരും മുമ്പ് പൊലീസിന് അത് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല”- ചോദ്യം ചെയ്യലിനിടയില്‍ സാറ ഹയത്ത് പൊലീസിനോട് ചോദിക്കുന്നു. വാസ്തവത്തില്‍ മുഖ്യആസൂത്രകന്‍ സഫര്‍ ഹയത്ത് ഹഷ്മിയുടെ ആഹ്വാനമാണ് യുവാക്കളെ കല്ലെറിയാന്‍ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. ഒപ്പം പെട്രോള്‍ ബോംബുകള്‍ വലിച്ചെറിയുക കൂടി ചെയ്തതോടെയാണ് കലാപം കത്തിപ്പടര്‍ന്നത്. ഇതറിഞ്ഞിട്ടും സാറ ഹയത്ത് പൊലീസിനെ കുറ്റപ്പെടുത്തുന്ന വിചിത്രവാദമാണ് ഉയര്‍ത്തുന്നത്. സഫര്‍ ഹയത്ത് ഹഷ്മിയുടെ നേതൃത്വത്തിലാണ് പ്രവാചകനിന്ദയെ അപലപിച്ച് കടകള്‍ അടയ്‌ക്കാന്‍ ആഹ്വാനമുണ്ടായത്.
മാത്രമല്ല, ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പരസ്പരം ബന്ധമില്ലാത്ത യുവാക്കള്‍ അക്രമത്തിനെത്തിയതും ഇതിന് പിന്നിലെ വ്യക്തമായ ആസൂത്രണമാണ് വെളിപ്പെടുത്തുന്നത്. കാണ്‍പൂരിലെ സാമൂഹ്യസന്നദ്ധ സംഘടനയായ മൗലാന മുഹമ്മദ് അലി(എംഎംഎ) യുടെ വാട്സാപ് ഗ്രൂപ്പായ എംഎംഎ ജൗഹര്‍ ഫാന്‍സ് അസോസിയേഷന്‍ കാണ്‍പൂര്‍ ടീമില്‍ അക്രമത്തിന്റെ ചിത്രങ്ങളും വീഡിയോകളും അപ്പപ്പോള്‍ പങ്കുവെയ്‌ക്കപ്പെടുന്നുണ്ടായിരുന്നതായി പൊലീസ് പറയുന്നു. എംഎംഎ) യുടെ ദേശീയ അധ്യക്ഷന്‍ കൂടിയാണ് ഹയത്ത് സഫര്‍ ഹഷ്മി.
ജൂണ്‍ മൂന്നിന് വെള്ളിയാഴ്ച നിസ്കാരം കഴിഞ്ഞെത്തിയവരാണ് കാണ്‍പൂരില്‍ കലാപം സൃഷ്ടിച്ചത്. ഇതില്‍ പൊലീസ് കേസെടുത്ത 1000 പേര്‍ അഞ്ജാതരാണ്. 58 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എംഎംഎയുടെ ഉത്തര്‍പ്രദേശ് സംസ്ഥാന പ്രസിഡന്‍റ് ജാവേദ് അഹമ്മദിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘടനയില്‍ അംഗമായി മുഹമ്മദ് റാഹില്‍, മുഹമ്മദ് സുഫിയന്‍ എന്നിവരും അറസ്റ്റിലായവരില്‍ പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: