ജയന് നാരായണന്
ഗായത്രീ മന്ത്രം ഒരു തത്വദര്‍ശനമാണ്. ജീവിത ദര്‍ശനമാണ്. ജീവിത കലയാണ്. ഒരു ചിന്താ പദ്ധതിയുമാണ്. ജീവിതത്തെക്കുറിച്ചുള്ള ഒരു കാഴ്ചപ്പാടാണ്. സാമൂഹിക വ്യവസ്ഥിതിയുടെയും വിശ്വശാന്തിയുടെയും മൂലമന്ത്രമാണ്. ഇതിനെ നാം നമ്മുടേതാക്കി ജീവിക്കുകയാണെങ്കില്‍ നമുക്കു സുന്ദരമായൊരു ലോകത്തെ സാക്ഷാത്കരിക്കാം. ഗായത്രിയുടെ ഉപാസനയിലൂടെ മനുഷ്യനില്‍ ദേവത്വം ഉണരുന്നു.
ഗായത്രിയുടെ 24 അക്ഷരങ്ങളില്‍ ധര്‍മം, നീതി, ജീവിതം, കല, ലോകവ്യവഹാരങ്ങള്‍ എന്നിവയുടെ അതിമഹത്വമാര്‍ന്ന ശിക്ഷണം അടങ്ങിയിരിക്കുന്നു. ധര്‍മഗ്രന്ഥങ്ങളുടെ ഉദ്ദേശ്യം മനുഷ്യന്റെ വിചാരങ്ങളും ഭാവനകളും ലക്ഷ്യവും കാഴ്ചപ്പാടും ശുദ്ധമാക്കുകയും അതിലൂടെ ശാരീരികവും മാനസികവുമായ കര്‍മങ്ങളെ സത്വഗുണ പ്രധാനവും ധാര്‍മികവും ആക്കുക എന്നതാണ്. ഇത് ഗായത്രിയിലെ അക്ഷരങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന മഹത്തായ ശിക്ഷണങ്ങളെ ജീവിതത്തിലേക്ക് പകര്‍ത്തുന്നതിലൂടെ സാധിക്കുന്നു. അതുകൊണ്ട് ഗായത്രിയെ ദേവശാസ്ത്രങ്ങളുടെ സാരമെന്നു പറയുന്നു. ഗായത്രിയുടെ മര്‍മം മനസ്സിലാക്കുന്നതിലൂടെ സമ്പൂര്‍ണ ധര്‍മങ്ങളുടെയും വിശദമായ അധ്യയനത്തിന്റെ ഫലം പ്രാപ്തമാകുന്നു.
‘ഓം’ എന്ന ശബ്ദത്തോടു സാമ്യമുള്ള ഒരു ധ്വനി പ്രകൃതിയുടെ അന്തരാളത്തില്‍ പ്രതിക്ഷണം ഉത്പന്നമായിക്കൊണ്ടിരിക്കുന്നു. സൂക്ഷ്മ പ്രകൃതി ഈ ഈശ്വരീയ നാമം പ്രതിക്ഷണം ജപിക്കുകയും ഉദ്ഘോഷിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് കൃത്രിമമല്ലാത്തതും സ്വയം ഘോഷിക്കുന്നതുമായ ഈ ഈശ്വരനാമം സര്‍വ്വശ്രേഷ്ഠമായി പറയപ്പെടുന്നത്. ആസ്തികത (ഈശ്വരവിശ്വാസം) എന്നതിന്റെ അര്‍ത്ഥം സാത്വികവും ദൈവികവും ഈശ്വരീയവും പാരമാര്‍ത്ഥികവുമായ ഭാവനകളെ ഹൃദയംഗമമാക്കുകയെന്നതാണ്. നാസ്തികത (ഈശ്വരവിശ്വാസമില്ലായ്മ) എന്നാല്‍ താമസികവും ആസുരികവും പൈശാചികവും ഭോഗവിലാസപൂര്ണവും സ്വാര്‍ത്ഥപൂര്‍ണവും ആയ വാസനകളോടുള്ള താല്പര്യം.
ഓമില്‍ മൂന്ന് അക്ഷരങ്ങളുണ്ട് ‘അ’, ‘ഉ’, ‘മ’. ‘അ’ യുടെ അര്‍ത്ഥം ആത്മപരായണത. ശാരീരിക വിഷയങ്ങളില്‍ നിന്നു മനസ്സിനെ മാറ്റി ആത്മാനന്ദത്തില്‍ രമിക്കുക. ‘ഉ’ എന്നാല്‍ ഉന്നതി. അവനവനെ ശാരീരികവും മാനസികവും സാമാജികവും സാമ്പത്തികവും ആത്മീയവുമായ സമ്പത്തുക്കളെക്കൊണ്ട് സമ്പന്നമാക്കുക.
‘മ’എന്നാല്‍ മഹാനത. ക്ഷുദ്രത, സങ്കീര്‍ണത, സ്വാര്‍ത്ഥത, ഇന്ദ്രിയലോലുപത എന്നിവയെ അകറ്റി പ്രേമം, ദയ, ഉദാരത, സേവനം, ത്യാഗം, സംയമനം, ആദര്‍ശം എന്നിവയുടെ അടിസ്ഥാനത്തില്‍ ജീവിതത്തെ വ്യവസ്ഥപ്പെടുത്തുക. ഈ മൂന്നക്ഷരങ്ങളില്‍ ഉള്ള ശിക്ഷണങ്ങള്ക്കനുസരിച്ച് വ്യാവഹാരിക രൂപത്തില്‍ ‘ഓം’ ഈശ്വരന്റെ ഉപാസന ചെയ്യണം.
(ഹരിദ്വാര്‍ ശാന്തികുഞ്ച് ഗായത്രിപരിവാര്‍ സ്ഥാപകന്‍ പണ്ഡിറ്റ് ശ്രീരാം ശര്‍മ ആചാര്യ രചിച്ച ‘ഗായത്രി മഹാവിജ്ഞാന’ത്തില്‍നിന്നും.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: