ജയ് പൂര്: ഈദ്-ഉല്- ഫിത്തറും അക്ഷയതൃതീയയും ആഘോഷിക്കപ്പെട്ട തിങ്കളാഴ്ച ദിവസം രാത്രിയോടെ രാജസ്ഥാനിലെ ജോധ്പൂരില്‍ വര്‍ഗ്ഗീയ കലാപം. ഇരുസമുദായങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് നാല് പൊലീസുകാര്‍ക്കും പന്ത്രണ്ടോളം സാധാരണക്കാര്‍ക്കും പരിക്കേറ്റു. ഒരു പൊലീസ് ജീപ്പ് കത്തിച്ചു.
ജോധ്പൂരിലെ ബിസ് സര്‍ക്കിളിലെ ബാല്മുകണ്ഡില് ഒരു മതക്കൊടി ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ കലാപമാണ് അക്രമാസക്തമായത്. ഇരുവിഭാഗങ്ങളും കല്ലേറ് തുടങ്ങിയതോടെ പൊലീസ് ജനക്കൂട്ടത്തെ പിരിച്ച് വിടാന്‍ ലാത്തിച്ചാര്‍ജ്ജും കണ്ണീര് വാതകപ്രയോഗവും നടത്തി. ജോധ്പൂരില്‍ വ്യാജവാര്‍ത്തകള്‍ പരക്കാതിരിക്കാന്‍ ഇന്റര്‍നെറ്റ് നിരോധിച്ചു. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഉദയ്മന്ദിര്‍, നഗോരി ഗേറ്റ്, ഖാണ്ഡ ഫാല്‍സ, പ്രതാപ് നഗര്‍, ദേവ് നഗര്‍, സൂര് നഗര്‍, സര്‍ദാര്‍പുര എന്നീ പൊലീസ് സ്റ്റേഷന് പരിധിയില്‍ മെയ് നാല് അര്‍ധരാത്രിവരെ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിനിടെ ചൊവ്വാഴ്ച ജലോറി ഗേറ്റില്‍ വീണ്ടും കല്ലേറുണ്ടായി. ഇതേ തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇപ്പോള്‍ സ്ഥിതി ശാന്തമാണെന്നും പൊലീസ് ഫ്ലാഗ് മാര്‍ച്ച് നടത്തുമെന്നും ജോധ്പൂര്‍ പൊലീസ് കമ്മീഷണര്‍ നവ്ജ്യോതി ഗൊഗോയ് പറഞ്ഞു.
ചൊവ്വാഴ്ച രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ബിജെപി പ്രകടനം നടത്തി. കരൗലിയില്‍ ഹിന്ദു പുതുവത്സരദിനത്തിന് നടന്ന റാലിക്കെതിരെ കല്ലേറ് ആസൂത്രണം ചെയ്ത മുസ്ലിം നേതാവിനെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തിട്ടില്ല. അതിനിടയിലാണ് ജോധ്പൂരിലെ അക്രമം നടന്നത്. കുറ്റവാളികളെ കയറൂരി വിടുകയാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രി അശോക് ഗെലോട്ടെന്ന് ബിജെപി എംഎല്‍എ സൂര്യകാന്ത് വ്യാസ് പറഞ്ഞു. പൊലീസ് അക്രമസ്ഥലത്ത് വെറും മൂകസാക്ഷികളായിരുന്നുവെന്നും സൂര്യകാന്ത് വ്യാസ് പറഞ്ഞു. നിരവധി പത്രപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.
ന്യനപക്ഷ പ്രീണനം മൂലം രാജസ്ഥാനില്‍ ക്രമസമാധാനപാലം നടക്കുന്നില്ല. സര്‍ക്കാരിന്റെ അനുഗ്രഹാശിസ്സുകളോടെയാണ് കരൗലിയില്‍ കലാപം നടന്നത്. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ഭരണത്തില്‍ മാത്രം ഇത്തരം കലാപം നടക്കുന്നു?-രാജസ്ഥാനിലെ ബിജെപി അധ്യക്ഷന്‍ സതീഷ് പൂനിയ ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: