കൊച്ചി: തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ സിപിഎം കൈക്കൊണ്ട മതക്കളി പാര്‍ട്ടിയെ വെട്ടിലാക്കി. ലൗ, ലഹരി ജിഹാദ് വിഷയങ്ങളില്‍ ക്രൈസ്തവ സഭകള്‍ ശക്തമായ നിലപാടാണ് എടുത്തിരുന്നത്. അതിനാല്‍ അവരെ വരുതിയിലാക്കാനാണ് ആദ്യം നിശ്ചയിച്ച സ്വന്തം സ്ഥാനാര്‍ഥിയെ പോലും മാറ്റി ലിസി ആശുപത്രിയിലെ ഡോക്ടറെ കെട്ടിയിറക്കിയത്. മാത്രമല്ല സഭാധ്യക്ഷനെ ഇടപെടുത്തിയും സഭയുടെ കീഴിലുള്ള ആശുപത്രിയില്‍ വച്ചു തന്നെ വാര്‍ത്താസമ്മേളനം നടത്തിയും സഭയെ പിടിക്കാനായിരുന്നു പരിപാടി. എന്നാല്‍ സഭയില്‍ തന്നെ ചേരിതിരിവ് രൂക്ഷമാകുകയും ഇതര സമുദായക്കാര്‍ക്ക് സിപിഎമ്മിന്റെ മതക്കളിയില്‍ അതൃപ്തി ഉടലെടുക്കുകയും ചെയ്തതോടെ പാര്‍ട്ടി ആശങ്കയിലായി. സിറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ നോമിനിയാണ് ഇടത് സ്ഥാനാര്‍ഥിയെന്ന പ്രചാരണം ശക്തമായതോടെ Â പാര്‍ട്ടി പ്രതിരോധത്തിലായി.
കര്‍ദ്ദിനാളിനെതിരായ എറണാകുളം-അങ്കമാലി അതിരുപത തര്‍ക്കങ്ങളും തിരിച്ചടിയാകുമെന്ന് സിപിഎം ഭയക്കുന്നു. മുമ്പും മതം നോക്കി സിപിഎം സ്ഥാനാര്‍ഥിയെ ഇറക്കിയിട്ടുണ്ടെങ്കിലും അതിന് പലപ്പോഴും മറയുണ്ടായിരുന്നു. എന്നാല്‍ പരസ്യമായി പുരോഹിതരെ ഒപ്പം നിര്‍ത്തി സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുന്നത് ആദ്യമാണ്. ആരാധന ക്രമവിഷയത്തിലും ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ടും സഭയ്ക്കുള്ളില്‍ തര്‍ക്കം രൂക്ഷമാണ്. എറണാകുളം-അങ്കമാലി അതിരൂപതക്കാര്‍ ആലഞ്ചേരിയുടെ നടപടിയോട് കടുത്ത വിയോജിപ്പുള്ളവരാണ്. സഭയുടെ സ്ഥാനാര്‍ഥി അല്ലെങ്കില്‍ സഭയുടെ സ്ഥാപനത്തില്‍ വച്ച് പത്രസമ്മേളനം നടത്തിയതെന്തിനാണെന്നാണ് അവര്‍ ചോദിക്കുന്നത്.
സ്ഥാനാര്‍ഥിക്കെതിരെ സഭയ്ക്കുള്ളിലും സിപിഎമ്മിലും പലരും പ്രതികരിച്ചു തുടങ്ങി. മതേതരത്വം പ്രസംഗിക്കുകയും മതം വച്ചു രാഷ്ട്രീയം കളിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തില്‍നിന്നുള്ള തിരിച്ചുപോക്കാണെന്നാണ് കെസിബിസി മുന്‍വക്താവ് ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ടിന്റെ വിമര്‍ശനം. മതത്തിനും സമുദായങ്ങള്‍ക്കുമുപരി, മനുഷ്യരുടെയും സമൂഹത്തിന്റെയും പൊതുനന്മ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പു രാഷ്ട്രീയത്തെ രൂപപ്പെടുത്താന്‍ പ്രസ്ഥാനങ്ങള്‍ തയ്യാറാകണം. എളുപ്പവഴിയില്‍ ക്രിയ ചെയ്യുന്നവരെ ഒഴിവാക്കി സമ്മതിദാന അവകാശം വിനിയോഗിക്കാനുള്ള പ്രബുദ്ധത കേരളത്തിലെ വോട്ടര്‍മാര്‍ക്കുണ്ട് എന്നത് എല്ലാവരും ഓര്‍ക്കണമെന്നും അദ്ദേഹം ഫെയ്സ് ബുക്കില്‍ കുറിച്ചു. സിറോ മലബാര്‍ സഭയുടെ മുന്‍ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്ടും കഴിഞ്ഞ ദിവസം വിമര്‍ശനം ഉന്നയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: