കോട്ടയം: പത്തനാപുരത്ത് ഡിവൈഎഫ്ഐ നേതാവിന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫിലെ വനിതാ നേതാക്കളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചുവെങ്കില്‍ കുമളിയില്‍ മറ്റൊരു ഡിവൈഎഫ്ഐ നേതാവ് കുറച്ചുകൂടി അപ്ഡേറ്റഡായി.
സിപിഎം പ്രവര്‍ത്തകരുടെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നിര്‍മ്മിച്ച് മറ്റുള്ളവരുമായി അശ്ലീല ചാറ്റ് നടത്തുകയായിരുന്നു ആ മാന്യദേഹം.
സമീപ ദിവസങ്ങള്‍ ഉണ്ടായ രണ്ട് സംഭവങ്ങള്‍ മാത്രമാണിത്. ഇതിനു മുമ്പും കുട്ടിസഖാക്കള്‍ സമാനസ്വഭാവമുള്ള മനോവൈകൃതങ്ങള്‍ കാട്ടിക്കൂട്ടിയതിന് എത്രയോ ഉദാഹരണങ്ങള്‍! എന്നിട്ടും സ്ത്രീസമത്വവും സാഹോദര്യവും പ്രഘോഷിക്കാന്‍ ഒരു ഉളുപ്പുമില്ല. പാര്‍ട്ടി സമരങ്ങളില്‍ കുട്ടിസഖാക്കള്ക്കൊപ്പം തോളോട് തോള് ചേര്‍ന്ന് നില്ക്കാന് സഖാത്തികള്‍ക്ക് ഒരു മടിയുമില്ല.
ഇത്തരം മനോവികൃതങ്ങള്ക്കെതിരെയൊന്നും പാര്‍ട്ടിയിലെ ഒരു വനിതാ സഖാവും ഒരക്ഷരം മിണ്ടുകയുമില്ല . ഇത്തരം കാര്യങ്ങള്‍ ഉണ്ടായിടത്ത് തന്നെ ഒതുക്കി തീര്‍ക്കുകയോ, പരമാവധി പാര്‍ട്ടി കോടതി വരെ എത്തിക്കുകയോ, തീവ്രത കുറവായതുകൊണ്ട് പ്രതികളെ വെറുതെ വിടുകയോ ചെയ്യുന്നതിനപ്പുറമൊന്നും സംഭവിക്കാറുമില്ല. എല്ലാ അപമാനവും പാര്‍ട്ടിയുടെ പേരില്‍ അഭിമാനമായി കരുതി പാവം വനിതാ സഖാക്കള്‍ ഡിവൈഎഫ്ഐ പോലുള്ള സംഘടനകളില്‍ വിപ്ളവ തീപ്പന്തങ്ങളായി തുടരും.
പത്തനാപുരത്ത് മോര്‍ഫ് ചെയ്ത ചിത്രം ടെലഗ്രാമില്‍ പ്രചരിച്ചത് എസ്എഫ്ഐ നേതാവായ യുവതിയുടെ ബന്ധുക്കള്‍ അറിഞ്ഞതാണ് പ്രശ്നമായത്. ഇവര്‍ നേതൃത്വത്തെ അറിയിച്ചെങ്കിലും ഒതുക്കി തീര്‍ക്കാനാണ് ഉപദേശം ലഭിച്ചത്. എന്നാല്‍ ഇയാളുടെ മോര്‍ഫിംഗ് പരമ്പര കുറച്ചൊന്നുമായിരുന്നില്ല. മുന്നണിയില്‍ തന്നെയുള്ള മറ്റൊരു വനിതാനേതാവിന്റെയും ഒരു മുന്‍ വനിതാ പഞ്ചായത്ത് പ്രസിഡണ്ടിന്റെയും ചില എസ്എഫ്ഐ ഭാരവാഹികളുടെയുമെല്ലാം ചിത്രങ്ങള്‍ ഇദ്ദേഹം തയ്യാറാക്കി വച്ചിട്ടുണ്ടായിരുന്നു. ഇതെല്ലാം പയ്യെ പയ്യെ പുറത്തുവന്നതോടെ ഈ മഹാന് ഒളിവില്‍ പോവുകയും ചെയ്തു. ബാക്കിയുള്ളവരെല്ലാം ഇപ്പോള്‍ പാര്‍ട്ടിയുടെ ചിറകിനടിയില്‍ പതുങ്ങി . സംഭവം വിവാദമായതോടെ ഗതികെട്ട ഒരു വനിതാ നേതാവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ചോദിച്ചാല്‍ അന്വേഷണം പുരോഗമിക്കുന്നു എന്നു മാത്രമേ പോലീസിന് പറയാനറിയൂ.
കുമളിയിലാണെങ്കില് മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഡിവൈഎഫ്ഐ നേതാവിന്റെ അശ്ലീല വിക്രിയകള്‍ കേസായത്. വനിതാ നേതാവിന്റെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് സൃഷ്ടിക്കുകയും അതിലൂടെ അശ്ലീല കമന്റുകള്‍ ഇടുകയും ചെയ്തതിനാണ് ഇവിടുത്തെ ഡിവൈഎഫ്ഐ നേതാവിനെതിരെ നടപടി വന്നിരിക്കുന്നത്. നേതാവിന്റെ ഭര്‍ത്താവ് നല്കിയ പരാതിയില്‍ പോലീസിനോട് കേസെടുത്ത് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മിഷന് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഇത്രയൊക്കെ ചെയ്യുന്നത് സ്വന്തം സഖാത്തികളോട് ആണെന്ന് ഓര്‍ക്കണം. അങ്ങനെയാണെങ്കില്‍ മറ്റു സ്ത്രീകളോടുള്ള സമീപനം എന്താവും!.
പ്രതികരിക്കാൻ ഇവിടെ എഴുതുക: