കര്‍ണന്റെ ബാഹുവീര്യം, പ്രണയം, ദമം, ഗുരുശുശ്രൂഷ എന്നിവയില്‍ ഭാര്ഗവരാമന് സ്ന്തുഷ്ടനായി. അവന് ആ തപോധനന് ബ്രഹ്മാസ്ത്രം ഓതിക്കൊടുത്തു. ആ ഭാര്ഗവാശ്രമത്തില് അസ്ത്രാഭ്യാസം ചെയ്ത് ധനുര്വേദത്തില് അത്ഭുതവിക്രമനായി. ഒരിക്കല്‍ രാമനോടൊത്ത് ആശ്രമസന്നിധിയില്‍ കര്ണന് ഉപവാസത്തോടെ നടക്കവെ, രാമന് ക്ഷീണിച്ചിട്ട് കര്‍ണന്റെ മടിയില്‍ വിശ്വാസത്തോടെ തലവെച്ചുറങ്ങി. അപ്പോള്‍ കഫം, മേദസ്സ്, മാംസം, രക്തം എന്നിവ കുടിക്കുന്ന ഒരു കൃമി ദാരുണസ്പര്ശനായി കര്‍ണന്റെ അടുക്കലെത്തി. അവന്റെ തുടയില്‍ ആ കൃമി തുളച്ചുകയറി രക്തം കുടിക്കാനാരംഭിച്ചു. ഗുരു ഉണരുമെന്ന ഭീതിനിമിത്തം അതിനെ തട്ടിമാറ്റാനോ കൊല്ലാനോ കഴിഞ്ഞില്ല. ആ കൃമി വല്ലാതെ രക്തംകുടിക്കുമ്പോള് ഗുരു ഉണരുമെന്നോര്ത്ത് ആ സൂതജന്‍ അടങ്ങിയിരുന്നു. ധൈര്യംകൊണ്ട് അസഹ്യമായ നോവ് സഹിച്ച് അവന് ഇളകാതെയും നടുങ്ങാതെയും ഭൃഗുമുഖ്യനു നിദ്രാഭംഗം വരാതെ കാത്തു. രാമന്റെ ദേഹത്ത് ചോരതട്ടിയപ്പോള് ആ ഭൃഗുസത്തമന്‍ ഉണര്‍ന്നു. ആ ഋഷി വിറച്ചുകൊണ്ടുനിന്ന അവനോടിങ്ങനെ ചോദിച്ചു, ‘അയ്യോ! ഞാനിന്ന് അശുചിയായി. നീ ഇങ്ങനെ ചെയ്യുന്നതെന്താണ്? പേടികൂടാതെ നീ എന്നോടു പറയുക.’ അപ്പോള്‍ ഗുരുവിനോട് ആ കര്ണന്, തന്നെ കൃമി ഭക്ഷിച്ച കഥ പറഞ്ഞു. പന്നിയെപ്പോലെയുള്ള ജന്തുവിനെ രാമനും കണ്ടു. എട്ടുകാലുകളും തീക്ഷ്ണമായ ദംഷ്ട്രകളും മെയ്നിറയെ സൂചിപോലെയുള്ള രോമങ്ങളുമുള്ള ആ ജീവി അളര്ക്കനെന്ന പേരോടുകൂടിയ അസുരനായിരുന്നു. രാമന് നോക്കിയ മാത്രയില്‍ ആ ജീവി അത്ഭുതമെന്നു പറയട്ടെ ജീവന് കൈവിട്ട് ആ ചോരയില്‍ അലിഞ്ഞുചേര്‍ന്നു. അപ്പോള്‍ത്തന്നെ ആകാശത്ത് വിശ്വരൂപനായി ഭയങ്കരനായ ഒരു രാക്ഷസനായി കാണപ്പെട്ടു. അവന്റെ ചുവന്ന കഴുത്തും കറുത്ത നിറവും കൂടി മേഘങ്ങളില്‍ സഞ്ചരിക്കുന്നവനായി രാമനോട് തൊഴുതുകൊണ്ട് പറഞ്ഞു, ‘സ്വസ്തി തേ ഭൃഗുശാര്ദ്ദൂല! ഞാന്‍ വന്നപടി പോകുന്നു. എന്നെ ഈ നരകത്തില്‍നിന്നു നീ കരയേറ്റി. അങ്ങയെ ഞാന്‍ വന്ദിക്കുന്നു. അങ്ങ് എനിക്കു പ്രിയം ചെയ്തു.’ മഹാബാഹുവായ ജാമദഗ്ന്യന്‍ ചോദിച്ചു, ‘നീയാരാണ്? നരകത്തില്‍ വീഴുവാന്‍ കാരണമെന്താണ്?’ അസുരന് പറഞ്ഞു, ‘മുമ്പ് ദേവയുഗത്തില്‍ ഭൃഗുസന്നിഭനായ വയസ്സന്റെ ഇഷ്ടഭാര്യയെ ഞാന്‍ ബലംകൊണ്ട് അപഹരിച്ചു. മഹര്‍ഷി ചെയ്ത ശാപംകൊണ്ട് ഞാന്‍ ഭൂമിയില്‍ കൃമിയായി വീണു. അവന് എന്നോട് കോപത്തോടെ പറഞ്ഞു, നീ നിന്റെ പൂര്‍വപിതാമഹനായ മൂത്രശ്ലേഷ്മാശനന്റെ പാപനിലയത്തില് നീ പെടും, എന്നു പറഞ്ഞ ഋഷിയോട് എന്ന് ശാപമോക്ഷം എനിക്കു ലഭിക്കുമെന്നു ചോദിക്കവെ, ഉണ്ടാം ഭാര്ഗവരാമങ്കല് നിന്ന,് എന്ന് ആ ഭൃഗു പറഞ്ഞു. സുഖകരമല്ലാതെ ഈ ദുര്‍ഗ്ഗതിയില്‍ പെട്ട ഞാന്‍ പ്രഭോ! അങ്ങയെ കണ്ടതോടെ പാപജന്മം വിട്ടകന്നു.’ എന്നു പറഞ്ഞു രാമനെ കുമ്പിട്ടു തൊഴുതുകൊണ്ട് അസുരന് യാത്രയായി. രാമന് കോപത്തോടെ കര്‍ണനോട് ചോദിച്ചു, ‘ഹേ മൂഢ! ബ്രാഹ്മണന് ഇത്തരം അതിദുഃഖം അല്പംപോലും താങ്ങുകയില്ല. നിന്റെ വീര്യം ക്ഷത്രിയന്റേതിനു തുല്യമാണ്. അതുകൊണ്ട് നീ സ്വയം നേരു പറയൂ.’ പ്രസാദിപ്പിച്ചവനെങ്കിലും ശാപഭീതികൊണ്ട് കര്ണന് ഇങ്ങനെ പറഞ്ഞു, ‘ബ്രാഹ്മണനും ക്ഷത്രിയനും കൂടിക്കലര്‍ന്ന സൂതജനാണു ഞാന്‍. ഭാര്‍ഗവ! രാധേയനെന്നും കര്‍ണനെന്നും എന്നെ ആളുകള്‍ വിളിക്കുന്നു. അസ്ത്രലാഭമോര്ത്തുവന്ന എന്നോട് ബ്രഹ്മന്‍! പ്രസാദിച്ചാലും. വേദവിദ്യകൊടുക്കുന്ന പ്രഭുവായ ഗുരു നിശ്ചയമായും അച്ഛനാണ്. നിന്റെ മുമ്പാകെ ഭാര്ഗവഗോത്രജനെന്നു ഞാന്‍ മുമ്പേ പറഞ്ഞുപോയി.’
ചിരിച്ചുകൊണ്ട് ഉഗ്രശ്രേഷ്ഠനായ രാമന് ചൊടിച്ചുകൊണ്ടു പറഞ്ഞു, ‘വിറച്ചു കൈകൂപ്പി ദുഃഖിതനായി ഭൂമിയില്‍ വീണുകിടക്കുമ്പോള്‍ നീ അസ്ത്രലോഭംനിമിത്തം എന്നെ മിഥ്യാശുശ്രൂഷചെയ്തതുകൊണ്ട് ഹേ മൂഢ! ഈ ബ്രഹ്മാസ്ത്രം നിനക്കോര്മ്മയില്ലാതെ വരും. സ്വന്തം കിടയോടേറ്റുനില്ക്കെ മരണമടുക്കുമ്പോള്‍ അബ്രാഹ്മണന് ബ്രഹ്മാസ്ത്രം ഒരിക്കലും സ്ഥിരമായിട്ടു നില്‍ക്കില്ല. നുണയനായ നിനക്കിനി ഇവിടെ നില്ക്കാന് സാധ്യമല്ല; ഇപ്പോള്‍ത്തന്നെ പൊയ്ക്കൊള്ളുക. നിനക്കു കിടയായി മറ്റൊരു ക്ഷത്രിയനും പാരിലുണ്ടാവുകയില്ല.’ എന്നു രാമന് പറഞ്ഞുവിട്ട കര്ണന് വേണ്ട മുറചെയ്ത് താന്‍ ബ്രഹ്മാസ്ത്രം നേടിയെന്നു മടങ്ങിവരവെ ദുര്യോധനനോട് പറഞ്ഞ് കൗരവരോട് ഒത്തുകൂടി.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: