കോഴിക്കോട്: ഗോത്ര ഭൂമിയുമായി ബന്ധപ്പെട്ട നിയമത്തിലെ പോരായ്മകള്‍ പുനഃപരിശോധിക്കണമെന്ന് കേരള വനവാസി വികാസ കേന്ദ്രം സംഘടിപ്പിച്ച സെമിനാര്‍. കേസരി ഭവനില്‍ സംഘടിപ്പിച്ച ‘കേരളത്തിലെ ഗോത്ര ഭൂമി പ്രശ്നങ്ങളും പരിഹാരവും’ എന്ന സെമിനാര്‍ കിര്‍ത്താഡ്സ് റിട്ട. വിജിലന്‍സ് ഓഫീസര്‍ വി.കെ. മോഹന്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. കേരള വനവാസി വികാസ കേന്ദ്രം സംസ്ഥാന പ്രസിഡന്റ് കെ.സി. പൈതല്‍ അധ്യക്ഷനായി.
വിവിധ വിഷയങ്ങളില്‍ വയനാട് ആദിവാസി സംഘം ജില്ലാ സെക്രട്ടറി വാസു നേരിയഞ്ചേരി (ഗോത്ര സമരഭൂമിയില്‍ നേരിടുന്ന വെല്ലുവിളികള്‍), നരവംശ ശാസ്ത്ര ഗവേഷക വിദ്യാര്‍ഥി ഡോ. വരുണ്‍ തമ്പാന് (ആറളം പുനരധിവാസ പദ്ധതിയില്‍ നേരിടുന്ന വെല്ലുവിളികള്‍), കുറിച്ച്യ മുന്നേറ്റ സമിതി കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി സി. സജീവന് (വനാവകാശ ഭൂമിയില്‍ നേരിടുന്ന പ്രതിസന്ധികള്‍), ഹിത രക്ഷാ പ്രമുഖ് നരിക്കോടന്‍ സുഷാന്ത് (കേരളത്തിലെ ഗോത്ര ജനത നേരിടുന്ന പ്രശ്നങ്ങള്‍) സംസാരിച്ചു. ഭൂ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി, 1970ന് മുമ്പ് കൈവശഭൂമിയായി കൃഷി ചെയ്ത് അനുഭവിച്ചുവരുന്ന ഭൂമി, വനവാസികള്‍ക്ക് തിരിച്ച് ലഭിക്കുന്നതിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ നടപടി സ്വീകരിക്കണമെന്ന് സെമിനാര്‍ ആവശ്യപ്പെട്ടു.
വനാവകാശ നിയമം പൂര്‍ണ്ണമായി നടപ്പിലാക്കുക, വ്യക്തിഗതവും സാമൂഹിക അവകാശവും നടപ്പിലാക്കുക, 1975 ലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഭൂമി അന്യാധീനപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയ ജനതയ്ക്ക് സര്‍ക്കാര്‍ ഭൂമി നല്‍കുക, ആറളം പുനരധിവാസ പദ്ധതി പ്രദേശത്ത് നേരിടുന്ന വന്യമൃഗശല്ല്യം പൂര്‍ണ്ണമായി പരിഹരിക്കുക, സ്വകാര്യവ്യക്തികളുടെയും കമ്പനികളുടെയും കൈവശമുള്ള ഭൂമി റിസര്‍വ്വെ ചെയ്ത് മിച്ചഭൂമി കണ്ടെത്തി ഭൂരഹിതര്‍ക്ക് നല്‍കുക തുടങ്ങിയ ആവശ്യങ്ങളും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: