പ്രൊഫ.ടി. ശോഭീന്ദ്രന്
പരിസ്ഥിതി എന്നാല്‍ പരിസരത്തിന്റെ സ്ഥിതി എന്നാണ് അര്‍ത്ഥം. പരിസരത്തിന്റെ സ്ഥിതി നന്നായാല്‍ ജീവിതസ്ഥിതി നന്നാവും. പരിസരസ്ഥിതി മോശമായാല്‍ ജീവിതസ്ഥിതി മോശമാവും; നാശമാവും. പരിസരം എന്നാല്‍ മനുഷ്യന്റെ ജീവിത പരിസരമാണ്. മനുഷ്യന് എന്നാല്‍ ശരീരമാണ്; അതില്‍ കുടികൊള്ളുന്ന മനസ്സുമാണ്. മനസ് നന്നായിരിക്കുക എന്നതാണ് പരിസ്ഥിതി നന്നായിരിക്കുക എന്നതിന്റെ ആദ്യപടി. മനുഷ്യന്റെ ഏറ്റവും സമീപസ്ഥമായിരിക്കുന്നത് അവന്റെ മനസ്സാണ്. മനസ്സ് നന്നാവുകയാണ്, മനസ്സാകുന്ന പരിസരം നന്നാവുകയാണ് ആദ്യം വേണ്ടത്. മനസ്സ് നന്നായാല്‍ ശരീരം നന്നാകും. ആരോഗ്യമെന്നാല്‍ മനസ്സില്‍ നന്മ വിളയുക എന്നതാണ്. ഇത് ശരീരത്തിന്റെ ആരോഗ്യത്തെ സുസ്ഥിരമാക്കുന്നു. ഇത് രണ്ടും ഒന്നിക്കുമ്പോള്‍ അവന്റെ ചുറ്റുപാടും ആരോഗ്യകരമായ പരിസ്ഥിതിയായിത്തീരുന്നു.
വികസനം എന്നാല്‍ മനുഷ്യന്റെ ഭൗതികമായ വികസനത്തെക്കുറിച്ച് മാത്രമാണ് നാം ഇക്കാലത്ത് ആലോചിക്കുന്നത്. മനുഷ്യന്റെ മാനവിക ബോധതലമാണ് വികസിക്കേണ്ടത്. ഇതാണ് യഥാര്‍ത്ഥ വികസനം.
ജീവിതത്തിന്റെ കാതലായ കേന്ദ്രം, ആസ്ഥാനം, തലസ്ഥാനം മനസ്സാണ്. അവിടെ നന്നാകലാണ് വികസനത്തിന്റെ തുടക്കം. ഇക്കാര്യത്തില്‍ നാം പിന്നിലാണ് എന്നതിന്റെ അര്‍ത്ഥം വികസനത്തിലും നാം പിന്നിലാണ് എന്നു തന്നെ. ശരീരത്തിന്റെ സന്തോഷം, സുഖ സൗകര്യം എന്നിവയ്ക്കാണ് നാം മുന്‍ഗണന നല്‍കുന്നത്. ഈ ആകര്‍ഷണീയതയുടെ പിന്നാലെയുള്ള യാത്രയാണ് വികസനം എന്നതുകൊണ്ട് നാമിന്ന് അര്‍ത്ഥമാക്കുന്നത്.
ഇതിനായി മണ്ണും പ്രാണവായുവും ജീവജലവും ചൂഷണം ചെയ്യുക എന്നതാണ് നമ്മുടെ ആസുരിക ചിന്ത. ഇന്നത്തെ തലമുറക്ക് വേണ്ടി മാത്രമുള്ളതാണ് പ്രകൃതി എന്നതാണ് നമ്മുടെ മനോഭാവം. നമ്മുടെ മക്കള്‍ക്കും അവരിലൂടെ വരാനിരിക്കുന്ന തലമുറകള്‍ക്കും വേണ്ടി പ്രകൃതി സുസ്ഥിരമായി നിലനില്ക്കണമെന്ന ചിന്ത നമുക്കില്ല. മനസ്സിന്റെ ഈ വികസന മുരടിപ്പാണ് ഇന്നു നാം അനുഭവിക്കുന്ന വികസന ദുരന്തത്തിന്റെ കാരണം.
നല്ല മണ്ണും പ്രാണവായുവും ജീവജലവും അടുത്ത തലമുറകള്‍ക്ക് വേണ്ടി കൂടിയുള്ളതാണ് എന്നതായിരിക്കണം നമ്മുടെ വികസന ചിന്ത. വരാനിരിക്കുന്ന പരമ്പരകള്‍ക്ക് വേണ്ടി ചിന്തിക്കാത്ത മനുഷ്യന്റെ ബോധതലം, വികസന വിരുദ്ധമാണ്. വരും കാലത്തെക്കുറിച്ച് ചിന്തിക്കുന്ന മനുഷ്യകുലം ഉണ്ടാകേണ്ടിയിരിക്കുന്നു. വികസനത്തെ പുതിയ നിര്‍വചനത്തിലേക്ക് എത്തിക്കേണ്ടിയിരിക്കുന്നു. ഉയരത്തിലേക്കും കൂടുതല്‍ എണ്ണത്തിലേക്കും കൂടുതല്‍ വേഗത്തിലേക്കും ആഴത്തിലേക്കുമുള്ള കുതിപ്പ് വികസനമല്ല. കൂടുതല്‍ വിളയിക്കാന്‍ മണ്ണില്‍ വിഷം ചേര്‍ത്തതിന്റെ ദുരന്തം നാമിന്നനുഭവിക്കുന്നു. കൂടുതല്‍ വേഗതയ്ക്കായി നാമിന്ന് കെറെയിലിന്റെ പിന്നാലെയാണ്. എന്തിനാണ് വേഗത വേണ്ടത്രയില്ലാത്തത്! ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്ന സര്‍ക്കാരിന്റെ നടപടികള്‍ക്കാണ് വേഗതയുണ്ടാവേണ്ടത്. ഭരണകൂടത്തിന്റെ കാര്യക്ഷമതയ്ക്ക് വേഗം കൂട്ടുന്നതിന് പകരമാവില്ല കെ റെയിലിന്റെ വേഗത. ഇത് വര്‍ധിച്ചാല്‍ കെ റെയിലിന്റെ കുതിപ്പ് കേരളത്തിനാവശ്യമില്ല. മനുഷ്യന്റെ പരിമിതമായ പ്രകൃതിസമ്പത്ത് തകര്‍ത്ത്, കേരളത്തെ പകുത്ത് കെ റെയില്‍ പണിയുന്നത് പരമാബദ്ധമാണ്. ഈ അബദ്ധത്തിന് പകരം യഥാര്‍ത്ഥ വികസന ചിന്ത ഉയര്‍ന്നു വരട്ടെ. മനുഷ്യന്റെ, ഭരണാധികാരികളുടെ ബോധത്തിന്, വികാസമുണ്ടാകുന്നതിന് പരിസ്ഥിതി ദിനം ഉപകരിക്കട്ടെ. ഈ ചിന്ത ഒരു ദിനത്തിലൊതുങ്ങാതിരിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: