ന്യൂദല്‍ഹി: പ്രവാചകനിന്ദയുടെ പേരില്‍ ഇന്ത്യ മാപ്പുപറഞ്ഞെന്ന തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മറ്റ് പ്രതിപക്ഷ നേതാക്കളും. ഇന്ത്യ മാപ്പ് പറയേണ്ട അവസ്ഥവന്നിരിക്കുന്നുവെന്നും മാപ്പ് പറഞ്ഞ് അപമാനിതരാകേണ്ട രാജ്യമല്ല ഇന്ത്യയെന്നുമുള്ള പ്രസ്താവനയുമായി ഇറങ്ങിയിരിക്കുകയാണ് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
ഇത് തെറ്റിദ്ധരിപ്പിക്കലാണ്. മാപ്പ് എന്ന വാക്ക് ഒട്ടുമിക്ക പ്രതിപക്ഷ നേതാക്കളും അവരുടെ പ്രസ്താവനയില്‍ ആവര്‍ത്തിക്കുകയാണ്. ഒരു നുണ നൂറു തവണ ആവര്‍ത്തിച്ചാല്‍ അത് സത്യമാകുമെന്ന ഹിറ്റ്ലറുടെ മുഖ്യപ്രചാരകനായ ഗീബല്‍സിന്റെ സിദ്ധാന്തമാണ് പ്രതിപക്ഷ നേതാക്കള്‍ പിന്തുടരുന്നത്. വാസ്തവത്തില്‍ ഇന്ത്യ അറബ് രാജ്യങ്ങളുടെ മുന്പില് മാപ്പ് പറഞ്ഞിട്ടില്ല. ഇന്ത്യന്‍ സ്ഥാനപതിമാര്‍ അവരുടെ നിലപാട് വ്യക്തമായി അറിയിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഖത്തറിലെ ഇന്ത്യന്‍ സ്ഥാപനതി ഡോ. ദീപക് മിത്തല്‍ പറഞ്ഞത് പ്രവാചകനിന്ദ എന്നത് ഇന്ത്യന്‍ സര്‍ക്കാരിന്റെ വീക്ഷണമല്ലെന്നും ചില തീവ്രചിന്താഗതിക്കാരായ വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും അഭിപ്രായമാണെന്നുമായിരുന്നു. “ഇസ്ലാമിനെതിരായ ട്വീറ്റുകള്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ വീക്ഷണമല്ല പ്രതിഫലിപ്പിക്കുന്നത്. അത് ചില തീവ്രവാദസ്വഭാവമുള്ള ഘടകങ്ങളുടെ കാഴ്ചപ്പാടുകള്‍ മാത്രമാണ്.” – ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ പറഞ്ഞു.
മറ്റ് അറബ് രാജ്യങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതിമാരും ഇതേ അഭിപ്രായമാണ് പ്രകടിപ്പിച്ചിരിക്കുന്നത്. നൂപുര്‍ ശര്‍മ്മയെയും ട്വിറ്ററില്‍ സമാന സ്വഭാവമുള്ള ട്വീറ്റ് പങ്കുവെച്ച നവീന്‍ ജിന്‍ഡാലിനെയും ബിജെപി പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: