തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും കറന്‍സി, സ്വര്‍ണക്കടത്തില്‍ പങ്കെന്ന് ഉറപ്പിച്ച് കേസിലെ പ്രതി സ്വപ്ന സുരേഷ്. പാലക്കാട്ട് മാധ്യമങ്ങളോടാണ് താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നെന്ന് സ്വപ്ന വ്യക്തമാക്കിയത്. താന്‍ പറഞ്ഞതിനെല്ലാം തെളിവുകളുണ്ട്. തെളിവുകള്‍ ഉള്ളതിനാലാണ് കോടതിയില്‍ രഹസ്യമൊഴി നല്‍കിയത്. അല്ലാതെ, ഏതെങ്കിലും ഒരു സ്ത്രീ മുഖ്യമന്ത്രിക്കെതിരേ തമാശക്കളി നടത്തിയാല്‍ അതിനു കോടതി കൂട്ട് നില്‍ക്കുമെന്ന് കരുതരുത്. മുഖ്യമന്ത്രിയുടെ ഭാര്യ കമലേയും മകള്‍ വീണയേയും പുകമറ സൃഷ്ടിച്ച് നിര്‍ത്തുന്നതല്ല, അത് നിവൃത്തികേട് കൊണ്ടാണ്. താന്‍ ഇപ്പോഴും ഭീഷണി നേരിടുകയാണ്, എന്നാല്‍, വിഷയത്തില്‍ ഉള്‍പ്പെട്ടവര്‍ ഇപ്പോഴും ആഡംബര ജീവിതം തുടരുകയാണ്. തനിക്ക് രാഷ്ട്രീയ അജന്‍ഡയില്ല, തന്റെ മൊഴി സ്വകാര്യലാഭത്തിന് ഉപയോഗിക്കരുത്. മുഖ്യമന്ത്രി എന്ന നിലയില്‍ അല്ല, തന്റെ കേസില്‍ ഉള്‍പ്പെട്ട വ്യക്തി എന്ന നിലയിലാണ് പിണറായിയുടെ പേര് വെളിപ്പെടുത്തിയത്. ഇനിയും ഏറെ കാര്യങ്ങള്‍ പറയാനുണ്ട്. ഇപ്പോള്‍ പുറത്തുവന്നത് ചെറിയ കാര്യങ്ങള്‍ മാത്രമെന്നും സ്വപ്ന.
പി.സി. ജോര്‍ജിന് താനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉണ്ടെങ്കില്‍ പുറത്തുവിടാം. സരിതയെ തനിക്ക് അറിയില്ല, തന്റെ അമ്മയെ ബന്ധപ്പെട്ട് നിരന്തരം ശല്യം ചെയ്തിരുന്നു. അവര്‍ എന്റെ മൊഴി സ്വകാര്യലാഭത്തിന് ഉപയോഗിക്കരുത്. ഉന്നതര്‍ ഒരു സ്ത്രീയെ ഉപയോഗിച്ച ശേഷം കറിവേപ്പില പോലെ കളഞ്ഞതിന്റെ വിഷമം എല്ലാവരും അറിയണമെന്നും സ്വപ്ന. താന്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന എച്ചആര്‍ഡിഎസിന് തന്റെ മൊഴിക്കു പിന്നില്‍ ഒരു ബന്ധവുമില്ലെന്നും തന്നെയും മക്കളേയും ജീവിക്കാന്‍ അനുവദിക്കണമെന്നും സ്വപ്ന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: