ചെന്നൈ: നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നു എന്ന തമിഴ്നാട്ടിലെ ബിജെപിയുടെ ആരോപണം അസംബന്ധവും വ്യാജവുമാണെന്ന് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. രാജ്യസഭയിലേക്ക് മത്സരിക്കുന്നതിന്റെ ഭാഗമായി നാമനിര്‍ദേശപത്രിക നല്കിയ ശേഷം സംസാരിക്കുകയായിരുന്നു. “എന്റെ ഒന്നാം ക്ലാസ് മുതല്‍ കോളെജ് വരെ ക്രിസ്ത്യന്‍ സ്ഥാപനങ്ങളിലാണ് പഠിച്ചത്. പക്ഷെ നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന ആരോപണം വ്യാജവും അസംബന്ധവുമാണ്.”- ചിദംബരം പറഞ്ഞു.
തഞ്ചാവൂരിലെ ക്രിസ്ത്യന്‍ സ്കൂളില്‍ പഠിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ മരണ കാരണം നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്ന് ബിജെപി ആരോപിച്ചിരുന്നു. ഈ സ്കൂളിലെ വിദ്യാര്‍ത്ഥിനിയായ ലാവണ്യ തന്നെ മതപരിവര്‍ത്തനം നടത്താന്‍ സ്കൂളിലെ സിസ്റ്റര്മാര് നിര്‍ബന്ധിച്ചതായി മരണമൊഴി നല്‍കിയിരുന്നു. ഈ തെളിവിന്റെ അടിസ്ഥാനത്തില്‍ കേസന്വേഷണം സിബി ഐയ്ക്ക് വിടാന്‍ സുപ്രീംകോടതി തന്നെ ഉത്തരവിടുകയായിരുന്നു. സ്കൂള്‍ അധികൃതരെ രക്ഷിയ്ക്കാന്‍ തമിഴ്നാട് പൊലീസ് ശ്രമം നടത്തുന്നതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് സുപ്രീംകോടതി കേസന്വേഷണം സിബി ഐയ്ക്ക് വിട്ടത്. കേസന്വേഷണത്തിന്റെ ഭാഗമായി തമിഴ്നാട് കേഡറിലെ ഐപിഎസ് ഓഫീസറായ വിദ്യാ ജയന്ത് കുല്‍ക്കര്‍ണിയുടെ നേതൃത്വത്തില്‍ തഞ്ചാവൂരിലെ മൈക്കേല്‍പട്ടി സ്കൂള്‍ സന്ദര്‍ശിച്ചിരുന്നു. ഹോസ്റ്റര്‍ അധികൃതരെ ചോദ്യം ചെയ്യുകയും സ്കൂളും ഹോസ്റ്റല്‍ പരിസരവും പരിശോധിക്കുകയും ചെയ്തു.
നിര്‍ബന്ധിത മതപരിവര്‍ത്തനം തമിഴ്നാട്ടില്‍ ഉടനീളം നടക്കുന്നതായി ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ ആരോപിച്ചിരുന്നു. കന്യാകുമാരിയിലെ കണ്ണാട്ടുവിളൈയിലെ സര്‍ക്കാര്‍ സ്കൂളിലും ഒരു കുട്ടി മതപരിവര്‍ത്തനം സംബന്ധിച്ച് പരാതി നല്‍കിയിരുന്നു.
അതിനിടെയാണ് നിര്‍ബന്ധിത മതപരിവര്‍ത്തനമില്ലെന്ന പ്രസ്താവനയുമായി പി. ചിദംബരം രംഗത്ത് വന്നിരിക്കുന്നത്. “ആരും ആരെയും മതപരിവര്‍ത്തനം ചെയ്യുന്നില്ല. ഇത്തരം വ്യാജ ആരോപണങ്ങള്‍ മുളയിലേ നുള്ളണം”- പി. ചിദംബരം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: