തിരുവനന്തപുരം: ആറ്റിങ്ങല്‍ കലാപത്തിന്റെ നായകന്റെ ചിത്രം വരച്ച് സുജിത്ത് ഭവാനന്ദന്‍. 143 ബ്രിട്ടീഷുകാരെ കൊലപ്പെടുത്തി ധീരേതിഹാസം രചിച്ച സമരത്തിന് നേതൃത്വം നല്കിയ കുടമണ്‍പിള്ള കുതിരപ്പുറമേറി വരുന്ന ചിത്രം കേന്ദ്ര ലളിത കലാഅക്കാദമി നടത്തിയ ചിത്രകലാക്യാമ്പില്‍ വെച്ചാണ് ആറ്റിങ്ങല്‍ സ്വദേശിയും തപസ്യ കലാസാഹിത്യവേദി തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറിയുമായ സുജിത് വരച്ചത്.
ചിത്രം കഴിഞ്ഞ ദിവസം രാജാരവിവര്‍മ്മയുടെ 174-ാമത് ജന്മവാര്ഷികവുമായി ബന്ധപ്പെട്ടു കിളിമാനൂര്‍ കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി സംസ്കാര്‍ ഭാരതി ക്ഷേത്രീയ പ്രമുഖ് തിരൂര്‍ രവീന്ദ്രന് കൈമാറി നാടിന് സമര്‍പ്പിച്ചു.
കുടമണ് പിള്ളയുടെ ചിത്രം ആദ്യമായാണ് ഒരു ചിത്രകാരന് വരയ്ക്കുന്നത്. ആറ്റിങ്ങല്‍ എംഎല്‍എ ഒ.എസ്. അംബിക, ബിജു രാമവര്‍മ്മ, പ്രദീപ് നമ്പ്യാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സ്വാതന്ത്ര്യത്തിന്റെ 75-ാമത് വാര്‍ഷികവുമായി ബന്ധപ്പെട്ടാണ് കേന്ദ്ര ലളിതകലാ അക്കാദമി ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചത്.
ആറ്റിങ്ങല്‍ കലാപത്തിന്റെ ചരിത്രവും കുടമണ്‍പിള്ള എന്ന ധീരനായകനെയും ജനശ്രദ്ധയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചിത്രം വരച്ചതെന്ന് സുജിത്ത് പറയുന്നു. ഇതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ചിത്രകാരന്മാര് വരച്ച ചിത്രത്തോടൊപ്പം കുടമണ് പിള്ളയുടെ ചിത്രവും അറിയപ്പെടാത്ത സ്വാതന്ത്ര്യസമരസേനാനികളുടെ പട്ടികയില്‍ ഇടം പിടിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: