ന്യൂദല്‍ഹി: 2014ന് മുമ്പുള്ള കശ്മീരിന്റെ പാതയിലാണോ കേരളമെന്ന് ബിജെപി. ആലപ്പുഴയില്‍ പോപ്പുലര്‍ഫ്രണ്ട് റാലിയില്‍ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരെ കുട്ടിയെ കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചത് ഇതാണ് കാണിക്കുന്നതെന്നും ബിജെപി പ്രസ്താവനയില്‍ ആരോപിച്ചു.
ഇസ്ലാമിക നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും ആരാച്ചാര്‍ തങ്ങളാകുമെന്നാണ് മുദ്രാവാക്യത്തിലൂടെ പ്രഖ്യാപിക്കുന്നത്. ഈ പദ്ധതിയെ ആസാദി എന്നാണ് വിശേഷിപ്പിക്കുന്നത്. കശ്മീരി പണ്ഡിറ്റുകളെ വധിക്കുന്നതിന് മുമ്പ് കശ്മീരില്‍ നിന്ന് നിരവധി തവണ ഉയര്‍ന്നുകേട്ട മുദ്രാവാക്യമാണിത്. ബാബറിയും ജ്ഞാന്‍വാപി മസ്ജിദും മുസ്ലിങ്ങള്‍ക്ക് മാത്രമായി തിരിച്ചെടുക്കുമെന്ന് ദേശവിരുദ്ധ സ്വഭാവമുള്ള പല പ്രകടനങ്ങളിലും പോപ്പുലര്‍ഫ്രണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പോപ്പുലര്‍ഫ്രണ്ടും എസ്ഡിപിഐയും നടത്തിയ കൊലപാതകങ്ങളും കൈവെട്ട് കേസുമെല്ലാം ഭയത്തോടെയാണ് കേരളം കണ്ടത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നിരവധി പേരെയാണ് ഇവര്‍ കൊലപ്പെടുത്തിയത്. പ്രൊഫ. ജോസഫിന്റെ കൈ വെട്ടിമാറ്റി. ബിജെപി നേതാവ് രണ്‍ജീത്ത് ശ്രീനിവാസനും നിരവധി ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരും നേതാക്കളും ക്രൂരമായി കൊല്ലപ്പെട്ടു. സമാനമായ രീതിയിലാണ് കൊലപാതകം ആസൂത്രണം ചെയ്തതും നടത്തിയതും.
അന്താരാഷ്ട്ര വേരുകളുള്ള സംഘടനകള്‍ കേരളത്തില്‍ നടത്തുന്ന രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇന്റലിജന്‍സ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളത്തിലും രാജ്യത്തുടനീളമുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ഫണ്ട് എത്തിക്കുന്നത് ഇത്തരം സംഘടനകളാണ്. മുസ്ലിം സമുദായത്തിലെ മിതവാദികളെപ്പോലും ഒപ്പംനിര്‍ത്താന്‍ അവര്‍ക്കിടയില്‍ സാമ്പത്തിക ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നു.
ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ എസ്ഡിപിഐ പ്രവര്ത്തകന് ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഉദ്യോഗസ്ഥനാണ്. കൊലപ്പെടുത്തേണ്ട ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരുടെ പട്ടിക തയ്യാറാക്കിയത് പോലീസ് ഉദ്യോഗസ്ഥനായ എസ്ഡിപിഐക്കാരനാണ്. പോലീസിന്റെ ഔദ്യോഗിക വിവരങ്ങള്‍ ചോര്‍ത്തിയാണ് പട്ടിക തയ്യാറാക്കിയത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഭരണം നടത്താന്‍ ഇടതുപക്ഷവും കോണ്‍ഗ്രസും എസ്ഡിപിഐയുടെയും പോപ്പുലര്‍ഫ്രണ്ടിന്റെയും പിന്തുണ സ്വീകരിക്കുകയാണ്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായുള്ള ഇടത്-ജിഹാദി കൂട്ടുകെട്ടാണിത്. ഏറ്റവും മോശമായ സമൂല പ്രീണനമാണ് കേരളത്തില്‍ നടക്കുന്നത്. ശ്രീകൃഷ്ണജയന്തിക്കോ ഗണേശ ചതുര്ത്ഥിക്കോ ശോഭയാത്രകള്‍ നടത്താന്‍ അനുമതി ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള സംസ്ഥാനത്ത് പോപ്പുലര്‍ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും ഇത്തരം ഭീഷണി പ്രകടനങ്ങള്‍ക്ക് അനുമതി ലഭിക്കുന്നതായും ബിജെപി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: