മുംബൈ: ശിവസേനയെ പ്രതിരോധത്തിലാക്കി സ്വതന്ത്ര എംപി നവനീത് കൗറും ഭര്‍ത്താവും എംഎല്‍എയുമായ രവി റാണെയും. പള്ളിക്ക് മുന്നിലെ ലൗഡ് സ്പീക്കര്‍ നീക്കാത്ത ശിവസേനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിയ്ക്ക് മുന്പില് ഹനുമാന് ചാലിസ ചൊല്ലുമെന്ന് വെല്ലുവിളിച്ച നവനീത് കൗറിനെയും ഭര്‍ത്താവ് രവി റാണെയെയും മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു.
ഇതോടെ പള്ളികള്‍ക്ക് മുന്പില് ലൗഡ് സ്പീക്കര്‍ വഴി വാങ്ക് വിളിക്കുന്ന പ്രശ്നം ചൂടു പിടിക്കുകയാണ്. മെയ് 3ന് മുന്‍പ് പള്ളികളിലെ മൈക്കുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ ആ പള്ളികള്‍ക്ക് മുന്പില് മൈക്ക് ഉപയോഗിച്ച് ഹനുമാന് ചാലിസ ചൊല്ലുമെന്ന രാജ് താക്കറെയുടെ വെല്ലുവിളിയില്‍ ശിവസേന പ്രതിരോധത്തിലായിരിക്കുകയാണ്. എന്‍സിപിയും കോണ്‍ഗ്രസുമായി ചേര്‍ന്ന് മഹാരാഷ്ട ഭരിച്ചു തുടങ്ങിയതു മുതല്‍ ന്യൂനപക്ഷപ്രീണനം നടത്തുന്ന ശിവസേനയ്ക്ക് ഇപ്പോള്‍ ഹിന്ദുത്വ ഭാരമാവുകയാണ്.
ശനിയാഴ്ച ഉദ്ധവ് താക്കറെയുടെ വീടിന് മുന്പില് ഹനുമാന് ചാലിസ ചൊല്ലുമെന്നാണ് സ്വതന്ത്ര എംപിയായ നവനീത് കൗറും ഭര്‍ത്താവും എംഎല്‍എയുമായ രവി റാണെയും വെല്ലുവിളിച്ചത്. ഇതോടെ സമ്മര്‍ദ്ദത്തിലായ ശിവസേന രാവിലെ തന്നെ നവനീത് കൗറിന്റെ വീടിന് മുന്നില്‍ ശിവസേന പ്രവര്‍ത്തകരെ പറഞ്ഞയച്ചു. രാവിലെ മുതല്‍ നവനീത് കൗറിനെയും രവി റാണെയെയും വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ ശിവസേന പ്രവര്‍ത്തകര്‍ അനുവദിച്ചില്ല.
ഇതിനിടയില്‍ ചില ശിവസേന പ്രവര്‍ത്തകര്‍ ഇരുവര്‍ക്കുമെതിരെ പൊലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുംബൈ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇരുവരെയും ഞായറാഴ്ച ബാന്ദ്ര ഹോളിഡേ കോടതിയില്‍ ഹാജരാക്കും. സ്വതന്ത്ര എംപിയാണെങ്കിലും നവനീത് കൗര്‍ റാണ ഇപ്പോള്‍ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന്റെ സഹായം തേടിയിരിക്കുകയാണ്. മാത്രമല്ല, മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ശിവസേന നേതാക്കളായ അനില്‍ പരബ്, സഞ്ജയ് റൗത്ത്, തങ്ങളുടെ വീടിന് മുന്പില് ക്യാമ്പ് ചെയ്ത 700 ശിവസേന പ്രവര്‍ത്തകര്‍ എന്നിവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നവനീത് കൗര്‍ റാണയും മുംബൈ പൊലീസില്‍ കേസ് നല്‍കിയിരിക്കുകയാണ്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 എ (വിവിധ വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ സൃഷ്ടിക്കല്‍), മുംബൈ പൊലീസ് നിയമത്തിലെ 135 (പൊലീസിന്റെ നിരോധനാജ്ഞ ലംഘിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വാസ്തവത്തില്‍ ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീയ്ക്ക് മുന്പില് ഹനുമാന് ചാലിസ ചൊല്ലുമെന്ന് ഇവര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇരുവരും ഈ പദ്ധതി റദ്ദാക്കിയിരുന്നു. പ്രഥമ ലതാ മങ്കേഷ്കര്‍ അവാര്‍ഡ് സമ്മാനിക്കാന്‍ പ്രധാനമന്ത്രി മോദി ഞായറാഴ്ച മുംബൈയില്‍ എത്തുന്നതിനാല്‍ ക്രമസമാധാനപ്രശ്നങ്ങളുണ്ടാക്കേണ്ടെന്ന് കരുതി നവനീത് കൗറും ഭര്‍ത്താവ് രവി റാണെയും ഹനുമാന് ചാലിസ ശനിയാഴ്ച ചൊല്ലേണ്ടെന്ന തീരുമാനത്തില്‍ എത്തിയിരുന്നു. എന്നിട്ടും ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത് ശിവസേന ക്യാമ്പിലെ പരിഭ്രാന്തിയുടെ ഭാഗമായി വിലയിരുത്തപ്പെടുന്നു. ‘ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ഫോണ്‍ ചെയ്ത് പരിപാടി റദ്ദാക്കാന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ ഹനുമാന് ചാലിസ ചൊല്ലേണ്ടെന്ന് തീരുമാനിച്ചത്’- നവനീത് കൗര്‍ റാണെ പറഞ്ഞു.
മുന്‍പ് ബോളിവുഡ് നടിയായിരുന്ന നവനീത് കൗര്‍ റാണ മഹാരാഷ്ട്രയിലെ അമരാവതി ലോക്സഭാ മണ്ഡലത്തില്‍ നിന്നാണ് 2019ല്‍ ലോക്സഭയിലേക്ക് സ്വതന്ത്രയായി തെരഞ്ഞെടുക്കപ്പെട്ടത്. ശിവസേന സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും സഹായത്തോടെയാണ് നവനീത് കൗര്‍ റാണ തോല്പിച്ചത്.
‘റാണെ ദമ്പതിമാര്‍ എന്തോ ആക്രമണം നടത്താന്‍ പദ്ധതിയിട്ടതുപോലെയാണ് അവരുടെ വീടിനു മുന്‍പിലും മറ്റും അവരെ നിരീക്ഷിക്കാന്‍ ഉദ്ധവ് താക്കറെ ആള്‍ക്കൂട്ടത്തെ വിന്യസിച്ചത്. വേണമെങ്കില്‍ നവനീത് റാണയ്ക്കും ഭര്‍ത്താവിനും ഉദ്ധവ് താക്കറെയുടെ വീടിന് മുന്പില് പോയി ഹനുമാന് ചാലിസ ചൊല്ലാമായിരുന്നു. എങ്കില്‍ അവര്‍ ഒരു വാര്‍ത്തയും സൃഷ്ടിക്കാതെ മടങ്ങിപ്പോരേണ്ടി വന്നേനെ. ശിവസേന സര്‍ക്കാര്‍ അവരുടെ പരാജയങ്ങള്‍ മറയ്ക്കാന്‍ ശ്രമിക്കുകയാണ്. മാത്രമല്ല ഇവരെ അറസ്റ്റ് ചെയ്തത് ബാലിശമായ നടപടിയാണ്’- ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: