ശ്യാം കങ്കാലില്‍
തൊടുപുഴ: ദൃശ്യ പരമ്പരകളിലൂടെ കുടുംബപ്രേക്ഷകരുടെ മനംകവര്‍ന്ന പ്രിയ താരങ്ങള്‍ പങ്കെടുക്കുന്ന പുരസ്കാര നിശയ്ക്ക് ഇനി രണ്ടുനാള്‍ മാത്രം. അഭിനയത്തിന്റെ സര്‍ഗവസന്തം തീര്‍ത്ത കലാകാരന്മാരുടെ ഒത്തുചേരലിനായുള്ള ഒരുക്കങ്ങള്‍ തൊടുപുഴയില്‍ പൂര്‍ത്തിയായി. 28ന് വൈകിട്ട് അഞ്ചിന് തൊടുപുഴ ജോഷ് പവലിയന് ആഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ നടന് ഉണ്ണിമുകുന്ദന് മുഖ്യാതിഥിയാകും. സിനിമ-സീരിയല്‍ പ്രവര്‍ത്തകരായ കോട്ടയം റഷീദ്, ശ്രുതി രജനികാന്ത്, ശ്രീദേവി, സംവിധായകന് സുരേഷ്കുമാര്‍, മേനക സുരേഷ്, മീര നന്ദന്…. തുടങ്ങിയവര്‍ അതിഥികളാകും.
സീരിയല്‍ സംവിധായകന് മനോജ് ശ്രീലകം, നടന്മാരായ രാജീവ് പരമേശ്വരരന്‍, കോട്ടയം റഷീദ്, അനീഷ് രവി, വിപിന്‍ ജോസ്, നടി അമല ഗിരീശന്, ശ്രുതി രജനീകാന്ത്, രഞ്ജുഷ മേനോന്, അന്‍ഷിത, ശ്രീദേവി അനില്‍, തിരക്കഥാകൃത്ത് ജെ. പള്ളാശ്ശേരി, ബാലതാരം കണ്ണന് തുടങ്ങിയ നിരവധി പ്രമുഖര്‍ താരനിശയില്‍ പങ്കാളികളാകും. ജന്മഭൂമി ടെലിവിഷന്‍ അവാര്‍ഡ് നൈറ്റിന് തൊടുപുഴയില്‍ തിരശ്ശീല ഉയരുമ്പോള്‍ സിനിമാ പ്രവര്‍ത്തകരുടെ ഇഷ്ടലൊക്കേഷന്‍ കലയുടെ കളിയരങ്ങായി മാറും. കോട്ടയം നസീറിന്റെ നേതൃത്വത്തില്‍ വേദിയില്‍ വിവിധ കലാകരന്മാര് അണിനിരക്കുന്ന സ്റ്റേജ് ഷോയും നടക്കും.
ദൃശ്യചാരുതയുടെ വിരുന്ന് അരങ്ങേറുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഓഡിറ്റോറിയത്തിലും പുറത്തുമായി പരമാവധി ആളുകള്‍ക്ക് ഇരുപ്പിടം ഒരുക്കിയിട്ടുണ്ട്. 2000ത്തിലധികം പേര്‍ക്കാണ് പരിപാടി നേരില്‍ കാണാന്‍ അവസരമുള്ളത്. പ്രധാന ഹാളിന് പുറമെ സമീപത്തെ ഓഡിറ്റോറിയത്തില്‍ ബിഗ് സ്ക്രീനില്‍ തത്സമയവും പരിപാടി പ്രദര്‍ശിപ്പിക്കും. അവാര്‍ഡ് നിശയുടെ ഭാഗമായി വിശാലമായ പാര്‍ക്കിങ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷണിക്കപ്പെട്ട അഥിതികള്‍ ഇന്ന് മുതല്‍ എത്തി തുടങ്ങും.
ദൃശ്യം 2022 ജന്മഭൂമി ടെലിവിഷന്‍ പുരസ്കാര നിശയുടെ പ്രവേശന പാസ് വിതരണം അവസാന ഘട്ടത്തില്‍. പരിമിതമായ സീറ്റുകള്‍ മാത്രമുള്ളതിനാല്‍ നിരവധി ആളുകളാണ് പാസ് വാങ്ങാനെത്തുന്നത്. 28ന് വൈകിട്ട് 3.30ന് ശേഷം ഹാളിലേക്ക് പ്രവേശനം അനുവദിക്കും.
തൊടുപുഴ അഥവാ സിനിമാക്കാരുടെ ഭാഗ്യ ലൊക്കേഷന്‍
തൊടുപുഴ: ജന്മഭൂമി-ദൃശ്യം പുരസ്കാര നിശ നടക്കുന്ന തൊടുപുഴ പണ്ടു മുതലേ ചലച്ചിത്ര പ്രവര്‍ത്തകരുടെ ഭാഗ്യ ലൊക്കേഷനാണ്. നഗരത്തില്‍ നിന്നും ഏറെ അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന കുടയത്തൂരാണ് സിനിമക്കാരുടെ പ്രധാന ലൊക്കേഷന്‍. കലാഭവന്‍ മണി അന്ധനായി അഭിനയിച്ച് സൂപ്പര്‍ ഹിറ്റാക്കിയ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയുടെ ഗംഭീര വിജയത്തോടെയാണ് തൊടുപുഴയും സമീപ പ്രദേശങ്ങളും സിനിമക്കാരുടെ ഇടയില്‍ പ്രശസ്തമായത്.
ദ്യശ്യം, കുഞ്ഞിക്കൂനന്, വെള്ളിമൂങ്ങ, ആട്-2, പാപ്പി അപ്പച്ചാ, ഇവിടം സ്വര്‍ഗ്ഗമാണ്, സതന്ത്രം, കഥ പറയുമ്പോള്‍, മേരിക്കൊണ്ടൊരു കുഞ്ഞാട് തുടങ്ങി മുപ്പതിലധികം ഹിറ്റ് സിനിമകള്‍ ഇവിടെയാണ് ഷൂട്ട് ചെയ്തത്. കേരളത്തിന്റെ കൊടൈക്കനാല്‍ എന്നും തൊടുപുഴ അറിയപ്പെടുന്നു. ഇടുക്കി ജലവൈദ്യുതപദ്ധതിയുടെഭാഗമായുള്ള മൂലമറ്റം പവര്‍ഹൗസില്‍ നിന്നുള്ള ജലം തൊടുപുഴയാറ്റിലേക്ക് എത്തുന്നതിന്റെ ഫലമായി വര്‍ഷം മുഴുവന്‍ നിറഞ്ഞൊഴുകുന്നു എന്ന പ്രത്യേകതയും ഈ തൊടുപുഴയാറിനുണ്ട്. തൊടുപുഴക്ക് തുല്യം തൊടുപുഴ മാത്രമെന്ന് നാട്ടുകാരെപോലെ തന്നെ സിനിമാല്ലാരും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: