ന്യൂദല്‍ഹി: പെട്രോളും ഡീസലും അടക്കമുള്ള പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടിയിലേക്ക് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമാണെന്ന് ആവര്‍ത്തിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. എന്നാല്‍ ഈ നീക്കത്തെ എതിര്‍ക്കുന്നത് ചില സംസ്ഥാന സര്‍ക്കാരുകളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ചില സംസ്ഥാനങ്ങളുടെ പ്രധാന വരുമാന മാര്‍ഗം പെട്രോളും ഡീസലും മദ്യവില്‍പ്പനയുമാണെന്ന് ഹര്‍ദ്ദീപ് സിങ് പുരി പറഞ്ഞു. കടബാധ്യത പെരുകുമ്പോള്‍ അവര്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും. പഞ്ചാബ് ഒരുദാഹരണമാണ്, കേന്ദ്രമന്ത്രി പറഞ്ഞു. ആഗോള തലത്തിലെ ഇന്ധന വില വര്‍ധന പ്രതിരോധിക്കുന്നതിന് നികുതി ഭാരം കുറച്ചുള്ള നടപടി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചു.
ഇനി സംസ്ഥാന സര്‍ക്കാരുകളാണ് വാറ്റ് കുറച്ച് ഇന്ധന വില കൂടുതല്‍ കുറയ്ക്കാന്‍ തീരുമാനിക്കേണ്ടത്. ഇന്ധന മേഖലയിലെ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുകളും ഉത്തരവാദിത്വം ഏറ്റെടുക്കണം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെയും ഇതര സംസ്ഥാനങ്ങളിലെയും ഇന്ധന വിലയില്‍ 15-20 രൂപയുടെ വ്യത്യാസമാണുള്ളതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
സഹകരണ ഫെഡറലിസത്തിന്റെ ഏറ്റവും മികച്ച മാതൃകയാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ബാധ്യതകള്‍ ഇരുകൂട്ടരും ഏറ്റെടുക്കണം. റഷ്യ-ഉക്രൈന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എണ്ണ ബാരലിന് 19.56 ഡോളറില്‍ നിന്ന് 30 ഡോളറായി ഉയര്‍ന്ന സാഹചര്യമുണ്ട്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ നികുതി കുറച്ച് ഇന്ധന വില കുറയ്ക്കാനാണ് ശ്രമിക്കുന്നത്. മോദിഭരണ കാലത്ത് ഇന്ധന വില വര്‍ധനയുടെ അനുപാതം കുറവാണ്. അടിസ്ഥാന ശമ്പള നിരക്കില്‍ ലഭിക്കുന്ന വര്‍ധനയും കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന സൗജന്യ പദ്ധതികളും എല്ലാം പരിഗണിക്കണമെന്നും കേന്ദ്ര പെട്രോളിയം മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: