ന്യൂദല്‍ഹി: ബ്രാഹ്മണര്‍ക്കെതിരെ തീവ്രനിലപാടെടുക്കുന്ന സാമൂഹ്യപ്രവര്‍ത്തക തേന്മൊഴി സൗന്ദര്‍രാജന്റെ പ്രഭാഷണം ഗൂഗിള്‍ റദ്ദാക്കി. ജോലിസ്ഥലത്ത് അനാവശ്യമായ ജാതിവേര്‍തിരിവുകള്‍ സൃഷ്ടിക്കുമെന്ന് ആരോപിച്ചാണ് ഗൂഗിള്‍ ഈ പ്രഭാഷണം റദ്ദാക്കിയത്.
ഇതിന്റെ പേരില്‍ ഗൂഗിളില്‍ ഭിന്നത ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ഗൂഗിള്‍ ജീവനക്കാരി തനൂജ ഗുപ്തയുടെ ശ്രമം ഗൂഗിള്‍ ജീവനക്കാര്‍ തന്നെ തകര്‍ത്തു. ബ്രാഹ്മിണ്‍ വിരുദ്ധ, ഇന്ത്യ വിരുദ്ധ, ഹിന്ദുത്വ വിരുദ്ധ സ്ഥാപനമാ ഇക്വാളിറ്റി ലാബ്സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് തേന്മൊഴി. ഇവരെ ഗൂഗിള്‍ ന്യൂസ് ജീവനക്കാര്‍ക്ക് വേണ്ടി പ്രഭാഷണം നടത്താന്‍ ക്ഷണിച്ചത് ഗൂഗിളിന്റെ സീനിയര്‍ മാനേജര്‍ തനൂജ ഗുപ്തയാണ്. “ദളിത് ചരിത്ര മാസം” എന്ന പരിപാടിയുമായി ബന്ധപ്പെട്ടാണ് ഈ പ്രഭാഷണം സംഘടിപ്പിച്ചിരുന്നത്. ഇത്തരമൊരു പ്രഭാഷണം ഗൂഗിളിലെ ജീവനക്കാര്‍ക്കിടയില്‍ ജാതി വിവേചനവും പലതരം ജാതി ചിന്തകളും ഉയര്ത്തപ്പെട്ടേക്കുമെന്ന് ഒരു വിഭാഗം ജീവനക്കാരില്‍ ആശങ്ക ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഗൂഗിളില്‍ ഉയര്‍ന്ന പദവിയിലിരിക്കുന്ന ഏഴ് പേര് ഗൂഗിള്‍ മാനേജ് മെന്റിന് തേന്മൊഴി സൗന്ദര്‍രാജന്റെ പ്രഭാഷണം സംഘടിപ്പിക്കുന്നതിനെതിരെ കത്തെഴുതി. അതോടെയാണ് ഗൂഗിള്‍ ഈ പ്രഭാഷണം റദ്ദാക്കിയതായിപ്രഖ്യാപിച്ചത്.
ഇതിന്റെ കാരണം ഗൂഗിള്‍ വക്താവ് ഷാന്നൊന്‍ ന്യൂബെറി വിശദീകരിച്ചതിങ്ങിനെ:” ഞങ്ങളുടെ തൊഴിലിടത്തില്‍ ജാതി വിവേചനത്തിന് സ്ഥാനമില്ല. തൊഴിലിടത്തില്‍ വിവേചനത്തിനും പ്രതികാരമനോഭാവത്തിനും എതിരായ സുവ്യക്തമായ നയമാണ് ഗൂഗിളിനുള്ളത്.”
“ഈ പ്രഭാഷണം നടത്തേണ്ട എന്ന തീരുമാനത്തിന് പിന്നില്‍ മറ്റൊരു കാരണവുമുണ്ട്. ഈ പ്രഭാഷണം ഗൂഗിള്‍ ജീവനക്കാരുടെ സമൂഹത്തിനുള്ളില്‍ ഐക്യവും ബോധവല്‍ക്കരണവും സൃഷ്ടിക്കുന്നതിന് പകരം വിള്ളല്‍ ഉണ്ടാക്കുമെന്ന് തോന്നി”- അവര്‍ പറയുന്നു.
എന്നാല്‍ തേന്മൊഴിയുടെ പ്രഭാഷണം ഗൂഗിള്‍ റദ്ദാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് ഗൂഗിളിലെ സീനിയര്‍ മാനേജര്‍ തനൂജ ഗുപ്ത രാജിവെച്ചു. തനൂജയും ഹിന്ദുത്വ വിരുദ്ധ പ്രവര്‍ത്തകയാണെന്ന് ആരോപിക്കപ്പെടുന്നു. “ഗൂഗിളിന്റെ തൊഴിലിടത്തില്‍ കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ രണ്ട് ജീവനക്കാര്‍ ജാതിവിവേചനം അനുഭവിച്ചിരുന്നു. അതുകൊണ്ടാണ് തേന്മൊഴിയെത്തന്നെ പ്രഭാഷണത്തിന് വിളിക്കണമെന്ന് തീരുമാനിച്ചത്”- എന്ന ന്യായീകരണമാണ് തേന്മൊഴിയെ പ്രഭാഷണത്തിന് കൊണ്ടുവരുന്നതിന്റെ പിന്നിലുണ്ടായിരുന്നതെന്ന് തനൂജ ഗുപ്ത വിശദീകരിക്കുന്നു.
തേന്മൊഴിയുടെ പ്രഭാഷണം റദ്ദാക്കിയതോടെ ഗൂഗിളിനെ പ്രതിസ്ഥാനത്ത് നിര്‍ത്താനായിരുന്നു തനൂജയുടെ ശ്രമം. ആഭ്യന്തരമായി വിമര്‍ശനം ഉയര്‍ത്തിയതിന്റെ പേരില്‍ ജീവനക്കാരോട്, പ്രത്യേകിച്ചും സ്ത്രീകളോട്, പ്രതികാരം ചെയ്ത കമ്പനിയാണ് ഗൂഗിളെന്ന് തനൂജ ഗുപ്ത കുറ്റപ്പെടുത്തുന്നു. തേന്മൊഴിയുടെ പ്രഭാഷണം റദ്ദാക്കിയപ്പോള്‍ തനൂജ ഗുപ്ത യൂ ട്യൂബില്‍ തേന്മൊഴിയുമായി സുദീര്‍ഘമായ ഒരു അഭിമുഖം നടത്തി പ്രസിദ്ധീകരിക്കുകയും അത് പരമാവധി ഇടങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.
എന്നിട്ടും അരിശം തീരാതെ തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഗൂഗിളിന് വേണ്ടി ജോലി ചെയ്യുന്ന 8,000 ജീവനക്കാരെ ഗൂഗിളിന് എതിരെ തിരിക്കാനും തനൂജ ഗുപ്ത ശ്രമം നടത്തി. ഇതിന്റെ ഭാഗമായി ഈ ജീവനക്കാര്‍ക്കെല്ലാം തേന്മൊഴിയുടെ പ്രഭാഷണം റദ്ദാക്കിയ കാര്യം ചൂണ്ടിക്കാട്ടി തനൂജ ഗുപത് പ്രതിഷേധ ഇ-മെയില്‍ അയച്ചിരുന്നു. എന്നാല്‍ പതിവിന് വിപരീതമായി ഗൂഗിളില്‍ വിള്ളലും വിഘടനവും ഉണ്ടാക്കുന്നുവെന്ന് പറഞ്ഞ് ഇവരില്‍ ഭൂരിഭാഗം പേരും തനൂജ ഗുപ്തയെ വിമര്‍ശിക്കുകയായിരുന്നു.
തേന്മൊഴി സൗന്ദര്രാജന് ബ്രാഹ്മിണ്‍ വിരുദ്ധ മാത്രമല്ല, ഇന്ത്യാ വിരുദ്ധ കൂടിയാണ്. ഒപ്പം ജാതി ചിന്ത കുത്തിവെയ്ക്കുന്ന സാമൂഹ്യ പ്രവര്‍ത്തക കൂടിയാണ്. യുഎസിലെ വലിയൊരു ബ്രാഹ്മിണ്‍ വിരുദ്ധ ജാതി തീവ്ര സംഘമാണ് തേന്മൊഴി സൗന്ദര്‍രാജന്റെ ഇക്വാലിറ്റി ലാബ്സ്. കുറച്ചുനാള്‍ മുന്‍പ് ട്വിറ്റര്‍ സിഇഒ ജാക് ഡോഴ്സി ബ്രാഹ്മിണ്‍ വിരുദ്ധ പ്ലക്കാര്‍ഡ് പിടിച്ചത് വന്‍വിവാദമായിരുന്നു. പിന്നീട് ഈ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തത് തേന്മൊഴി സൗന്ദര്‍രാജനാണെന്ന് അന്വേഷണത്തില്‍ വെളിപ്പെട്ടു.
ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഓര്ഗനൈസേഷന് ഫോര്‍ മൈനോരിറ്റീസ് ഇന്‍ ഇന്ത്യ (ഒഎഫ് എം ഐ) എന്ന സംഘടനയുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നുണ്ട് തേന്മൊഴിയുടെ ഇക്വാലിറ്റി ലാബ്സ്. ഇവര്‍ തെക്കന്‍ ഏഷ്യന്‍ അമേരിക്കക്കാര്‍ക്കിടയിലെ ജാതികളെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് തന്നെ തയ്യാറാക്കിയിരുന്നു.
ഒഎഫ് എം ഐ എന്ന സംഘടനയെ നയിക്കുന്നത് ഭജന്‍ സിങ്ങ് ഭിന്‍ഡര്‍ ആണ്. ഇദ്ദേഹം പാക് ചാരസംഘടനയായ ഐഎസ് ഐയുടെ പ്രവര്‍ത്തകനാണ്. യുഎസ് പ്രസിഡന്റ് ജോ ബൈഡന് വേണ്ടി പ്രവര്‍ത്തിച്ച മോദി അനുകൂലിയായ അമിത് ജാനിയെ തേന്മൊഴി സൗന്ദര്രാജന് “ഹിന്ദു ഫാസിസത്തെ പിന്തുണയ്ക്കുന്നയാള്‍” എന്ന് വിമര്‍ശിച്ച് ക്രൂരമായി ഒറ്റപ്പെടുത്തിയിരുന്നു.
അതുപോലെ ട്വിറ്റര്‍ സിഇഒ ആയ പരാഗ് അഗര്‍വാള്‍ ബ്രാഹ്മിണ്‍ ആണെന്ന് തെറ്റിദ്ധരിച്ച് അദ്ദേഹത്തിനെതിരെ വിമര്ശനപ്രചാരണം അഴിച്ചുവിട്ട വ്യക്തികൂടിയാണ് തേന്മൊഴി സൗന്ദര്രാജന്. പിന്നീട് പരാഗ് അഗര്‍വാള്‍ ബനിയ എന്ന ജാതിയില്‍പ്പെട്ടയാളാണെന്ന് തിരിച്ചറിഞ്ഞതോടെ ഇയാള്‍ക്കെതിരായ പ്രചാരണം റദ്ദാക്കി.
ഇപ്പോള്‍ ഇടത്-ലിബറല്‍-മനുഷ്യാവകാശ സംഘടനകളുടെ സ്വാധീനം ഉപയോഗിച്ച് . വാഷിംഗ് ടണ്‍ പോസ്റ്റില്‍ ഗൂഗിള്‍ സിഇഒ ആയ സുന്ദര്‍ പിച്ചൈയ്ക്കെതിരെ മോശമായ ദുഷ്പ്രചാരണം അഴിച്ചുവിടുകയാണ് തേന്മൊഴി സൗന്ദര്‍രാജനും തനൂജ ഗുപ്തയും കൂട്ടരും. സുന്ദര്‍ പിച്ചൈ ബ്രാഹ്മിണ്‍ ആയിതിനാലാണ് തേന്മൊഴിയുടെ പ്രഭാഷണം ഗൂഗിള്‍ റദ്ദാക്കിയതെന്ന ആരോപണമാണ് വാഷിംഗ്ടണ്‍ പോസ്റ്റില്‍ ഉയര്‍ത്തിയിരിക്കുന്നത്. മോദി സര്‍ക്കാരിനെതിരെ ഇല്ലാത്ത കുറ്റങ്ങള്‍ പര്‍വ്വതീകരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റില്‍ ഇടയ്ക്കിടെ വരുന്ന ലേഖനങ്ങള്‍ക്ക് പിന്നിലും ഇടത്-ലിബറല്‍-മനുഷ്യാവകാശ-കോണ്‍ഗ്രസ് ലോബിയാണെന്ന കാര്യം കൂടുതല്‍ വ്യക്തമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: